നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍എസ് വിമല്‍ രംഗത്ത്. ബിപി മൊയ്തീന്റെ സേവാമന്ദിര്‍ പണിയാനായി 30 ലക്ഷം രൂപ ദിലീപ് നല്‍കിയത് യഥാര്‍ത്ഥത്തില്‍ തന്നോടുള്ള പകവീട്ടാനായിരുന്നെന്ന് ആര്‍.എസ് വിമല്‍ പറയുന്നു.
കൂടാതെ അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുത്, കാഞ്ചനമാല ആ പണം തിരികെ കൊടുക്കണമെന്നും വിമല്‍ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു വിമലിന്റെ പ്രതികരണം
എന്ന് നിന്റെ മൊയ്തീന്‍ എന്ന് ചിത്രവുമായി ബന്ധപ്പെട്ട് ദിലീപ് തന്നോടും കാവ്യാ മാധവനോടും കള്ളം പറഞ്ഞു. ദിലീപിനെയും കാവ്യാമാധവനെയുമാണ് ആദ്യം എന്ന് നിന്റെ മൊയ്തീനിലെ നായികനായകന്മാരായി ആലോചിച്ചിരുന്നത്.
ഇതിന്റെ ഭാഗമായി ഞാന്‍ സംവിധാനം ചെയ്ത ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുമായി കാവ്യ മാധവനെ കാണാന്‍ പോയി.
കാഞ്ചനമാലയായി കാവ്യയെ അഭിനയിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. കൊച്ചിയിലെ കാവ്യയുടെ വീട്ടില്‍ ഞാനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാറും ചെന്നു. ഡോക്യുമെന്ററി കണ്ട് കാവ്യക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാഞ്ചനമാലയാകാന്‍ താത്പര്യവും പ്രകടിപ്പിച്ചു. അതോടൊപ്പം ഡോക്യുമെന്ററിയുടെ ഒരു കോപ്പി വേണമെന്നും ദിലീപിനെ കാണിക്കാനാണെന്നും പറഞ്ഞു.
അന്നു വൈകുന്നേരം തന്നെ ദിലീപ് എന്നെ തിരിച്ചുവിളിച്ചു. സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. 2010ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന്റെ പൂജ നടക്കുന്ന സ്ഥലത്ത് കാണാമെന്നും അറിയിച്ചു. അന്ന് ദിലീപിനെ പോയി കണ്ടു. പിന്നീടും ഒരുപാട് തവണ കണ്ടു. എന്നാല്‍ പിന്നീട് ദിലീപ് ഇതില്‍ നിന്ന് പിന്മാറി. പുതിയ സംവിധായകന്റെ പടം ചെയ്യുകയും അത് പൊട്ടിപ്പോകുകയും ചെയ്തതാണ് ദിലീപിനെ പിന്നോട്ടുവലിച്ചത്. അതുകൊണ്ടു തന്നെ ഒരു നവാഗതനോടൊപ്പം ഇനിയും പടം ചെയ്യാന്‍ താത്പര്യമില്ലെന്ന് ദിലീപ് അറിയിച്ചു.