ഞാൻ ഇനി തിരിച്ചു വീട്ടിലോട്ട് പോകുമെന്ന് നീ സ്വപ്നത്തിൽ പോലും

(രചന: രമ്യ പത്മ കുമാർ പണിക്കർ)

പെട്ടെന്നൊരു കല്യാണം

ഞാൻ ഇനി തിരിച്ചു വീട്ടിലോട്ട് പോകുമെന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട….എന്നെ കൂടെ കൊണ്ട് പോയെ പറ്റു… വീട്ടിൽ വേറെ ആലോചനകൾ ഒക്കെ മുറുകുന്നുണ്ട്..

നിന്റെ കാര്യം ഞാൻ പറഞ്ഞു നോക്കി… അടിയും ഇടിയും മുറ പോലെ കിട്ടുന്നുണ്ട്… അതൊക്കെ സഹിക്കാം എല്ലാരുടെയും കുത്തിയുള്ള സംസാരമോ

എന്റെ മാമൻ നിന്റെ ചിറ്റയെ പണ്ട് പ്രേമിച്ചു ചതിച്ചതിന്റെ പ്രതികാരം ആണ് നീ എന്നോട് കാണിക്കുന്ന സ്നേഹം എന്നാണ് എന്റെ വീട്ടിൽ എല്ലാവരും പറയുന്നത്…

ഇനിയും എല്ലാരുടെയും കുത്തുവാക്കുകൾ കേട്ടു നിൽക്കുന്നതിൽ അർഥം ഇല്ലന്ന് തോന്നി… അതാണ് ഞാൻ വെളുപ്പിനെ തന്നെ നിന്നെ കാണാൻ ഇറങ്ങിയേ…. ഇനി ഞാൻ പോകുന്നില്ല

അവളുടെ വർത്തമാനം കേട്ട് തല കറങ്ങും പോലെ തോന്നി…. പതിയെ വലം കൈ കല്പടവിൽ കുത്തി അവിടേക്ക് ഇരുപ്പ് ഉറപ്പിച്ചപ്പോൾ പോലും തലക്ക് വെളിവ് വീണില്ലായിരുന്നു….

രാവിലെ അമ്പലക്കുളത്തിൽ സ്ഥിരം കുളിയും പാസ്സാക്കി ഭഗവാനെയും കണ്ട് ജോലിക്കായി ഇറങ്ങാം എന്ന് വിചാരിച്ചു ഇറങ്ങിയതാണ് ആ എന്നോടാണ് അവളിങ്ങനെ ബോധം ഇല്ലാതെ ഓരോന്നൊക്കെ വിളിച്ചു പറയുന്നത്….

വീണേ….തത്കാലം നീ ഇപ്പോൾ വീട്ടിലോട്ട് ചെല്ല്… എല്ലാം നമുക്ക് സെറ്റ് ആക്കാന്നേ… ജോലി കിട്ടി ആറു മാസം പോലുമാകാതെ പെണ്ണിനേയും കൂട്ടി ചെന്നാൽ അമ്മയെന്ത്‌ വിചാരിക്കും മോളെ…

ഞാൻ അതും പറഞ്ഞു അവളുടെ മുഖത്തോട്ട് നോക്കിയപ്പോൾ ആണ് അവൾക്കെന്നെ തിന്നാനുള്ള കലിപ്പ് ഉണ്ടെന്ന് മനസിലായത്…

രാഹുലെ.. ഇതേ അമ്പലത്തിന്റെ പരിസരത്തുവെച്ചു എന്റെ പിന്നാലെ വാലാട്ടി നടന്നപ്പഴേ ഞാൻ പറഞ്ഞതാ തെക്കോട്ടിക്കാൻ ആണെങ്കിൽ ഇങ്ങനെ നടന്നു ചെരുപ്പ് തെക്കണ്ടാന്ന്…
അന്ന് നീ പറഞ്ഞത് നിനക്കെന്നോട് വിശുദ്ധ പ്രണയം ആണെന്നാരുന്നല്ലോ… എന്തെ ഇപ്പോൾ അതില്ലാതായോ….

പിന്നെ അമ്മ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചിട്ടാണോ നീ എന്റെ പിന്നാലെ നടന്നതും പ്രേമിച്ചതും… ഇപ്പോൾ കാലുമാറുന്നോ…

വീണേ..എന്റെ അവസ്ഥ ഒന്ന് മനസിലാക്കി സംസാരിക്കെടി നീ…

എനിക്കൊന്നും കേൾക്കണ്ട… അപ്പോൾ നീ പഴയ കുടുംബ വൈരാഗ്യം തീർക്കാനാരുന്നു അല്ലേ എന്നെ ഇഷ്ടാണ് എന്നു പറഞ്ഞത്… മതിയായി… എനിക്ക്… എനിക്കറിയാം ഇനി എന്താ ചെയ്യണ്ടെന്നു… എന്തായാലും എന്നെ കൊണ്ട് പോയെ പറ്റു… അവൾ വീണ്ടും വീണ്ടും അതുതന്നെ പറഞ്ഞോണ്ടിരുന്നു…

അനുനയത്തിന്റെ അവസാന ശ്രെമം പോലെ വീണേ .. ഇന്ന് തന്നെ വരണോ… നിനക്ക്….ഞാൻ അമ്മയോടെല്ലാം ഒന്ന് പറഞ്ഞു ഓക്കേ ആക്കിയിട്ട് വന്നാൽ പോരെ…. എന്ന എന്റെ ചോദ്യത്തിന്

വേണ്ട…. ഇന്ന് കൊണ്ടുപോയില്ലെങ്കിൽ പിന്നെ നീ എന്നെ കൊണ്ട് പോകണ്ട… അമ്പലക്കുളത്തിൽ എന്റെ ശവം പൊങ്ങുന്നത് കാണാൻ വന്നാൽ മാത്രം മതി… എന്നായിരുന്നു മറുപടി…

അവള് പറഞ്ഞത് പോലെ എഴെട്ട് വർഷം മുൻപ് ഒരു വാശിക്ക് തന്നെ പ്രേമിക്കാൻ തുടങ്ങിയതാണ് അവളെ….

എന്റെ ചിറ്റയെ അവളുടെ അമ്മാവൻ പ്രേമിച്ചു അവസാനം ഗൾഫിൽ പോയി പത്തു പുത്തൻ കണ്ടപ്പോൾ വേറെരുത്തിയ കെട്ടി…

അയാളെയും ഓർത്തു ചിറ്റ ഇന്നും ജീവിതം ഹോമിക്കുന്ന കണ്ടു തന്നെയാണ് അവളെ വളക്കാൻ തീരുമാനിക്കുന്നത്..

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന അവളെ കണ്ണും കയ്യും കാണിച്ചു എങ്ങിനെയൊക്കെ വളച്ചപ്പോൾ സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു..

പിന്നീട് അവളുടെ സങ്കടങ്ങളും സന്തോഷങ്ങളും എന്റേത് കൂടി ആയപ്പോൾ ആണ് ഞാൻ മനസിലാക്കിയത് കളി കാര്യമായെന്നുള്ള സത്യം.

നീ എന്താ വെള്ളത്തിലോട്ട് കണ്ണും നട്ടിരിക്കണേ….?എന്നെ എങ്ങിനെ ഒഴിവാക്കാം എന്നാണോ..

സാരമില്ല… ഞാൻ ഒഴിവായി തരാം പോരെ….

എന്നും പറഞ്ഞു കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരു ഇരുകൈകളുമായി തുടച്ചുകൊണ്ട് തിരിഞ്ഞു നടക്കുന്ന അവളുടെ കരിവള കൈയിൽ പിടിത്തം ഇട്ടുകൊണ്ട്…

വീണേ… എന്തും വരട്ടെ കൂടെ പോര്… നീ..എന്ന് പറഞ്ഞപ്പോൾ..അല്ലെങ്കിലും എനിക്കറിയാരുന്നു നീ എന്നെ വഴിയിൽ കളയില്ല എന്ന് പറഞ്ഞു എന്നോട് വീണ്ടും ചേർന്ന് നിന്നു….

പെട്ടെന്നു തന്നെ കൂട്ടുകാരനെ വിളിച്ചു ഒരു താലി വാങ്ങി അമ്പലത്തിന്റെ നടയിൽ വെച്ച് താലികെട്ടി സുമംഗലി ആകുമ്പോൾ അവളും അറിഞ്ഞിരുന്നില്ല ഇന്നിതിവിടെ ഇങ്ങനെ ആയി തീരുമെന്ന്…

അവളുടെ കയ്യും പിടിച്ചു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ മുറ്റം തൂതൊണ്ടിരുന്ന അമ്മ ചൂലും മാറ്റി വെച്ച് ഓടി വന്നത് കണ്ടപ്പോഴേ എന്റെ ധൈര്യം എവിടെയോ ചോർന്നു പോയിരുന്നു…

അമ്മേ… ഞങ്ങളുടെ കല്യാണം കഴിഞ്ഞു… എനിക്ക് വീണ ഇല്ലാതെ പറ്റത്തില്ല അതാണ് അവളെ കൂടെ ഇങ്ങോട്ടേക്കു കൂട്ടിയത്…

എന്നും പറഞ്ഞു അവളുമായി അകത്തേക്ക് കടന്ന എന്നോട്….കടക്ക് ന്റെ വീടിനു പുറത്തു എന്ന് പറഞ്ഞു അമ്മ അകത്തു കയറി കതകടക്കുമ്പോൾ ഭൂമി പിളർന്നു പോകുന്ന പോലെയാണ് തോന്നിയത്….

അവളുമായി തിരിഞ്ഞു നടക്കുമ്പോൾ ശൂന്യമായിരുന്നു മനസ്സും…രാഹുലെ…മോനെ എങ്ങോട്ടാ ഡാ അവളേം കൊണ്ട് പോണേ… കേറിവാടാ ഇങ്ങോട്ടേക്കു എന്ന് പറഞ്ഞു വിളിക്കുമ്പോൾ അമ്മയുടെ കൈയിൽ നിലവിളക്കും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *