ഡീ മേഴ്‌സിയെ.. പറമ്പിൽ പണി കഴിഞ്ഞു കേറി വന്ന ബെന്നിച്ചൻ തന്റെ ഭാര്യയെ വിളിച്ചു

(രചന: അനു സ്വരൂപ്)

അമ്മച്ചിയുടെ എൺപതാം പിറന്നാൾ

ഡീ മേഴ്‌സിയെ..

പറമ്പിൽ പണി കഴിഞ്ഞു കേറി വന്ന ബെന്നിച്ചൻ തന്റെ ഭാര്യയെ വിളിച്ചു..

എന്നതാ ഇച്ചായ..?

അവൾ പുറത്തേക്കു തല നീട്ടി ചോദിച്ചു.

നീ ഇപ്പൊ വന്നു വന്നു പശുവിനു ചക്കമടലിനു പകരം ചക്കയും കൊടുക്കാൻ തുടങ്ങിയോ???

ദേ… ഇച്ചായ ചുമ്മാ വേണ്ടദീനം പറയരുത് ട്ടോ..

അവൾ കെറുവിച്ചു മുഖം കോട്ടി..

പിന്നെ ആ അതിരിൽ നിന്ന വരിക്ക പ്ലാവിലെ ചക്ക എവിടെ പോയെടി??

അപ്പോഴാണ് അവളും അത് ശ്രെദ്ധിക്കുന്നത്.

അയ്യോ ഇച്ചായ രണ്ടു ദിവസം മുൻപും ആ ചക്ക ഞാൻ കണ്ടത് ആണല്ലോ.

മേഴ്‌സി അയാളോട് പറഞ്ഞു മൂക്കത്തു വിരൽ വെച്ചു.

മ്മ്..

അതുകൊണ്ടാ ഞാനും ചോദിച്ചത് നിന്നോട്??

ആ… തേൻവരിക്കചക്കപ്പഴം അമ്മച്ചിക്ക് ഭയങ്കര ഇഷ്ടം അല്ലെ?? ഷുഗർ ആണെങ്കിലും പഴുക്കുമ്പോൾ നാലു, അഞ്ചു ചുള അമ്മച്ചിക്ക് കൊടുക്കണം എന്നു വിചാരിച്ചു നിർത്തിയത് ആയിരുന്നു, അങ്ങനെ അവസാനത്തെ ചക്കയും തീരുമാനം ആയി…

അയാൾ അതും പറഞ്ഞു കാലും കയ്യും കഴുകി കഞ്ഞി കുടിക്കാൻ ആയി അകത്തേക്ക് കയറി.

ബെന്നിച്ചനും, ഭാര്യ മേഴ്‌സിയും, പ്ലസ്‌ ടുവിന് പഠിക്കുന്ന മകൾ നീതുവും പത്താം ക്ലാസ്സ്‌കാരൻ മകൻ ജിത്തുവും, അയാളുടെ പ്രായമായ അപ്പച്ചനും, അമ്മയും ആണ് താമസം ആ വീട്ടിൽ..പാലായിലെ ഒരു ഇടത്തരം കർഷകകുടുംബം.

അയാളുടെപ്രായമായ അമ്മ കിടപ്പിലാണ്.. എന്തിനും ഒരാളുടെ സഹായം ആവശ്യം ആണ്, വയസ്സ് 85ഉണ്ടെങ്കിലും അപ്പച്ചൻ ഇപ്പോഴും ഓടി ചാടി നടക്കും, ചുറു ചുറുക്കു ഉള്ള ഒരു ചെറുപ്പക്കാരനെപോലെ ആണ് അയാൾ..ഓർമ്മക്കുറവ് ഉണ്ട് എന്നത് ഒഴിച്ചാൽ പൂർണ ആരോഗ്യവാൻ.

അപ്പച്ചനും അമ്മച്ചിയും കഞ്ഞി കുടിച്ചോ??

അയാൾ ചോദിച്ചു

അപ്പച്ചനും, അമ്മച്ചിയും മക്കളും ഒക്കെ കഴിച്ചു ,ഇനി നമ്മൾ മാത്രമേ കഴിക്കാൻ ഉള്ളു..

അവൾ പറഞ്ഞു.

ഒരു പ്ലേറ്റിൽ കഞ്ഞിയും എടുത്തു അവളും അയാളുടെ അടുത്തു വന്നിരുന്നു കഴിക്കാൻ തുടങ്ങി.

ബെന്നിച്ചൻ ന്യൂസ്‌ ചാനലുകൾ ഓരോന്നായി മാറ്റി മാറ്റി കഞ്ഞി കുടിയിൽ മുഴുകി.

അപ്പച്ചന് ഈയിടെ ആയിട്ട് മറവി ഇത്തിരി കൂടുതൽ ആണ് ബെന്നിച്ചാ.. ഞാൻ അലക്കി മടക്കി വെച്ച തുണികൾ പിന്നെയും എടുത്തു സോപ്പ് പൊടിയിൽ മുക്കി വെക്കുക, മരുന്ന് കഴിച്ചു ഉറങ്ങുന്ന അമ്മച്ചിയെ വീണ്ടും വിളിച്ചുണർത്തി മരുന്ന് കൊടുക്കുക,പൈപ്പ് തുറന്നാൽ അടക്കാൻ മറക്കുക, നനച്ച ചെടികൾ വീണ്ടും നനക്കുക ഇതൊക്കെ ആണ് ഇപ്പോഴത്തെ പരിപാടികൾ, ഒരു മിനിറ്റ് വെറുതെ ഇരിക്കില്ല, ഞാൻ വല്ലതും പറഞ്ഞാൽ പിന്നെ എന്നോട് മിണ്ടില്ല,

ഏതായാലും കോഴിത്തള്ളക്കും മക്കൾക്കും കൂടി അപ്പച്ചൻ ദിവസവും ഒരു കിലോ ഗോതമ്പു കൊടുക്കും, അതുകൊണ്ട് അവറ്റകൾ പുറകെന്നു മാറില്ല,ജിമ്മി പട്ടിക്കും കോള് ആണ് കാരണം കഞ്ഞി അഞ്ച് നേരം കൊടുക്കും അപ്പച്ചൻ..അവൾ ചിരിച്ചു

രണ്ടുപേരെയും രണ്ടുമുറിയിൽ ആക്കിയത് അപ്പച്ചന്റെ ഉറക്കം പോകണ്ട എന്നു കരുതി ആയിരുന്നു, അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല, അപ്പച്ചൻ എപ്പോഴും അമ്മച്ചിയുടെ കൂടെ തന്നെ ആണ്

ഇച്ചായ ഞാൻ പറയുന്നത് വല്ലതും കേട്ടോ നിങ്ങൾ??

ഞാൻ എന്ത് ചെയ്യണം എന്നു ആണു നീ പറയുന്നത് മേഴ്‌സി?

അയാൾ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി..

വേറെ ഒന്നും ചെയ്യാൻ അല്ല ഇച്ചായ… ഡോക്ടറെ ഒന്ന് കൂടി കാണിക്കാൻ ആയെന്ന ഞാൻ പറഞ്ഞത്.

അവൾ മുഖം വീർപ്പിച്ചു എഴുന്നേറ്റു പോയി.

രാത്രി അത്താഴം കഴിഞ്ഞു കിടക്കാൻ ആയി എത്തിയ ബെന്നിച്ചൻ ആരോടോ ഫോണിൽ സംസാരിക്കുന്നതു കേട്ടു കൊണ്ടാണ് മേഴ്‌സി കയറി വന്നതു.

ആരാ ഇച്ചായ ഫോണിൽ??

അവൾ ചോദിച്ചു.

ടോമിയും ക്ലാരയും ആണെടി.

അയാളുടെ അനിയനും ഭാര്യയും ആണ്.അവര് തൊടുപുഴയിൽ ആണ് താമസം.

എന്താ വിശേഷം??

മറ്റെന്നാൾ അവര് ഇങ്ങോട്ട് വരുന്നുണ്ട് എന്നുപോലും.

അമ്മച്ചിയുടെ പിറന്നാളിന് എല്ലാവരും ഒന്നിച്ചു കൂടി കേക്ക് മുറിക്കണം എന്നു അവനു ഒരാഗ്രഹം.

എങ്കിൽ പിന്നെ ചേച്ചിയെയും അളിയനെയും മക്കളെയും ഒഴിവാക്കേണ്ട അവരെയും വിളിച്ചോ ഇച്ചായ..മേഴ്‌സി പറഞ്ഞു

അത് ഏതായാലും നന്നായി.
അമ്മച്ചി രണ്ടുദിവസം മുൻപ് കൂടി അവരെ അന്നെഷിച്ചിരുന്നു.

എല്ലാവരെയും ഒന്നിച്ചു കാണുമ്പോൾ അമ്മച്ചിക്കും സന്തോഷം ആവും..

അവൾ പറഞ്ഞു

നാളെ രാവിലെ തന്നെ ഇച്ചായൻ ടൗണിൽ പോയി ഒരു കേക്ക്നു ഓർഡർ കൊടുക്ക്‌..

പോകാമെടി എന്റെ പ്രിയപെട്ടവളുടെ സന്തോഷം അല്ലെ എന്റെയും സന്തോഷം.. അതും പറഞ്ഞു ലൈറ്റ് ഓഫ്‌ ചെയ്തു അവളെ ഇറുക്കെ പുണർന്നു അയാൾ.
**************

ബെന്നിച്ചന്റെ വീട്ടിൽ ഇന്നു സന്തോഷത്തിന്റെ ദിനം ആണ്, അമ്മച്ചിയുടെ എൻപതാം പിറന്നാൾ ദിനം ആണ്, മക്കൾ ഒക്കെ രാവിലെ തന്നെ എത്തിച്ചേർന്നിട്ടുണ്ട്, ടോമിച്ചനും, ബെന്നിയും മക്കളും, അളിയനും, മക്കളും എല്ലാം കൂടി പറമ്പിന്റെ നടുവിൽ ഉള്ള കുളത്തിൽ നീന്തി കുളിക്കുന്ന തിരക്കിൽ ആണ്
അപ്പച്ചൻ എല്ലാത്തിനും നേതൃത്വം വഹിച്ചു മുന്നിൽ തന്നെ ഉണ്ട്,

മേഴ്‌സിയും,ക്ലാരയും, നാത്തൂനും അടുക്കളയിൽ തിരക്കിട്ട പണിയിൽ ആണ്,ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ചുള്ള ആഹാരസാധനങ്ങൾ വെച്ച് ഉണ്ടാക്കുന്ന തിരക്കിൽ ആണ്..വൈകിട്ട് അത്താഴം കഴിഞ്ഞു മക്കളും കൊച്ചുമക്കളും ഒക്കെ ആയി വീടിന്റെ മുറ്റത്തു ഒരുമിച്ചു കൂടി, ഒരുപാട് നാളുകൾ ആയിട്ടുള്ള ഒത്തുകൂടലിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് ഉണ്ടാരുന്നു, സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു, തമാശകളും പൊട്ടിച്ചിരികളും കൊണ്ട് ആകെ ബഹളം,,

സമയം പന്ത്രണ്ടുമണിയോട് അടുക്കുന്നു…ബെന്നിച്ചൻ കേക്ക് മുറിക്കാൻ വേണ്ടി എല്ലാം റെഡി ആക്കുവാൻ മേഴ്‌സിയോട് പറഞ്ഞു,ഫ്രിഡ്ജിൽ ഇരുന്ന കേക്ക് എടുത്തു ഡൈനിംഗ് ഹാളിലെ മേശപുറത്തു കൊണ്ട് വെച്ചശേഷം
ഇടയ്ക്കു റൂമിലേക്ക്‌ കയറി കിടക്കാൻ പോയ അപ്പച്ചനെ വിളിക്കാൻ മകൾ നീതുവിനെ പറഞ്ഞു വിട്ടു..

“”അമ്മേ വല്യച്ചാച്ചനെ കാണുന്നില്ല…

അതും പറഞ്ഞു അവൾ പുറത്തേക്കു ഓടി വന്നു..

എന്നതാടി കൊച്ചേ നീ പറയുന്നേ??

വല്യചാച്ചനെ കാണുന്നില്ലന്നോ??

മേഴ്‌സി അതും ചോദിച്ചു കൊണ്ട് അപ്പച്ചൻ കിടന്ന മുറിയിലേക്ക് ഓടികയറി,

ബാത്റൂമിലും മുറിയും ഒക്കെ അരിച്ചു പെറുക്കി എങ്കിലും കാണാൻ കഴിഞ്ഞില്ല..

നീതുവിന്റെയും, മേഴ്‌സിയുടെയും വർത്താനം കേട്ട് പുറത്തിരുന്നവർ എല്ലാവരും ഓടിവന്ന് വീടാകെ തിരഞ്ഞു അപ്പച്ചന് വേണ്ടി..

ആൺമക്കൾ വീടിന്റെ പുറകും, പരിസരവും ഒക്കെ ഓടിനടന്നു നോക്കി എവിടേയും അപ്പച്ചൻ ഇല്ല…

അത് വരെ സന്തോഷത്തിൽ ആറാടിയിരുന്ന വീട് പെട്ടെന്ന് നിശബ്ദത കൊണ്ട് നിറഞ്ഞു.

എന്റെ പുണ്യാള… തീരെ ഓർമ്മശക്തി തീരെ ഇല്ലാത്ത ആള് ആണ് അപ്പച്ചൻ, എങ്ങോട്ട് ഇറങ്ങി പോയത് ആണോ ആവോ???

അപ്പച്ചന്റെ മകൾ റാണി നെഞ്ചത്ത് അടിച്ചു നിലവിളി തുടങ്ങി..

അവളുടെ കൂടെ മരിമക്കളും കൊച്ചുമക്കളും കരയാൻ തുടങ്ങി.

ടോമിച്ചൻ കിട്ടിയ ഷർട്ട്‌ എടുത്തിട്ട് ബൈക്ക് എടുത്തു കവലയിലേക്ക് വെച്ച് പിടിപ്പിച്ചു അപ്പച്ചനെ തിരയാൻ,,

ഈ സമയം സങ്കടം സഹിക്കാൻ കഴിയാതെ വലിയ വായിൽ കരഞ്ഞു കൊണ്ട് റാണി അമ്മച്ചി കിടന്ന മുറിയിലേക്ക് നടന്നു,

കട്ടിലിൽ കിടക്കുന്ന അമ്മച്ചിയുടെ കാലിൽ വട്ടം കെട്ടിപിടിച്ചു നിലത്തു ഇരുന്നു കരച്ചിൽ തുടങ്ങി.

കട്ടിലിൽ കിടക്കുന്ന അമ്മച്ചി കാര്യം മനസ്സിൽ ആകാതെ റാണിയേ നോക്കി അന്തം വിട്ടു കിടന്നു..

അമ്മച്ചിയുടെ മുറിയിൽ കരച്ചിൽ കേട്ടു എത്തിയ ബെന്നിച്ചന്റെ മകൻ ജിത്തു മൂക്ക് ചുളിച്ചു മണം പിടിച്ചു..

“”ചക്കപ്പഴത്തിന്റെ മണം “”

അവൻ അമ്മച്ചിയുടെ കട്ടിലിന്റെ മറുഭാഗത്തേക്ക് നടന്നു വന്നു…

അവിടുത്തെ കാഴ്ചകണ്ടു കൊച്ചുമകൻ ഒന്നും മിണ്ടാൻ ആകാതെ നിന്നു പോയി..

നിലത്തു വിരിച്ച പത്രകടലാസ്സിന് മുകളിൽ മുറിച്ചു വെച്ചിരിക്കുന്ന ചക്ക പഴം..

നിലത്തു പടിഞ്ഞു ഇരുന്നു ചക്ക ചുള ഓരോന്നായി ഇരിഞ്ഞു പാത്രത്തിൽ ഇടുന്ന അപ്പച്ചൻ..

തലയ്ക്കു കയ്യും കൊടുത്തു കാഴ്ച കണ്ടു നിൽക്കുന്ന അവനെ നോക്കി അപ്പച്ചൻ ചിരിച്ചു,,

എന്താടാ മോനെ ജിത്തു അവിടെ നിന്നു കളഞ്ഞേ ഇവിടെ ഇരുന്നു ചക്ക ചുള അടത്തി എടുക്കെടാ..

അപ്പച്ചന്റെ ശബ്ദം കേട്ട റാണി കരച്ചിൽ കേട്ട ഭാഗത്തേക്ക്‌ എഴുന്നേറ്റു എത്തി നോക്കി..

കരഞ്ഞു ചുവന്ന അവളുടെ മുഖത്ത് പലഭാവങ്ങളും മിന്നി മറഞ്ഞു..

മേഴ്‌സി ചേച്ചിയെ… ബെന്നിച്ചാ ഓടി വാ അപ്പച്ചൻ ഇവിടെ ഉണ്ട്

റാണിയുടെ വിളി കേട്ടു മക്കളും കൊച്ചുമക്കളും എല്ലാം ഓടി അമ്മച്ചിയുടെ മുറിയിൽ എത്തി.

ദേ.. ഇച്ചായ കാണാതെ പോയ വരിക്ക ചക്ക..മേഴ്‌സി ഭർത്താവിനോട് പറഞ്ഞു.

ഇതൊന്നും അറിയാതെ നമ്മുടെ അപ്പച്ചൻ അപ്പോഴും ചക്ക ചുള അരക്കു തൂത്തു പാത്രത്തിൽ ആക്കുന്ന ധൃതിയിൽ ആയിരുന്നു

അപ്പച്ചാ..

ബെന്നിച്ചന്റെ വിളി കേട്ടു അപ്പച്ചൻ തല ഉയർത്തി നോക്കി

ഇവിടെ വെച്ച് ആണോ ചക്ക ഒരുക്കുന്നെ?? ഞങ്ങൾ എവിടെയൊക്കെ തിരക്കി എന്നറിയാവോ അപ്പച്ചനെ??

എന്തുവാട മക്കളെ??

ഞാൻ എവിടെ പോകാൻ ആണ്??

പെണ്ണുമ്പുള്ളക്ക് ഒരു ആഗ്രഹം,ചക്കപ്പഴം തിന്നണം എന്നു.. എങ്കിൽ പിന്നെ അത് എൺപതു തികയുന്ന അന്ന് നിങ്ങൾ എല്ലാവരുടെയും കൂടെ ആയിക്കോട്ടെ എന്നു കരുതി..

അത് കേട്ട എല്ലാവരും പൊട്ടിച്ചിരിച്ചു..

ഇതേ സമയം കവലക്കു പോയ ടോമിച്ചൻ അപ്പച്ചനെ അവിടെങ്ങും കാണാഞ്ഞിട്ട് ഓടി പിടഞ്ഞു വീട്ടിൽ എത്തി..

ബെന്നിച്ചാ ഒരു വിവരവും ഇല്ലെടാ..

നമുക്ക് പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്താലോ???

ഇത് കേട്ടു പുറത്തേക്കു ഇറങ്ങി വന്ന മേഴ്‌സി ഇങ്ങനെ പറഞ്ഞു.

“അപ്പച്ചനെ കാണുന്നില്ല എന്നു പറഞ്ഞു കൊടുക്കണ്ട പകരം ചക്ക കള്ളനെ പിടിച്ചു എന്നും പറഞ്ഞു കംപ്ലയിന്റ് കൊടുക്കാം,

അവൾ ഉറക്കെ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി,

അത് കേട്ട ടോമിച്ചൻ ഒന്നും മനസ്സിൽ ആകാതെ അകത്തേക്ക് കയറി അവിടുത്തെ കാഴ്ച്ചകണ്ട് അന്തം വിട്ടു നിന്നു..

പിന്നെ ഒന്നും പറയാൻ ഇല്ലാതെ ചിരിച്ചു പോയി

കൊച്ചുമക്കൾ എല്ലാം അപ്പച്ചന്റെ കൂടെ ചക്കപഴം ഒരുക്കുന്ന തിരക്കിലും തിന്നുന്ന തിരക്കിലും ആയി,,

അമ്മച്ചിക്ക് ആയി പ്രേത്യേകം ഓർഡർ ചെയ്തു വാങ്ങിച്ച കേക്ക് അപ്പോഴും മേശപ്പുറത്തു ഗെമയിൽഇരിക്കുന്നുണ്ടാരുന്നു, കത്തി ഉരുകി ഒലിച്ചു തീരാൻ ആയ മെഴുകുതിരിയുടെ ചോട്ടിൽ

Leave a Reply

Your email address will not be published. Required fields are marked *