‘ഏതൊരാണിനേയും പെണ്ണിനേയും പോലെ ഞങ്ങൾ ജീവിക്കും, അന്തസോടെ’; ട്രാൻസ് നവദമ്പതികളായ തൃപ്തിയും ഹൃതികും പറയുന്നു

‘ഏതൊരാണിനേയും പെണ്ണിനേയും പോലെ ഞങ്ങൾ ജീവിക്കും, അന്തസോടെ’; ട്രാൻസ് നവദമ്പതികളായ തൃപ്തിയും ഹൃതികും പറയുന്നു
രാവേറെയായിട്ടും അവളുടെ മിഴികള്‍ അടഞ്ഞിരുന്നില്ല. മൈലാഞ്ചി മൊഞ്ചുള്ള മണവാട്ടിയാക്കാന്‍ കൂട്ടുകാരികള്‍ അവള്‍ക്ക് ചുറ്റും ഉണ്ടായിരുന്നു. കൊച്ചി വെണ്ണലയിലെ ഫ്‌ളാറ്റില്‍ അങ്ങിനെ അവള്‍ മണവാട്ടിയായി.

ട്രാന്‍സ് ജെന്‍ഡര്‍ സംരഭക തൃപ്തിയെ വരണമാല്യം ചാര്‍ത്തിയത് തിരുവനന്തപുരം സ്വദേശി ഹൃദിക്. കൊച്ചിയിലുള്ള ഒരമ്പലത്തില്‍ വെച്ചായിരുന്നു താലികെട്ട്.ഭാവിജീവിതത്തെ കുറിച്ച് നിറമുള്ള സ്വപ്‌നങ്ങളാണ് ഇരുവര്‍ക്കും മനസു നിറയെ. രണ്ടു പേരും സ്വത്വം വെളിപ്പെടുത്തി ജീവിതം തുടങ്ങിയതിന് ശേഷമാണ് കണ്ടുമുട്ടുന്നത്. ആദ്യത്തെ പരിചയം സൗഹൃദമായും പിന്നീട് പ്രണയമായും വഴിമാറി.

കേരളത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക എന്ന് പേര് തൃപ്തി നേടിയെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടു. അതികഠിനമായ വഴികളിലൂടെ തൃപ്തി സഞ്ചരിച്ചെത്തുമ്പോള്‍ അതേ വേദനകള്‍ താണ്ടിയാണ് ഹൃദികും എത്തുന്നത്. വിഷമങ്ങളെ അതിജീവിച്ച് കര കയറിയ ഇരുവര്‍ക്കും തമ്മില്‍ ഇഷ്ടം അവരറിയാതെ തന്നെ ഉടലെടുത്തു. രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകള്‍ തമ്മിലുള്ള ആദ്യ വിവാഹം നടന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇഷാനും സൂര്യയും തമ്മില്‍.

തങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ പൊതു സമൂഹത്തിന് നിരവധി ചോദ്യങ്ങളാണുണ്ടാവുകയെന്ന് ഹൃദിക് പറയുന്നു. കുട്ടികളുണ്ടാകുമോ എന്നതാണ് ഞങ്ങള്‍ക്കുണ്ടാകുന്ന ആദ്യ ചോദ്യം. അത്തരം ചോദ്യങ്ങളെ നേരിട്ടു കൊണ്ട് ഞങ്ങളെ അച്ഛാന്നും അമ്മേന്നും വിളിക്കാന്‍ രണ്ട് കുട്ടികളെ ദത്തെടുക്കുമെന്ന് ഇരുവരും തുറന്നു പറയുന്നു. ഞങ്ങളും സാധാരണ മനുഷ്യരാണ്.

വിവാഹത്തിന് ശേഷം തൃപ്തിയുടെ ബിസിനസ് കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് ഹൃദിക് പറയുന്നു.കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത ആര്‍ട്ടിസാന്‍സ് കാര്‍ഡ് നേടിയ ആദ്യ ട്രാന്‍സ്ജെന്‍ഡറായി മാറിയ തൃപ്തി എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും പോലെ പിന്നിട്ട വഴികളില്‍ ഒരുപാട് കണ്ണീരൊഴുക്കിയിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി നാടുവിട്ട തൃപ്തിയുടെ കഥ കരളില്‍ തറക്കും.

ജീവിതത്തില്‍ സിനിമാ നടിയാകണമെന്നായിരുന്നു ആദ്യത്തെ ആഗ്രഹം എങ്കിലും ഇപ്പോള്‍ ജീവിതം തന്നെ സിനിമയാകാന്‍ പോവുകയാണ്. അനുശീലന്‍ എന്ന സംവിധായകന്‍ തൃപ്തിയുടെ ജീവിതം സ്‌ക്രീനിലേക്ക് പകര്‍ത്താന്‍ തീരുമാനിച്ചതും വാര്‍ത്തയായിരുന്നു.

സ്വന്തമായി കരകൗശല വസ്തുക്കളും ആഭരണങ്ങളും നിര്‍മ്മിച്ച് അത് എക്‌സിബിഷനിലൂടെ വിതരണം ചെയ്യുകയായിരുന്നു നേരത്തെ ചെയ്തിരുന്നത്.ഇപ്പോള്‍ തൃപ്തിയുടെ കരവിരുതിലുള്ള വസ്തുക്കള്‍ ആമസോണിലൂടെയും തൃപ്തി ഹാന്‍ഡിക്രാഫ്റ്റ് എന്ന ഓണ്‍ലൈന്‍ വിപണന സൈറ്റിലൂടെയും വില്‍പ്പന നടത്തുകയാണ്.സ്വന്തം വിഭാഗത്തിലുള്ളവരുടേയും മറ്റുള്ളവരുടേയും ഉല്‍പ്പന്നങ്ങളും തൃപ്തി ഹാന്‍ഡിക്രാഫ്റ്റിലുണ്ട്. ഇനിയങ്ങോട്ട് തൃപ്തിയുടെ കൈകള്‍ക്ക് കരുത്തായി ഹൃദികും ഉണ്ടാകും. ബിസിഎ കഴിഞ്ഞ ഹൃദിക് കണ്ടന്റ് റൈറ്ററാണ്.

Leave a Reply

Your email address will not be published. Required fields are marked *