“തൊടരുതെന്നെ…. നിന്നെ കാണുന്നതേ അറപ്പാണെനിയ്ക്ക്. നിൻ്റെ കഴുത്തില്

(രചന: കൃഷ്ണ മദ്രസുംപടി.)

നിയോഗം

“തൊടരുതെന്നെ…. നിന്നെ കാണുന്നതേ അറപ്പാണെനിയ്ക്ക്. നിൻ്റെ കഴുത്തില് താലികെട്ടിയ അന്നു തുടങ്ങിയതാ എൻ്റെ കഷ്ടകാലം. ഇപ്പൊ ദാ ഒരു കാലും പോയിക്കിട്ടി. എൻ്റെ ജീവിതത്തിലെ സമാധാനവും സന്തോഷവും നശിപ്പിക്കാൻ വന്നവളാണ് നീ.. ഇനിയെങ്കിലും നിനക്കൊന്ന് പോയിത്തന്നൂടെ. അതോ എൻ്റെ ചിതയുംകൂടി കത്തുന്നത് കണ്ടിട്ടേ നീ പോവുകയൊള്ളൂന്ന് ണ്ടോ?”

“ഏട്ടാ ഞാൻ……. ഞാനെന്ത് തെറ്റു ചെയ്തിട്ടാ എന്നോടിങ്ങനെയൊക്കെ പറയുന്നത്.”

” നിൻ്റെ കള്ളക്കണ്ണീരൊന്നും എനിക്ക് കാണണ്ട. നിന്നെ കൊണ്ടുപോകാൻ നിൻ്റെ അച്ഛനെ വിളിച്ചു ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ തിരിച്ചു വരുമ്പോൾ നിന്നെയിവിടെ കാണരുത് മനസിലായല്ലോ..”

കക്ഷത്തിലുറപ്പിച്ച ക്രച്ചസിലൂന്നി ആയാസപ്പെട്ടു ഏട്ടൻ മുറിയ്ക്ക് പുറത്തിറങ്ങി പോകുന്നത് നോക്കിനിൽക്കുമ്പോൾ എൻ്റെ ഉള്ളിലൊരു പേമാരി ആർത്തിരമ്പിത്തുടങ്ങിയിരുന്നു.

ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത് അച്ഛന് ദുബായിലൊരു കമ്പനിയിലായിരുന്നു ജോലി. അതേ കമ്പനിയിലെ ജോലിക്കാരനായിരുന്നു സുദേവേട്ടൻ. ഏട്ടൻ നാട്ടിലേക്ക് വരുമ്പോൾ അച്ഛൻ സാധനങ്ങളൊക്കെ കൊടുത്തയക്കാറുണ്ട്. അങ്ങനെയാണ് ഏട്ടനെ ഞാൻ കാണുന്നതും പരിചയപ്പെടുന്നതും. അച്ഛന് വലിയ കാര്യമായിരുന്നു എട്ടനെ. ഏട്ടനെപ്പറ്റി പറയുമ്പോൾ നൂറു നാവാണ് അച്ഛന്.

ഒരു പ്രാവശ്യം അച്ഛൻ നാട്ടിൽ വന്നപ്പോൾ എന്നോട് ചോദിച്ചു. “മണിക്കുട്ടീ സുദേവൻ എന്നോട് ഒരു കാര്യം ചോദിച്ചു..നിന്നെ അവന് കെട്ടിച്ചു കൊടുക്കാമോന്ന്.ഞാൻ പറഞ്ഞു നിന്നോട് ചോദിച്ചിട്ട് പറയാമെന്ന്. എന്താ നിൻ്റെ അഭിപ്രായം?”

“അച്ഛൻ്റെ ഇഷ്ടം.”

“കുറച്ച് ദൂരക്കൂടുതലുണ്ടെന്നേയൊള്ളൂ. അവൻ നല്ല പയ്യനാ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബവുമാണ്. നമുക്കിത് നടത്താം അല്ലേ മോളേ..”

“അച്ഛൻ തീരുമാനിച്ചോളൂ എനിക്ക് വിരോധമൊന്നും ഇല്ല്യാ.”

അങ്ങനെ ഏട്ടൻ നാട്ടിൽ വന്നപ്പോൾ പെണ്ണുകാണൽ ചടങ്ങുനടത്തി. അച്ഛനും കൂടി ലീവ് കിട്ടുന്ന അടുത്ത വരവില് കല്ല്യാണം നടത്താമെന്ന് വാക്കുറപ്പിച്ചാണ് ഏട്ടൻ പോയത്.ഇടയ്ക്കൊക്കെ ഞങ്ങൾ കത്തുകളെഴുതുമായിരുന്നു.

ഒരു ദിവസം അച്ഛനിലൂടെ ഞാനറിഞ്ഞു ഏട്ടൻ്റെ അനിയൻ്റെ കല്ല്യാണം കഴിഞ്ഞുവെന്ന്. അവനൊരു പ്രണയമുണ്ടായിരുന്നെത്രേ ആ കുട്ടീടെ വീട്ടുകാര് അവൾക്ക് വേറെ കല്ല്യാണം ഉറപ്പിക്കുമെന്ന് കണ്ടപ്പോൾ അവൻ അവളെ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞിട്ടാണ് ഏട്ടനെപ്പോലും വിവരമറിയിച്ചതെന്ന് അച്ഛൻ പറഞ്ഞു.

പിന്നീട് ഏട്ടനും അച്ഛനും കൂടി ഒരുമിച്ചാണ് നാട്ടിലേയ്ക്ക് വന്നത്. അനിയൻ്റെ വിവാഹം ആദ്യം കഴിഞ്ഞത് ഒരു പ്രശ്നമായി തോന്നുന്നുണ്ടെങ്കിൽ ഈ വിവാഹം നമുക്ക് വേണ്ടാന്ന് വെക്കാം അതിലെനിക്ക് വിരോധമൊന്നും തോന്നില്ലാട്ടോ. എന്നേട്ടൻ പറഞ്ഞപ്പോൾ ഞങ്ങൾക്കാർക്കും അതൊരു പ്രശ്നമല്ല എന്നച്ഛൻ മറുപടിയും പറഞ്ഞു.

അങ്ങനെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ഞങ്ങളുടെ വിവാഹം നടന്നു. ഏട്ടനെന്നെ ഒരുപാടിഷ്ടായിരുന്നു. എന്നെ പേരുപോലും വിളിക്കാതെ എടോ ഇയാൾ എന്നൊക്കെയാ വിളിച്ചിരുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ട് ഗൾഫിലെ ജോലിയുപേക്ഷിച്ച് നാട്ടിലൊരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്ന നേരത്താണ് വിധി ബൈക്ക് ആക്സിഡൻ്റിൻ്റെ രൂപത്തിൽ ഞങ്ങളുടെ മോഹങ്ങളെ കവർന്നെടുക്കുന്നത്. ആ അപകടത്തിൽ ഏട്ടൻ്റെ ഒരു കാൽ നഷ്ടപ്പെട്ടു. അതിനു ശേഷം ഏട്ടന് എന്നോട് ഭയങ്കര ദേഷ്യായിരുന്നു. എപ്പോഴും കുറ്റപ്പെടുത്തലും ശാപവാക്കുകളും.

വന്നു കയറിയ അന്നു മുതൽ ഏട്ടൻ്റെ അമ്മയും നാത്തൂനും ഞാനെന്തോ തെറ്റുചെയ്തത് പോലെ മുഖം കറുപ്പിച്ചാണ് എന്നോട് പെരുമാറിയിരുന്നത് അതൊന്നും കണ്ടില്ലെന്ന് നടിക്കാൻ അന്നേട്ടൻ്റെ സ്നേഹവും കരുതലും ആവോളമുണ്ടായിരുന്നു. ഏട്ടന് അപകടം പറ്റിയതിന് ശേഷം ഏട്ടൻ്റെ വീട്ടുകാരുടെ അവഗണനയും വെറുപ്പും സഹിക്കാവുന്നതിനും അപ്പുറമായി.

തൊട്ടതിനും പിടിച്ചതിനുമൊക്കെ ഏട്ടനും കൂടി അവരോടൊപ്പം ചേർന്ന് എന്നെ കുറ്റപ്പെടുത്താനും ശപിക്കാനും തുടങ്ങിയപ്പോൾ ഞാൻ തീർത്തും ഒറ്റപ്പെടുകയായിരുന്നു. ഒന്നു കരയാൻ പോലും സ്വാതന്ത്ര്യമില്ലാതെ ആ വീട്ടിൽ ഇനിയും കടിച്ചുതൂങ്ങി നിൽക്കുന്നതിൽ ഒരർത്ഥവുമില്ലെന്ന് തിരിച്ചറിഞ്ഞ് അച്ഛൻ്റെ കൂടെ തലയും താഴ്ത്തി ആറുമാസത്തെ ദാമ്പത്യജീവിതത്തിന് എന്നെന്നേക്കുമായി തിരശ്ശീലയിട്ട് പടിയിറങ്ങിപ്പോരുമ്പോൾ ഒന്നു തിരിഞ്ഞു നോക്കാൻപോലും എനിക്ക് കരുത്തില്ലായിരുന്നു.

ഏട്ടനുമായുള്ള വിവാഹമോചനത്തിനു ശേഷം അധികം വൈകാതെ ദാസേട്ടനുമായുള്ള എൻ്റെ വിവാഹവും നടന്നു. പ്രാണനെപ്പോലെ സ്നേഹിച്ചിട്ടും എന്നേയോ എൻ്റെ സ്നേഹത്തിനേയോ മനസ്സിലാക്കാൻ കഴിയാത്ത ഏട്ടനോടുള്ള വെറുപ്പിൽ മറ്റൊരു വിവാഹത്തിന് സമ്മതം മൂളുമ്പോഴും ഏട്ടൻ്റെ സ്ഥാനത്ത് മറ്റൊരു പുരുഷനെ സ്വീകരിക്കാനും സ്നേഹിക്കാനും എൻ്റെ മനസ്സ് പാകപ്പെട്ടിട്ടില്ലായിരുന്നു.

ആദ്യരാത്രിയിൽ ദാസേട്ടനോട് ഞാനെൻ്റെ മനസ്സ് തുറന്നു. എൻ്റെ സങ്കടങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കി അദ്ദേഹത്തെ ഭർത്താവായി ഉൾക്കൊള്ളാൻ എൻ്റെ മനസ്സിനു കുറച്ച് സമയം തരണമെന്നപേക്ഷിച്ചു. അതിനുള്ള അദ്ദേഹത്തിൻ്റെ മറുപടി എനിക്കൊരുപാട് ആശ്വാസം പകരുന്നതായിരുന്നു.

“എടോ തൻ്റെ ജീവിതത്തിലുണ്ടായ എല്ലാ പ്രശ്നങ്ങളും എനിക്കറിയാം. എല്ലാം അറിഞ്ഞു കൊണ്ടാണല്ലോ ഞാൻ തൻ്റെ കഴുത്തിൽ താലി കെട്ടിയത്. തൻ്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് മനസിലാക്കാൻ പറ്റും താൻ വിഷമിക്കണ്ട തൻ്റെ മനസ്സിന് എന്നാണോ എന്നെ ഭർത്താവായി കാണാൻ കഴിയുന്നത് അന്നേ നമ്മൾ ഭാര്യാഭർത്താക്കൻമാരായി ജീവിതം തുടങ്ങൂ അതുവരെ ഞാൻ തൻ്റെ ആത്മാർത്ഥ സുഹൃത്തായിരിക്കും.”

ആ വാക്കുകളെനിയ്ക്ക് പ്രാണവായുവായിരുന്നു. നിലയില്ലാക്കയത്തിലേയ്ക്ക് വീണുപോയവളുടെ കൈകളിൽ പിടിച്ചുയർത്തിയ രക്ഷകനെപ്പോല ദാസേട്ടൻ്റെ സ്നേഹവും കരുതലും എന്നെ പുതിയൊരു ജീവിതത്തിലേയ്ക്ക് നയിച്ചു. മനസ്സിനെ കുത്തിമുറിവേൽപ്പിച്ച പഴയോർമ്മകൾ മായുകയും അവിടെ വർണച്ചിറകുള്ള സ്വപ്നങ്ങൾ നിറയുകയും ചെയ്തു.

“നിനക്ക് മൂന്നു വയസ്സായതിനുശേഷമാണ് ദാസേട്ടൻ വിദേശത്ത് ബിസിനസ്സ് തുടങ്ങിയത്. ബിസിനസിൻ്റെ വളർച്ചയ്ക്കായി നമ്മളങ്ങോട്ട് താമസം മാറുകയും ചെയ്തു. പിന്നീട് നാട്ടിലേയ്ക്ക് വന്നത് നാലഞ്ച് വർഷം കഴിഞ്ഞതിനു ശേഷമാണ് അതും അച്ഛന് സുഖമില്ലെന്നറിഞ്ഞത് കൊണ്ടുമാത്രം.”

നാട്ടിലെത്തി അച്ഛനെ കാണാൻ ചെല്ലുമ്പോൾ അച്ഛൻ തീർത്തും അവശനായിരുന്നു. അച്ഛൻ കിടക്കുന്ന കട്ടിലിനരികിൽ ഞാനിരുന്നു. അച്ഛനെൻ്റെ കൈമുറുകെ പിടിച്ചുകൊണ്ടു ചോദിച്ചു. “നീ സുദേവനെ കണ്ടിരുന്നോ?”

“എന്തിന് ഞാനയാളെ കാണണം എൻ്റെ സ്നേഹം മനസ്സിലാക്കാൻ പറ്റാത്ത അയാളെ ഓർക്കുന്നത് പോലും എനിക്കിഷ്ടമല്ല. അച്ഛന് വേറെന്തെങ്കിലും എന്നോട് പറയാനുണ്ടോ.?”

ഞാൻ മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞ ആ പേരെന്നെ ഓർമപ്പെടുത്തിയ അച്ഛനോടെനിയ്ക്ക് ആദ്യമായ് ദേഷ്യം തോന്നി. കട്ടിലിൽ നിന്നും എണീക്കാനാഞ്ഞ എൻ്റെ കൈയിൽ മുറുകെ പിടിച്ച് അച്ഛനവിടത്തന്നെ ഇരിക്കാനാവശ്യപ്പെട്ടു.

“മോളേ നീ കരുതുന്നത് പോലെ സുദേവന് നിന്നോട് ഒരു ദേഷ്യവും ഇല്ലായിരുന്നു. പകരം അവനേക്കാളേറെ അവൻ നിന്നെയാണ് സ്നേഹിച്ചിരുന്നത്..”

“അത്രയ്ക്ക് സ്നേഹമുണ്ടായിരുന്നെങ്കിൽ പിന്നെന്തിനാ ഏട്ടൻ എന്നോടങ്ങനെ പെരുമാറിയത്. ആ വീട്ടിൽ നിന്നെന്നെ ആട്ടിയിറക്കിയത്.?”

“നിനക്ക് നല്ലൊരു ജീവിതമുണ്ടാവാൻ നീ സന്തോഷായിട്ടിരിക്കുന്നത് കാണാൻ മനസ്സിലെ സ്നേഹം അടക്കിപ്പിടിച്ച് പുറമേ ദേഷ്യവും വെറുപ്പും അഭിനയിക്കുകയായിരുന്നു പാവം. അവൻ നിന്നെ സ്നേഹിച്ചത് പോലെ മറ്റാർക്കും നിന്നെ സ്നേഹിക്കാനാവില്ല. ഈ എനിക്ക് പോലും. നിനക്ക് അവനേയാണ് മോളേ മനസിലാക്കാൻ കഴിയാതെ പോയത്.”

അവിശ്വസനീയതയോടെ ഞാനച്ഛൻ്റെ മുഖത്തേയ്ക്ക് തുറിച്ചു നോക്കി.പറയാനുള്ളതെല്ലാം അടുക്കിവെയ്ക്കാനെന്ന പോലെ അച്ഛൻ കണ്ണുകളടച്ച് അൽപസമയം മൗനമായി കിടന്നു.

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജായി രണ്ട് മാസം കഴിഞ്ഞതിനു ശേഷം അവനെന്നെ കാണാൻ വന്നു.

ഗംഗേട്ടാ…. മണിക്കുട്ടിയെ ഞാൻ കല്യാണം കഴിക്കുന്നത് വീട്ടിലാർക്കും അത്ര ഇഷ്ടമില്ലായിരുന്നു. എൻ്റെ നിർബന്ധം കൊണ്ടവർ സമ്മതിച്ചു എന്നേയൊള്ളൂ.. കല്യാണം കഴിഞ്ഞ അന്നുമുതൽ അവർ മണിക്കുട്ടിയോട് കാണിക്കുന്ന അവഗണനയും വെറുപ്പും ഞാൻ കാണാഞ്ഞിട്ടല്ല. എല്ലാം ശരിയാവുമെന്ന് കരുതി ക്ഷമിക്കുകയായിരുന്നു.

എനിക്ക് ഗൾഫിലെ ജീവിതം ശരിക്കും മടുത്തത് കൊണ്ടാണ് ഞാനിനി തിരിച്ചു പോകുന്നില്ലെന്ന് തീരുമാനിച്ചത്. പിന്നെ മണിക്കുട്ടിയെ തനിച്ചാക്കി പോകാനും വയ്യായിരുന്നു. അങ്ങനെയാ നാട്ടിലൊരു ബിസിനസ് തുടങ്ങാമെന്ന് തീരുമാനിച്ചത്.

അമ്മയത് അറിഞ്ഞപ്പോൾ വലിയ ഒച്ചപ്പാടുണ്ടാക്കി. നിനക്ക് ബിസിനസ് തുടങ്ങാനൊന്നും ഇവിടെ പൈസയില്ലാന്ന് അമ്മ പറഞ്ഞപ്പോൾ ഞാനന്തംവിട്ടുപോയി. ഞാൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ കാശു മുഴുവൻ അമ്മയുടെ അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്.

അവരുടെ കൈയിൽ പൈസയില്ലെന്ന് പറഞ്ഞപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി അനിയനും ചേച്ചിയുമൊക്കെ അവരുടെ ജീവിതം കരയ്ക്കടുപ്പിച്ചത് എൻ്റെ വിയർപ്പ് കൊണ്ടായിരുന്നെന്ന്. അവരെന്നെ കണ്ടിരുന്നത് മകനോ കൂടെപ്പിറപ്പോ ആയിട്ടായിരുന്നില്ല ഒരു നോട്ടടിക്കുന്ന മെഷീനെ പോലെയായിരുന്നു. എൻ്റെ വിവാഹത്തെ അവരെതിർത്തത് എനിക്കൊരു കുടുംബമുണ്ടായാൽ അവരുടെ ഇഷ്ടത്തിന് കാര്യങ്ങൾ നടക്കില്ലെന്ന് വിചാരിച്ചു കൊണ്ടാവുമെന്ന് എനിക്ക് മനസിലായി.

അവരെല്ലാരും കൂടിയാലോചിച്ചിട്ടാവണം കുറച്ച് കാശ് എൻ്റെ കൈയിൽ തന്നിട്ട് പറഞ്ഞു. ഇനി ഇവിടെ നിന്നൊന്നും പ്രതീക്ഷിക്കണ്ട. ഭാഗം വെക്കാൻ അച്ഛന് പാരമ്പര്യമായിട്ട് സ്വത്തൊന്നും ഇല്ല. വീടും സ്ഥലവും പുതുക്കി പണിതത് അനിയനാണ് അത്കൊണ്ട് അതവനുള്ളതാണെന്ന്. ഞങ്ങളവിടെ നിന്നും ഇറങ്ങിക്കൊടുക്കണമെന്നാണ് അവര് പറയാതെ പറയുന്നതെന്ന് എനിക്ക് മനസ്സിലായി.

ഓർമ്മവച്ചതിനു ശേഷം ഞാനാദ്യമായി അന്ന് കരഞ്ഞു. ഞാനാർക്കൊക്കെ വേണ്ടി ജീവിച്ചോ ആരെയൊക്കെ സ്നേഹിച്ചോ അവർ തന്നെ എന്നെ ചതിച്ചു. എനിയ്ക്ക് വിശ്വസിക്കാനായില്ല സഹിക്കാനായില്ല.. പെറ്റമ്മ ഒരു മകനോടങ്ങനെ ചെയ്യുമെന്നും പറയുമെന്നും ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അന്ന് ഞാനാദ്യമായി മദ്യത്തിൻ്റെ രുചിയറിഞ്ഞു.

എൻ്റെ തെറ്റെന്നെ ഒറ്റക്കാലനാക്കി. എന്നിട്ടും ഞാൻ തോറ്റുപോകില്ലായിരുന്നു. മണിക്കുട്ടിയോടൊപ്പം അവളുടെ സ്നേഹത്തണലിൽ എങ്ങനെയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷെ എൻ്റെ ചോരയിൽ എനിക്കായൊരു കുഞ്ഞു പിറക്കില്ലെന്നറിഞ്ഞപ്പോൾ എൻ്റെ മണിക്കുട്ടിയ്ക്ക് താലോലിക്കാൻ ഒരു കുഞ്ഞിനെ നൽകാനെനിയ്ക്കാവില്ലെന്നറിഞ്ഞപ്പോൾ ആ ആക്സിഡൻ്റിൽ ഞാനെന്ന പുരുഷൻ മരിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നു പോയി…

ഒറ്റക്കാലൻ്റെ ഭാര്യയ്ക്ക് അവൻ്റെ വീട്ടുകാർ വേലക്കാരിയുടെ സ്ഥാനം പോലും കൊടുക്കാതെ ചവിട്ടിത്തേയ്ക്കുന്നത് കാണുമ്പോൾ പ്രതികരിക്കാനാവാതെ ചങ്ക് പൊട്ടിത്തകരുന്ന വേദനയോടെ മുഖം തിരിച്ച് കിടക്കാനേ എനിക്ക് കഴിഞ്ഞൊള്ളൂ..

എൻ്റെ മണിക്കുട്ടിയ്ക്ക് സ്നേഹിക്കാനേ അറിയൂ എനിയ്ക്ക് വേണ്ടി അവളെന്ത് കഷ്ടപ്പാടും സഹിക്കും എനിക്കറിയാം അവളെന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്. എന്നെപ്പോലെ ഒരു ഭാഗ്യംകെട്ടവൻ്റെ കൂടെ ജീവിച്ച് ജീവിതം നശിപ്പിക്കേണ്ടവളല്ല മണിക്കുട്ടി. അവൾക്ക് മറ്റൊരു ജീവിതം ഉണ്ടാവണം അവള് സന്തോഷായി ജീവിക്കണം. ഗംഗേട്ടൻ വരണം അവളെ കൂട്ടിക്കൊണ്ട് പോരണം നല്ലൊരു കുടുംബത്തിലേയ്ക്ക് കൈപിടിച്ചയക്കണം എൻ്റെ യാചനയാണ് എനിയ്ക്ക് വേണ്ടി ഇതും കൂടി ഗംഗേട്ടൻ ചെയ്യണം. ചെയ്യില്ലേ.?

“ആ മുഖത്ത് നോക്കി തലയാട്ടാനേ എനിയ്ക്ക് കഴിഞ്ഞൊള്ളൂ. ഇതൊന്നും മോളറിയരുതെന്ന് അവൻ സത്യം ചെയ്യിച്ചിരുന്നു. മോളവനെ വെറുക്കരുത് ശപിക്കരുത്.”

“അച്ഛൻ പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. എൻ്റെ കാതുകൾ കൊട്ടിയടച്ചിരുന്നു. ഏട്ടൻ്റെ സ്നേഹത്തിനു മുൻപിൽ ഞാൻ കടുകുമണിയോളം ചെറുതായിപ്പോകുന്നത് ഞാനറിഞ്ഞു. ആ മനുഷ്യൻ്റെ മനസ്സറിയാൻ കഴിയാതെ പോയ എൻ്റെ തെറ്റിൽ ഞാനുരുകി.”

”ഏട്ടനെ ഒന്നു കാണാനും ആ കാലിൽവീണ് മാപ്പുപറഞ്ഞൊന്നു പൊട്ടിക്കരയാനും ആഗ്രഹിച്ചെങ്കിലും ഞാനിറങ്ങിയ അന്ന് തന്നെ ആ വീട്ടിൽ നിന്നും ഏട്ടനും എങ്ങോട്ടോ ഇറങ്ങിപ്പോയിരുന്നെന്നും അച്ഛൻ പറഞ്ഞറിഞ്ഞു. ഒരുപാടന്വേഷിച്ചെങ്കിലും ഏട്ടനെ ഞങ്ങൾക്ക് കണ്ടെത്താനായില്ല.. ”

“ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ ഉള്ളിൽ കരഞ്ഞുതീർത്ത കുറേ വർഷങ്ങൾ ഒന്നും എൻ്റെ തെറ്റല്ലെന്ന് മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തി നിൻ്റെ കളിയിലും ചിരിയിലും വളർച്ചയിലും ആനന്ദം കണ്ടെത്തി പിന്നെയും എല്ലാം മറന്ന് ജീവിക്കാൻ തുടങ്ങി. പ്രതീക്ഷിക്കാത്ത നേരത്ത് ആ മനുഷ്യനെ അതും ഇങ്ങനെയൊരവസ്ഥയിൽ കാണേണ്ടി വരുമെന്ന് ഞാൻ വിചാരിച്ചില്ല…”

നിറഞ്ഞൊഴുകുന്ന കണ്ണുകൾ പൊത്തി മുഖംകുനിച്ചിരുന്ന് ഏങ്ങലടിച്ചു കരയുന്ന അമ്മയെ ഞാൻ വേദനയോടെ നോക്കി.

“അപ്പോൾ ആ തെരുവിൽ കണ്ട ഭിക്ഷക്കാരൻ അതാണോ അമ്മയുടെ ആദ്യത്തെ……” എനിക്ക് മുഴുമിക്കാനായില്ല. അമ്മയുടെ മൗനം എനിക്കുള്ള ഉത്തരമായിരുന്നു.

എൻ്റെ പിറന്നാൾ ദിവസം രാവിലെ അമ്പലത്തിൽപോയി മടങ്ങിവരുമ്പോൾ റോഡ് സൈഡിലൂടെ കീറിപ്പറിഞ്ഞ മുണ്ടുംഷർട്ടും ധരിച്ച് പഴകിദ്രവിച്ചു തുടങ്ങിയ ക്രച്ചസിൽതൂങ്ങി ചാടിച്ചാടി പോകുന്ന ഭിക്ഷക്കാരനെ കണ്ട് വണ്ടിയിലിരുന്ന് പൊട്ടിക്കരഞ്ഞ അമ്മയോട് എന്തിനാ അമ്മ കരഞ്ഞത് എന്ന എൻ്റെ ചോദ്യത്തിന് അമ്മയ്ക്ക് പറയാനുണ്ടായിരുന്ന ആ പഴയോർമ്മകൾക്ക് ഇത്ര വേദനയുണ്ടാകുമെന്ന് ആ ഹൃദയത്തിനിത്ര നീറ്റലുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു.

അമ്മയുടെ നിസ്സഹായതയും നെഞ്ചിലേറ്റി മുറിക്കു പുറത്തേക്കിറങ്ങുമ്പോൾ ഹാളിലെ കസേരയിൽ മുഖം കുനിച്ചിരിക്കുന്ന അച്ഛൻ്റെ രൂപവും അമ്മയുടെ കണ്ണുകളിൽ നിന്നും ഇടമുറിയാതെയൊഴുകുന്ന കണ്ണുനീരുമായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്. എന്ത് ചെയ്യണമെന്നറിയാതെ അലക്ഷ്യമായ് കുറേദൂരം കാറോടിച്ചു.തിരിച്ചുപോരുമ്പോൾ അമ്മയുടെ നെഞ്ചിൽ വർഷങ്ങളായ് നീറിക്കൊണ്ടിരിക്കുന്ന ആ വേദനയേയും കൂടെക്കൂട്ടിയിരുന്നു.

വീട്ടിലെത്തുമ്പോൾ സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. ഞാനിറങ്ങുമ്പോഴുണ്ടായിരുന്ന കണ്ണുനീരിലലിഞ്ഞ നിശ്ശബ്ദത തന്നെയായിരുന്നു വീട്ടിലപ്പോഴും തളംകെട്ടി നിന്നിരുന്നത്. കാറിൽ നിന്നിറങ്ങിയ ആ മനുഷ്യനേയും കൊണ്ട് അകത്തേയ്ക്ക് കയറുമ്പോൾ ഉണങ്ങിവരണ്ട് നിർജ്ജീവമായ ആ കണ്ണുകളിൽ നിന്നുയരുന്ന ചോദ്യചിഹ്നങ്ങളെ വകവെയ്ക്കാതെ ഞാനമ്മയുടെ മുറിയിലേയ്ക്ക് നടന്നു.

കട്ടിലിൽ ഒരു പ്രതിമകണക്കെ ഇരിക്കുകയായിരുന്ന അമ്മയെന്നെ കണ്ട് സാരിത്തലപ്പുകൊണ്ട് മുഖം അമർത്തിത്തുടച്ച് എന്തോ ചോദിക്കാനാഞ്ഞു പെട്ടെന്ന് എൻ്റെ പിറകിൽ നിൽക്കുന്ന ആ മനുഷ്യനെ കണ്ടതും ഞെട്ടിയെഴുന്നേറ്റു. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ കൂടിക്കാഴ്ച്ചയിൽ കുഴഞ്ഞു വീഴാൻപോയ അമ്മയെ ഞാൻ കട്ടിലിൽ പിടിച്ചിരുത്തി. ആ മനുഷ്യൻ്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. അവിശ്വനീയതയോടെ അദ്ദേഹം അമ്മയുടെ മുഖത്തേയ്ക്കും എൻ്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി. പതിയെ ആ കണ്ണുകൾ നിറഞ്ഞു വരുന്നതും ചുണ്ടുകൾ വിറയ്ക്കുന്നതും ഞാൻ കണ്ടു.

അവരെ അവരുടേതായ ലോകത്തിലേയ്ക്ക് തനിച്ച് വിട്ട് പുറത്തിറങ്ങുമ്പോൾ അച്ഛൻ കാത്തു നിന്നിരുന്നു. അച്ഛന് എന്നോടെന്തോ പറയാനുള്ളത് പോലെ .. മൗനത്തിനിത്ര കനമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷം.. എന്തൊക്കെയോ പറയാനുണ്ടായിട്ടും വാക്കുകൾ കിട്ടാതെ അച്ഛനും ഞാനും വിഷമിച്ചു.അവസാനം അച്ഛൻ തന്നെ മൗനം വെടിഞ്ഞു.

“അയാൾ നിൻ്റെ അമ്മയെ സ്നേഹിച്ചത് പോലെ ഒരു പുരുഷനും ഒരു സ്ത്രീയേയും സ്നേഹിച്ചിട്ടുണ്ടാകില്ല.. എന്നിട്ടും വിധി എത്ര ക്രൂരമായാണ് അവരോട് പെരുമാറിയത്. പാവം അവളൊഴുക്കിയ കണ്ണീരിന് ഈശ്വരൻ അവൾക്ക് നൽകിയ പുണ്യമാണ് നീ.”

നെറ്റിയിലൊരു ഉമ്മ തന്ന് അച്ചനെന്നെ ചേർത്തുപിടിച്ച് ഏറേനേരം നിന്നു. അച്ഛൻ്റെ കരവലയത്തിൽ നിന്നും മോചിതനായി ഉമ്മറത്ത് നിൽക്കുമ്പോൾ സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്നറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

കുറച്ച് സമയത്തിന് ശേഷം തിരിച്ചു പോകുകയാണെന്ന് പറഞ്ഞ് ആ മനുഷ്യൻ എൻ്റെ മുൻപിൽ വന്നു. എൻ്റെ തലയിൽ കൈവച്ച് പതിയെ കവിളിൽ തലോടി തിരിഞ്ഞു നടക്കാൻ തുടങ്ങി.ആ മനുഷ്യനെ വീണ്ടും ഒരനാഥനെപ്പോലെ തെരുവിലേയ്ക്കയക്കാൻ എൻ്റെ മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല.

“അച്ഛാ….” ഞാൻ പോലുമറിയാതെ ഉള്ളിൻ്റെയുള്ളിൽ നിന്നും വന്നൊരു വിളിയായിരുന്നു അത്. ആ വിളി കേട്ടതും ഒരാന്തലോടെ അദ്ദേഹം തിരിഞ്ഞുനിന്നു. പിന്നെൻ്റെ നെഞ്ചിൽ വന്നുവീണു.
ഉണങ്ങിശുഷ്ക്കിച്ച ശരീരം ചേർത്ത്പിടിച്ച് ഞാൻ അപേക്ഷിച്ചു.

”ഇനിയുള്ള കാലം ഇവിടെ കഴിഞ്ഞൂടേ. ഞങ്ങളെ വിട്ടുപോകാതിരുന്നൂടേ.. ”

എൻ്റെ അപേക്ഷയും അമ്മയുടെ കണ്ണുകളിലെ യാചനയും കണ്ടാവാം ഈ ഒരുരാത്രി എനിക്കെൻ്റെ മകൻ്റെ കൂടെ കഴിയണമെന്നദ്ദേഹം പറഞ്ഞു.അണഞ്ഞുപോയ വിളക്കിൽ പൊടുന്നനെ തിരി തെളിഞ്ഞത് പോലെ വീടു മുഴുവൻ വെളിച്ചം നിറഞ്ഞു. അമ്മയുടെ ചലനങ്ങൾക്ക് എന്തോ ഒരു പ്രത്യേകത കൈവന്നു.

ക്ഷണനേരത്തിനുള്ളിൽ വിഭവസമൃദ്ധമായ അത്താഴ വിരുന്നൊരുക്കി അദ്ദേഹത്തെ ഊട്ടുന്ന അമ്മയുടെ മുഖത്തെ സന്തോഷവും തെളിച്ചവും ഞാനാസ്വദിച്ചു.

എന്നോടൊപ്പം കട്ടിലിൽ ഉറങ്ങാൻ കിടന്ന ആ വൃദ്ധശരീരം വളരെവേഗം ഉറക്കംപിടിച്ചിരുന്നു. ആവലാതികളെല്ലാം ഇറക്കി വച്ച് നേർത്തൊരു മന്ദഹാസത്തോടെ സുഖമായി കിടന്നുറങ്ങുന്ന അദ്ദേഹത്തിനരികിലായ് ചേർന്ന് കിടക്കുമ്പോൾ ഇനിയൊരു തെരുവിനും ഈ മനുഷ്യനെ വിട്ടുകൊടുക്കില്ലെന്ന് ഞാനുറപ്പിച്ചു. എൻ്റെ പ്രവൃത്തി മൂലം നാളെ ബന്ധുക്കളുടെ ഇടയിൽ നിന്നുമുയരുന്ന ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്നാലോചിച്ച് അറിയാതെ ഞാനും ഉറങ്ങിപ്പോയി.

ഞാനുണരുമ്പോൾ വെളിച്ചം പരന്നിരുന്നു. എൻ്റെ ഇടത് കൈയിൽ മുറുകെപിടിച്ച് സുഖസുഷുപ്തിയിലാണ്ടു കിടക്കുന്ന അദേഹത്തെ ഒന്നുനോക്കിയ ശേഷം ഞാനാ പിടുത്തം വിടുവിക്കാൻ നോക്കി.

എൻ്റെ സപ്തനാഡികളും തളർന്നുപോയി ആ ശരീരം തണുത്തുമരവിച്ചിരുന്നു. പാതിരാത്രിയിലെപ്പോഴോ അദ്ദേഹത്തിൻ്റെ ആത്മാവ് ദേഹംവിട്ട് പറന്നകന്നിരുന്നു. അടഞ്ഞ കൺപോളയ്ക്കുള്ളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിൻ്റെ നേർത്തപാട് ഞാൻ കണ്ടു.

ഒരു മകൻ്റെ സ്ഥാനത്തു നിന്ന് എല്ലാ കർമങ്ങളും ചെയ്യുമ്പോൾ ഞാനറിയുകയായിരുന്നു ഇതെൻ്റെ നിയോഗമാണെന്ന്.മനസ്സിൽ നന്മ മാത്രമുള്ള ആ മനുഷ്യൻ ഒരനാഥനെപ്പോലെ തെരുവിൽ മരിച്ചു കിടക്കരുതെന്ന് ഈശ്വരൻ കരുതിയിരിക്കാം.

തേടിനടന്നപ്പോൾ കണ്ടുമുട്ടാതെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ആ മനുഷ്യനെ അമ്മയുടെ മുന്നിൽ കൊണ്ടു നിർത്തിയതും. ഞാനാ മനുഷ്യനെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുവന്നതും എല്ലാം ദൈവത്തിൻ്റെ തീരുമാനമായിരുന്നു എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.

ആ മനുഷ്യൻ്റെ മകനായി ജനിച്ചില്ലെങ്കിലും മനസ്സുകൊണ്ട് അദ്ദേഹത്തിൻ്റെ മകനാവുക എന്നത് ഈശ്വരൻ എനിക്കു കൽപിച്ചുതന്ന നിയോഗം പോലെയാണ് എനിക്കു തോന്നിയത്.ഇന്നും പൂജാമുറിയിൽ ദൈവങ്ങൾക്കൊപ്പമിരിക്കുന്ന അച്ഛൻ്റെ ക്രച്ചസ് എന്നെനോക്കി വാത്സല്യത്തോടെ പുഞ്ചിരി തൂകാറുണ്ടിപ്പോഴും.

Leave a Reply

Your email address will not be published. Required fields are marked *