“”മനുവേട്ടാ …മനുവേട്ടാ എഴുന്നേൽക്ക് ….”” കണ്ണ് തുറന്നു നോക്കിയത് ആവി പറക്കുന്ന ചായയിലേക്കാണ്

(രചന:നീലിമ)

“”മനുവേട്ടാ …മനുവേട്ടാ എഴുന്നേൽക്ക് ….””

കണ്ണ് തുറന്നു നോക്കിയത് ആവി പറക്കുന്ന ചായയിലേക്കാണ് … പിന്നീട് കണ്ണുകൾ സഞ്ചരിച്ചത് ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന ആ മുഖത്തേക്കും …. കണ്ണെടുക്കാതെ കുറച്ചു നിമിഷങ്ങൾ അങ്ങനെ നോക്കി കിടന്നു . ഈറൻ മുടി തോർത്ത്‌ കൊണ്ട് കെട്ടി വച്ചിട്ടുണ്ട് . സാരിയാണ് വേഷം … കണ്മഷി ഇല്ലെങ്കിലും ആ കണ്ണുകൾക്ക് കാന്ത ശക്തി ഉള്ളത് പോലെ … വല്ലാത്ത മനോഹാരിത …. തന്റെ നോട്ടം കണ്ടിട്ടാവണം ആ കവിളുകൾ ചുവന്നു തുടുത്തു … കൈ എത്തി അവളെ പിടിക്കാൻ നോക്കിയതും അവൾ പിറകിലേക്ക് മാറിക്കളഞ്ഞു ….
ദേ കിടക്കുന്നു മൂക്കും കുത്തി താഴെ …..

“”എന്റമ്മച്ചിയെ …..””ഒറ്റ വിളിയായിരുന്നു …. കണ്ണ് തുറന്നപ്പോൾ തറയിൽ കമിഴ്ന്നു കിടക്കുന്നു ….

“”ഹൂ …സ്വപ്നം ആയിരുന്നോ ?എന്റമ്മോ …രാവിലെ തന്നെ നടു പോയി ….””നടുവിന് കയ്യും താങ്ങി എഴുന്നേറ്റു …. നോട്ടം എത്തിയത് കട്ടിലിലേക്കാണ് ….ആളെ കാണുന്നില്ല …അപ്പൊ നല്ല ശീലങ്ങൾ ഒക്കെ ഉണ്ട് . രാവിലെ എഴുന്നേറ്റു അടുക്കളയിലേയ്ക്ക് പോയിട്ടുണ്ടാകും …. വീണ്ടും കട്ടിലിൽ കയറി കിടന്നു . എങ്ങാനും സ്വപ്നം ഫലിച്ചാലോ ?

ഇന്നലെ ആയിരുന്നു ആറ്റു നോറ്റിരുന്ന കല്യാണം … ആദ്യ രാത്രിയിൽ ‘തങ്ക കുടം’ പോലത്തെ എന്റെ കെട്ടിയോൾ ശരിക്ക് ഒന്ന് സംസാരിക്കാൻ കൂടി നിൽക്കാതെ തലവേദന ആണെന്ന് പറഞ്ഞു പോത്ത് പോലെ കിടന്ന് ഉറങ്ങിക്കളഞ്ഞു . , ദുഷ്ട ,കഷ്മല എന്നൊക്കെ വിളിക്കണമെന്നുണ്ട് … കെട്ടിയല്ലേ ഉള്ളൂ …സമയം കിടക്കുവല്ലേ ? ഇപ്പൊ ഇത് മതി ….കുറച്ചു നാള് ചക്കര ,പൊന്നെ എന്നൊക്ക വിളിക്കട്ടെ …. അത് കഴിഞ്ഞുള്ള അവളുടെ സ്വഭാവം തീരുമാനിക്കും പിന്നീട് എന്ത് വിളിക്കണം എന്ന് .

പിന്നെ , ആറ്റു നോറ്റിരുന്ന കല്യാണം എന്ന് പറഞ്ഞത് വളരെ ശരിയാട്ടോ …. 8 വർഷമായി ഗൾഫിൽ ആണ് .ആ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെടുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് . സ്വന്തം ആവശ്യങ്ങൾ പോലും മറന്നു കിട്ടുന്ന കാശ് കൂട്ടി വയ്ക്കും .

വീട്ടിലേയ്ക്ക് അയച്ചു കൊടുക്കാൻ ….അങ്ങനെ ഉണ്ടാക്കിയതാ ഈ കാണുന്ന വീടും സ്ഥലവും എല്ലാം ….. വീട് പാലുകാച്ചിന്റെ അന്ന് മുതൽ തുടങ്ങിയതാ കല്യാണം കല്യാണം എന്നുള്ള അമ്മേടെ പറച്ചിൽ ….
പിന്നെ പുര നിറഞ്ഞു നിൽക്കുവാണെന്നുള്ള തോന്നൽ നമ്മൾക്കും വന്നപ്പോൾ …”അമ്മ ഇങ്ങനെ നിർബന്ധിച്ചാൽ പിന്നേ എന്താ ചെയ്യാ” എന്നുള്ള ചോദ്യത്തോടെ സമ്മതം അറിയിച്ചു .

കൊണ്ട് പിടിച്ച കല്യാണാലോചന ആയിരുന്നു പിന്നെ …. ഒടുവിൽ ഒരു ഫോട്ടോ എനിക്ക് അയച്ചും തന്നു … എനിക്ക് കുട്ടിയെ ‘ക്ഷ’ ബോധിച്ചു . നല്ല ഐശ്വര്യം ഉള്ള കുട്ടി . കാഴ്ചയ്ക്ക് നമ്മുടെ സംവൃത സുനിലിന്റെ ഫേസ് കട്ട്‌ ഉണ്ടോ എന്നറിയാൻ ഞാൻ ഇരുന്നും കമിഴ്ന്നും കിടന്നും ഒക്കെ നോക്കി …..കാരണം എനിക്ക് പുള്ളിക്കാരിയെ വലിയ ഇഷ്ടാണെ …

ആകെ തോന്നിയത് സൺ‌ഡേ ഹോളിഡേ സിനിമയിലെ ആ തേപ്പ് കാരി പെണ്ണിന്റെ മുഖച്ഛായയാ ….എങ്കിലും എനിക്ക് കുട്ടിയെ ഒത്തിരി ഇഷ്ടമായി …അമ്മേടെ തള്ളും കൂടി ആയപ്പോൾ ഞാൻ ഫ്ലാറ്റ് ….
അങ്ങനെ മോഹൻ ലാലിന്റെ ‘അയാൾ കഥ എഴുതുകയാണ്’ സിനിമ പോലെ നേരിൽ ഒന്ന് കാണുകയും കൂടി ചെയ്യാതെ കല്യാണം അങ്ങട് ഉറപ്പിച്ചു.

വിവാഹം പെട്ടെന്ന് നടത്താൻ അവളുടെ വീട്ടുകാർക്കായിരുന്നു കൂടുതൽ താല്പര്യം . അത് കൊണ്ട് തന്നെ എൻകേജ്മെൻറ് പോലും ഇല്ലാതെ കല്യാണം ഉറപ്പിച്ചു . എല്ലാം ‘ശട പടേ’ എന്നായിരുന്നു …. അവളെ ഒന്ന് നേരിൽ കാണാൻ പറ്റാത്തതിന്റെ വിഷമം ഒരു വശത്ത് , കല്യാണം ആണെങ്കിലും ഞമ്മള് ലീവ് തരൂല്ല മോനേ എന്ന മട്ടിലുള്ള നമ്മുടെ അറബാബിന്റെ കടും പിടിത്തം മറു വശത്ത്

ഇനി കല്യാണം ഓൺലൈൻ വഴി എങ്ങാനും നടത്തേണ്ടി വരുമോ എന്ന് ചിന്തിച്ചു പണ്ടാരമടങ്ങി ഇരിക്കുമ്പോഴാണ് ഉള്ളിൽ എരിയുന്ന തീയിലേക്ക് മഴ പെയ്ത സുഖം തരുന്ന ഒരൂട്ടം അറബാബ് പറഞ്ഞത് … വേറൊന്നും അല്ല , ഞമ്മക്ക് രണ്ടാഴ്ച ലീവ് അനുവദിച്ചിരിക്കുന്നു …. സന്തോഷിപ്പിൻ …സന്തോഷിപ്പിൻ എന്റെ ഉള്ളിൽ ഒളിച്ചിരുന്ന കള്ള മണവാളൻ കൂകി ആർത്തു ….

അപ്പോഴുണ്ട് അണയാൻ തുടങ്ങിയ തീയിലേക്ക് നല്ല 916 ഹാൾമാർക് ഉണങ്ങിയ കൊതുമ്പും ചൂട്ടും കോഞ്ഞാട്ടയും ഒക്കെ പെറുക്കി അടുക്കി വച്ചേക്കുന്നു ..ആരാ ?വേറെ ആരും അല്ല , മ്മടെ കൊറോണ തന്നെ …..

കഷ്ടപ്പെട്ട് അറബാബിന്റെ കാല് പിടിച്ചു ഒപ്പിച്ച ലീവും, കാത്തിരുന്ന കല്യാണവും സ്വാഹ !!!

ഹിന്ദു ,മുസ്ലിം ,കൃസ്ത്യൻ ഭേദം ഇല്ലാതെ എല്ലാ ദൈവങ്ങളെയും അങ്ങട് നീട്ടി വിളിച്ചു …ശല്യം സഹിക്ക വയ്യാതായപ്പോൾ അവര് വിളി കേട്ടു ..മ്മടെ സ്വന്തം പ്രധാന മന്ത്രിയും മുഖ്യനും അവിടെ ഉള്ളവരോടെല്ലാം കൂടും കുടുക്കയും എടുത്ത് ഇങ്ങട് പോരാൻ പറഞ്ഞു .

നമ്മക്ക് ഉണ്ടായ സന്തോഷം ആ ഹാപ്പി ജാമിന്റെ പരസ്യം പോലെ ആയിരുന്നു ….സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ …ഞാൻ ഇപ്പം മാനത്തു വലിഞ്ഞു കേറും …..

പക്ഷെ മ്മടെ മാതാജിയ്ക്ക് വല്ലാത്ത ബെശമം ….കല്യാണത്തിന് 20 പേരെ പാടുള്ളൂ …. അപ്പൊ ബന്ധുക്കളെ ഒന്നും വിളിക്കാൻ പറ്റില്ല …. കാര്യമായിട്ട് പിരിവൊന്നും തടയൂല്ല …. വേറൊന്നും അല്ല , ഇക്കണ്ട ബന്ധുക്കളുടെ എല്ലാം മക്കളുടെയും ചെറുമക്കളുടെയും ഒക്കെ കല്യാണത്തിന് എന്റെ പോക്കറ്റിൽ നിന്നും കുറേ ചിലവായിട്ടുള്ളതാണേ …. അതിന്റെ പത്തിൽ ഒന്നെങ്കിലും തിരികെ കിട്ടാൻ മാതാശ്രീയ്ക്ക് ഒരാഗ്രഹം ..അത് നടക്കില്ല എന്ന് കണ്ടപ്പോൾ കൊറോണയെയും കോറോണേടെ വാപ്പയെയും ഉപ്പൂപ്പയെയും വരെ ചീത്ത വിളിക്കുന്നത് കേട്ടു .അത് കേട്ടിരുന്നേൽ കൊറോണ കണ്ടം വഴി ഓടിയേനെ …..

അങ്ങനെ കാത്ത് കാത്തിരുന്നു ആ സുദിനം ഇന്നലെ ആയിരുന്നു . പെൺ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകളൊക്കെ … അധികം ആരും ഉണ്ടായിരുന്നില്ല … വന്ന കുറച്ചു ബന്ധുക്കൾ ആണെങ്കിൽ ഇന്നലെ തന്നെ തിരികെ പോവുകയും ചെയ്തു .

പ്രതീക്ഷിച്ചു കിടന്ന ആളിനെ കാണാതെ ആയപ്പോൾ ക്ലോക്കിലേയ്ക്ക് നോക്കി . അര മണിക്കൂറോളം ഇങ്ങനെ ആലോചിച്ചു കിടക്കുവായിരുന്നു . ഭാര്യേം വന്നില്ല ചായേം വന്നില്ല . ഒടുവിൽ താഴേയ്ക്ക് പോകാൻ തന്നെ തീരുമാനിച്ചു . താഴെ അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ ഉണ്ടാകില്ല . അവൾ ദോശ ഉണ്ടാക്കുകയായിരിക്കും … പിറകിൽ കൂടി ചെന്ന് ഒന്ന് ചുറ്റി പിടിക്കാം … ആഹാ …കൊള്ളാം ..ഉള്ള ഹിന്ദി ,തമിഴ് ,മലയാളം സിനിമകളൊക്കെ കുത്തി ഇരുന്നു കാണുന്നോണ്ടുള്ള ഗുണം ….

താഴെ എത്തിയപ്പോൾ വീട്ടിൽ ആൾ താമസമേ ഇല്ല എന്ന് തോന്നി .

🎵ഏകാന്തതയുടെ അപാര തീരം ….🎵

പാട്ടും പാടി അടുക്കളയിൽ എത്തി . അവിടം ശൂന്യം !!!!ഇവിടുള്ളവരൊക്കെ ആവി ആയോ എന്ന് ചിന്തിച്ചു മുൻ വശത്തേയ്ക്ക് ചെന്നപ്പോൾ ദേ എല്ലാം കൂടി സിറ്റ് ഔട്ടിൽ ,ഈ കൊറോണ കാലത്ത് മാസ്കും വയ്ക്കാതെ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്നു .
ആരൊക്കെയാ ?എന്റെ മാതാശ്രീയും ,പിതാശ്രീയും , പിന്നേ എന്റെ താഴെ ഉള്ള , ഒരല്പം മുഖശ്രീ പോലും ഇല്ലാത്ത , രണ്ട് വാനരന്മാരും …

ഇതെന്താണ് മുറ്റത്ത് കാലത്തെ വല്ല സിനിമ ഷൂട്ടിങ്ങും നടക്കണുണ്ടോ എന്ന് ചിന്തിച്ചു അവരുടെ പിറകിൽ പോയി നിന്ന് മുറ്റത്തേയ്ക്ക് ഏന്തി വലിഞ്ഞ് നോക്കി ..””ദേവ്യേ ….””( പാണ്ടിപ്പടയിൽ ദിലീപിനെ കാണുമ്പോൾ ഹരിശ്രീ അശോകൻ വിളിക്കുന്നത് ഓർക്കുക …സെയിം expression )

ഇതെന്താ വീടിനു മുന്നിൽ ഭീമ ജൂവലറിയുടെ പരസ്യ ചിത്രീകരണമോ ?കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി …ഭീമ അല്ല , എന്റെ ഭാര്യ ഭാമയാ …..

ഇന്നലെ വിവാഹത്തിന് അണിഞ്ഞിരുന്ന 250 പവൻ സ്വർണവും കഴുത്തിൽ അണിഞ്ഞു മുറ്റം തൂക്കുകയാണ് നമ്മുടെ സഹധർമിണി ..ഇതിനെയാണോ പുത്തനച്ചി മുറ്റമടിക്കുക എന്ന് പറയുന്നത് .( തൂക്കാൻ പുരപ്പുറം ഇല്ലാത്തോണ്ടാ )

“”ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ മനു തിരിഞ്ഞു നോക്കി
മുറ്റത്തൊരു ഭാമ ….അല്ല ഭാര്യ ….””
എന്റെ അനിയൻ എന്നെ ഒന്ന് ആക്കിയതാണ് ….

“”കൂടെ എന്താ ചേട്ടായി ഇങ്ങനെ നോക്കുന്നത് ? സ്വന്തം ഭാര്യ അല്ലേ എപ്പോ വേണോ നോക്കാല്ലോ ?””
എന്നൊരു ചോദ്യവും .

ഞാൻ അമ്മയെ നോക്കി കണ്ണുരുട്ടി ….അമ്മ മുപ്പത്തി രണ്ട് പല്ലും കാട്ടി ഇളിച്ചു കാണിച്ചു. അച്ഛൻ ആണെങ്കിൽ പിന്നേ ഞാൻ ഈ നാട്ടുകാരനേ അല്ല എന്നുള്ള ഭാവത്തിൽ നിക്കുവാണ്. താഴെ ഉള്ള രണ്ട് വാനരന്മാരും കൂടി എന്നെ കണക്കിന് കാളിയാക്കുന്നും ഉണ്ട് .

ഞാൻ മ്മടെ കെട്ടിയോളെ ഒന്ന് നോക്കി ….കർത്താവേ …ഇതിന് വട്ടായിരുന്നാ ..ഇതിപ്പോ ഏതോ സിനിമയില് ജയറാം ഉർവശിയെ കെട്ടിയത് പോലെ ആയല്ലോ ? ഇപ്പൊ കയറി വന്ന് പറയും വീട്ടിൽ പോയി പെട്ടി എടുത്തോണ്ട് വരാൻ …. പിന്നേ പെട്ടെന്ന് ഒരു ദിവസം നാല് പല്ല് വന്ന കഥ …ആദ്യമായി പല്ല് തേച്ച ബ്രെഷ് … ആദ്യമായി മാവേലെറിഞ്ഞ കല്ല് ….ഇനി എന്തൊക്കെ കാണേണ്ടി വരുമോ ആവോ ?
എന്റെ ഭഗവാനെ …എന്നെ നീ തന്നെ കാത്തോളണേ …. മെപ്പോട്ട് നോക്കി കൈ കൂപ്പി …. വാനരന്മാർ വീണ്ടും ആക്കി ചിരിച്ചു .

അപ്പോഴാണ് മതിലിൽ മുഴുവൻ കൊട്ട തേങ്ങകൾ പെറുക്കി വച്ചിരിക്കുന്നത് കണ്ടത് . ഒന്ന് കൂടി സൂക്ഷിച്ചു നോക്കി … ഇതെന്താ മാസ്ക് വച്ച കൊട്ട തേങ്ങകളോ ? ഹയ് !!…കൊട്ടത്തേങ്ങ അല്ല , മ്മടെ അയൽക്കാർ ഈ അപൂർവ കാഴ്ച കാണാൻ മതിലിനു മുകളിലൂടെ ഏന്തി വലിഞ്ഞു നോക്കണതാണ് …. കൊട്ടത്തേങ്ങകൾ സാമൂഹിക അകലം പാലിച്ചിട്ടുള്ളത് കൊണ്ട് ആകെ 6-7 എണ്ണമേ മതിലിനു മുകളിൽ ഉള്ളൂ …. വേറെ കുറച്ചു എണ്ണം ഗേറ്റിനടുത്തു കറങ്ങി നിൽപ്പുണ്ട് … ഗേറ്റ് ആണെങ്കിൽ ഒരു പാളി തുറന്നും ഇട്ടിട്ടുണ്ട് . കൊള്ളാം ….ബലെ ഭേഷ് !!!

കൊറോണ ആയോണ്ടുള്ള ഗുണം ഈ വാർത്ത കാട്ടു തീ പോലെ പടരില്ല എന്നുള്ളതാണ് . ഈ തേങ്ങകൾ ഉരുണ്ട് ഉരുണ്ട് പോയി മാസ്കും വച്ച് സാമൂഹിക അകലോം പാലിച്ചു ബാക്കി ഉള്ളോരേ അറിയിക്കണ്ടേ ?

ഈശ്വരാ ഇനി മുതൽ ഇവരൊക്കെ എന്നെ കാണുമ്പോൾ ദേ ഭീമ ജൂവലറിയുടെ ഭർത്താവ് പോണു …ദേ ഭീമ ജൂവലറിയുടെ ഭർത്താവ് പോണു എന്ന് പറയുമല്ലോ ?ആകെ നാണക്കേടായി ….ഇനി അവരുടെ നാട്ടിൽ ഇങ്ങനെ വല്ല ചടങ്ങും ഉണ്ടോ ? രാവിലെ വിവാഹ ആഭരണങ്ങൾ ഇട്ട് മുറ്റമടിക്കണം എന്ന് വല്ലതും …ഏയ്‌ …അതിന് ഇവളുടെ വീട് ഇവിടെ അടുത്ത് തന്നെ അല്ലേ ?

അങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴാണ് ഗേറ്റിനു മുന്നിൽ ഒരു ബൈക്ക് വന്ന് നിന്നത് . അത് വരെ തല ഉയർത്താതെ മുറ്റമടിച്ചോണ്ട് നിന്നവള് പെട്ടെന്ന് ചൂല് തറയിൽ ഇട്ടു ഞങ്ങളെ നോക്കി . എന്നെ നോക്കി നന്നായി ഒന്ന് ഇളിച്ചു കാണിച്ചു . റ്റാ റ്റാ തന്നു ….പിന്നേ ഒറ്റ ഓട്ടത്തിന് അവന്റെ ബൈക്കിനു അടുത്തെത്തി അതിൽ കയറി പാഞ്ഞു പോയി .

ഒരു 5-6 മിനിറ്റ് ആർക്കും ഒന്നും മനസിലായില്ല .ഞാൻ നോക്കുമ്പോ ,
“എന്താ ഇപ്പൊ ഇവിടെ ഒണ്ടായേ ?.
എന്തിനാ ആളോള് പടക്കം പൊട്ടിച്ചേ “എന്നുള്ള എക്സ്പ്രഷൻ ഇട്ടു നിൽക്കുവാണ് വീട്ടുകാരും നാട്ടുകാരും . എന്റേം അവസ്ഥ ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ ആയിരുന്നു .
സംഭവം വേറൊന്നും അല്ല , അതി വിദഗ്ധമായി എന്റെ ഭാര്യ അവളുടെ കാമുകനൊപ്പം ഒളിച്ചോടിയിരിക്കുന്നു .
കൊറോണ കാലത്ത് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു കല്യാണം കഴിച്ചതാ ….അത് ഇങ്ങനേം ആയി …

ഇവളുമാർക്കൊക്കെ ഒളിച്ചോടണമെങ്കിൽ അത് കല്യാണത്തിന് മുന്നേ ആയിക്കൂടെ ? എന്തിനാ ഞങ്ങളെപ്പോലെ ഉള്ള പാവങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്ന് ഓർത്ത് നല്ല രണ്ട് പ്രാക്ക് പ്രാകാൻ തുടങ്ങിയപ്പോ കേട്ടു അമ്മ അവളെ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുന്നത് . അവളേം അവളുടെ അച്ഛനേം അപ്പൂപ്പനേം പൂർവികരേം വരെ ചീത്ത പറയുന്ന കേട്ടു . മിക്കവാറും മോക്ഷം കിട്ടി സ്വർഗ്ഗ ലോകം പുൽകിയ പൂർവികരൊക്കെ ഇത് കേട്ടു തലേം കുത്തി താഴെ വീണിട്ടുണ്ടാകും . ഞാൻ ആണെങ്കിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ അങ്ങനെ തന്നെ നിക്കുവാണ് ….

അപ്പോഴാണ് നമ്മുടെ ഇളയ അനിയച്ചാര് അമ്മേടെ അടുത്ത പോയി കണ്ണൊക്കെ തുടച്ചു കൊടുക്കുന്നത് ….
എന്നിട്ട് ഒരു ഡയലോഗ് ഗും …

“”സാരമില്ല അമ്മേ … അവള് പോയത് നന്നായി …ഇനി നമുക്ക് ചേട്ടായീടെ അടുത്ത കല്യാണം നാട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വിളിച്ചു കൂട്ടി ജോർ ആയിട്ട് അങ്ങ് നടത്താം …””
എന്ന് ..

പറഞ്ഞത് മാത്രേ കേട്ടുള്ളൂ …പിന്നേ കണ്ടത് അവൻ വാണം വിട്ടത് പോലെ ഓടുന്നതാണ് ..കണ്ണ് പൊട്ടുന്ന ചീത്തയും അടിയും ഒരുമിച്ച് കിട്ടിയാൽ ആരായാലും ഓടിപ്പോകും അമ്മ എന്റെ അടുത്തേയ്ക്ക് വന്ന് ….
“”മനുക്കുട്ടാ ….””
എന്നൊരു വിളി ….
അടക്കി വച്ച സങ്കടം ദേഷ്യം ആയാണ് പുറത്തേയ്ക്ക് വന്നത് .

“”അമ്മയ്ക്ക് തൃപ്തി ആയല്ലോ ? ഞാൻ അപ്പോഴേ പറഞ്ഞതാ പാവപ്പെട്ട വീട്ടിലെ കുട്ടിയെ മതീന്ന് ….എന്തൊക്കെ ആയിരുന്നു ? സുന്ദരി , സുശീല , സത്ഗുണ സമ്പന്ന സർവോപരി കോടീശ്വരിയും …..
ഇപ്പൊ പവനായി ശവം ആയില്ലേ ?””

“”ആരാ മോനേ ഈ പവനായി ? “”എന്നുള്ള അച്ഛന്റെ നിഷ്കു ഭാവത്തിലുള്ള ചോദ്യം കൂടി ആയപ്പോൾ എനിക്ക് തികഞ്ഞു .

ദേഷ്യവും സങ്കടവും ഒക്കെ കൂടിക്കലർന്ന വല്ലാത്ത ഒരു ഭാവത്തിൽ ആയിരുന്നു ഞാൻ .
റൂമിലേയ്ക്ക് പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി മതിലിലേയ്ക്ക് നോക്കി . കൊട്ടത്തേങ്ങകൾ ഒന്നും കാണാനില്ല . ന്യൂസ്‌ നാട് മുഴുവൻ എത്തിക്കാൻ ഉരുണ്ട് ഉരുണ്ട് നടക്കുകയാകും ഇപ്പോൾ .മാസ്കും കെട്ടി സാമൂഹിക അകലവും പാലിച്ചു നടക്കണം എന്നുള്ളത് കൊണ്ട് നാട് മുഴുവൻ ന്യൂസ്‌ എത്തിക്കാൻ കഴിയുമോ ആവോ ?

പിന്നേ ലോക്ക് ഡൌൺ ആയോണ്ട് കുറച്ചു നാളത്തേയ്ക്ക് പുറത്ത് ഇറങ്ങേണ്ട എന്നുള്ള ഒരാശ്വാസം ഉണ്ട് . കൊറോണ ഒന്ന് ഒതുങ്ങാൻ ഒരു വർഷം എങ്കിലും പിടിക്കും എന്നാണ് കേൾക്കുന്നത് . അപ്പൊ ആൾക്കാർ ഇതൊക്കെ മറന്നു കാണും . പുതിയ ന്യൂസ്‌ കിട്ടുമ്പോൾ പഴയതൊക്കെ മറക്കുമല്ലോ ? അതല്ലേ മലയാളി …. കൊറോണ കാരണം ഉണ്ടാകുന്ന ഒരേ ഒരു ഉപകാരം ….

റൂമിൽ എത്തി ആദ്യം തിരഞ്ഞത് അവൾ എനിക്ക് വേണ്ടി എഴുതി വച്ച ലെറ്റർ ആണ് . സാധാരണ അങ്ങനെ ആണല്ലോ ? കുറച്ചു തപ്പിയപ്പോൾ മേശയ്ക്ക് ഉള്ളിൽ നിന്നും സാധനം കിട്ടി . നിവർത്തി വായിച്ചു .

പ്രിയപ്പെട്ട സഹോദരാ ….

ഹൊ …കെട്ടിയോനെ സഹോദരൻ ആക്കുന്ന ആദ്യത്തെ ഭാര്യ നീ ആയിരിക്കുമെടി താടാകെ …

മനസ്സിൽ അവളെ ചീത്ത വിളിച്ചു ബാക്കി വായിച്ചു .

എന്നോട് ക്ഷമിക്കണം . എനിക്ക് മറ്റൊരാളെ ഇഷ്ടമായിരുന്നു . അദ്ദേഹവുമായുള്ള വിവാഹത്തിന് വീട്ടിൽ സമ്മതിച്ചില്ല . ആളിന് കാര്യമായി ജോലി ഒന്നും ഇല്ല ,വരുമാനവും . അത് കൊണ്ടാണ് ഇങ്ങനെ ഒരു സാഹസം കാണിക്കുന്നത് . ഇതാകുമ്പോ വീടും സ്വത്തുക്കളും ആഭരണവും ഒക്കെ എനിക്ക് കിട്ടുമല്ലോ ? ചേട്ടന് എന്നേക്കാൾ നല്ല ഒരു കുട്ടിയെ കിട്ടും …വിഷമിക്കരുത് .

സ്നേഹത്തോടെ ഭാമ …

ആ കടലാസ് അവൾ ആണെന്ന് സങ്കൽപ്പിച്ചു ചുരുട്ടിക്കൂട്ടി വാതിൽക്കലേയ്ക്ക് എറിഞ്ഞു . ചെന്ന് കൊണ്ടത് അമ്മയുടെ മുഖത്ത് ആണ് .

അമ്മ അത് തുറന്നു വായിച്ചു വീണ്ടും ചീത്ത വിളി തുടങ്ങി .

“”ഒന്ന് നിർത്തു അമ്മേ …. കഴിഞ്ഞ വർഷം ശാന്തേച്ചീടെ മോള് ആരുടെയോ കൂടെ പോയപ്പോൾ അമ്മ അവരെ എന്തൊക്കെയാ പറഞ്ഞത് ? ഇതാണ് പറയുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് ….. ഇനി ഇതിനെക്കുറിച്ച് വെറുതെ ഒരു സംസാരം വേണ്ട . ഞാൻ അവളുടെ അച്ഛനെ ഒന്ന് വിളിക്കട്ടെ …. എല്ലാം അറിഞ്ഞിട്ട് എന്നോട് ഈ ചതി ചെയ്തത് എന്തിനെന്നു അയാളോട് ഒന്ന് ചോദിക്കണം ….””

ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു .
മറുതലയ്ക്കൽ ഫോൺ എടുത്തപ്പോഴേ സംഭവം പറഞ്ഞു …. അവിടെ നിന്നും കരച്ചിൽ കേട്ടപ്പോൾ പിന്നേ ഒന്നും പറയാൻ തോന്നിയില്ല .

“”ഒരു മോളും കൂടി ഉണ്ടല്ലോ ? അവളോട്‌ ചോദിക്കണം ഇത് പോലെ ആരെയെങ്കിലും കണ്ട് വച്ചിട്ടുണ്ടോ എന്ന് . ഉണ്ടെങ്കിൽ അവനെത്തന്നെ കെട്ടിച്ചു കൊടുക്കണം . വേറൊരാളുടെ ജീവിതം കൂടി തകർക്കരുത് .””
ഇത്ര മാത്രം പറഞ്ഞു ഫോൺ വച്ചു .

ഞാൻ ഉൾപ്പെടെ മൂന്ന് തല്ല് കൊള്ളികളെ വളർത്തിയത് കൊണ്ട് അച്ഛനും അമ്മയ്ക്കും നല്ല മനക്കട്ടി ആണ് . അതില്ലാതെ പോയത് എനിക്ക് മാത്രം ആണ് . രാവിലെ കണ്ട സ്വപ്നം വീണ്ടും ഓർമ വന്നു . പിന്നേ ഒന്നും നോക്കീല്ല സുഖമായിട്ട് കേറി കിടന്ന് അങ്ങ് ഉറങ്ങി ….

വിളിച്ചുണർത്തിയത് അനിയൻ ആണ് .

“”ചേട്ടായി വിഷമിക്കണ്ട ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ ….””
മമ്മൂട്ടി സ്റ്റൈലിൽ അവൻ അത് പറഞ്ഞപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു പോയി ഞാൻ ….

“”ചേട്ടായി വാ … ആ പെണ്ണിന്റെ അച്ഛനും അനിയത്തീം വന്നു ഇരിപ്പുണ്ട് .””

രണ്ട് പറയണം എന്നു കരുതിയാണ് താഴേയ്ക്ക് പോയത് . പക്ഷെ ആളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല . അദ്ദേഹം എന്നോട് ക്ഷമ പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു .

“”അവൾക്ക് ഒരാളെ ഇഷ്ടമാണെന്ന് ഞങ്ങളോട് പറഞ്ഞതാ മോനേ …. ഞങ്ങൾ അവനെപ്പറ്റി തിരക്കി . അവന്റെ സാമ്പത്തികം ഞങ്ങൾക്ക് വിഷയം ആയിരുന്നില്ല . പക്ഷെ സ്വഭാവം …. കള്ളുകുടിയും പെണ്ണ് പിടിയും ആയി നടക്കുന്ന ഒരുത്തനു എങ്ങനെ ഞങ്ങൾ അവളെ കൊടുക്കും മോനേ ? ഞങ്ങൾ പറഞ്ഞത് ഒന്നും അവൾ വിശ്വസിച്ചില്ല . അല്ല ,ഈ പ്രേമത്തിന് കണ്ണും മൂക്കും കാതും ഒന്നും ഇല്ല എന്നല്ലേ പറയുന്നത് ?പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു . ഒരുപാട് നിർബന്ധിച്ചപ്പോൾ അവള് സമ്മതിച്ചു . ഞങ്ങൾ പറഞ്ഞതൊക്കെ അവൾക്ക് മനസ്സിലായിക്കാണും എന്ന് കരുതി . അവളുടെ മനസ്സിൽ ഇങ്ങനെ ഒക്കെ ആയിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞില്ല മോനേ …..””

അദ്ദേഹം കരയുന്നത് കണ്ടപ്പോൾ എനിക്കും സങ്കടം ആയി . എത്ര മാത്രം വേദനിക്കുന്നുണ്ടാകും . ഒളിച്ചോടുന്നവർ എന്താ മാതാ പിതാക്കളെക്കുറിച്ചു ചിന്തിക്കാത്തതു ? ഒരു വേള ഞാൻ ആലോചിച്ചു .

“”മോൻ പറഞ്ഞില്ലേ ഇവളോടും ചോദിക്കാൻ …ഇവളുടെ മനസിലും ഒരാൾ ഉണ്ട് . “”

“”എങ്കിൽ അയാളെത്തന്നെ വിവാഹം ചെയ്ത് കൊടുക്കണം അങ്കിൾ ….””

“”മ്മ് …അതിനാ ഞാൻ ഇങ്ങോട്ട് വന്നത് . ഇവൾക്ക് ഇഷ്ടം മോനെയാ ….””

അദ്ദേഹം പറഞ്ഞത് കേട്ടു ഞാൻ മാത്രമല്ല ഞങ്ങൾ എല്ലാപേരും ഞെട്ടി .

“”ഇനിയും എന്റെ കുഞ്ഞിനെ ദ്രോഹിക്കരുത് … ചേച്ചിയെപ്പോലെ അനിയത്തിക്കും ഒരുത്തനെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോ അവളേം എന്റെ കുഞ്ഞിന്റെ തലേൽ തന്നെ കെട്ടി വയ്ക്കണോ ?””
ചോദ്യവുമായി അമ്മ മുന്നിലേയ്ക്ക് വന്നു .

അമ്മയ്ക്കുള്ള മറുപടി നൽകിയത് ആ കുട്ടിയാണ് . ഭാമയുടെ അനുജത്തി ഭദ്ര …

“”എന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്ന പ്രകൃതക്കാരിയാണ് ഞാൻ …. അത് കൊണ്ട് തന്നെ ബന്ധുക്കൾക്കൊക്കെ ഞാൻ അഹങ്കാരിയും ആണ് . പക്ഷെ അറിഞ്ഞു കൊണ്ട് ഞാൻ ആരെയും ചതിക്കില്ല അമ്മേ ..ഇദ്ദേഹത്തെ ഞാൻ മുന്നേ കണ്ടിട്ടുണ്ട് . “”

അവൾ എന്റെ നേരെ നോക്കി .

“”മാഷിന് ഓർമ്മയുണ്ടോ ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ഭിക്ഷക്കാരൻ വഴിയിൽ കുഴഞ്ഞു വീണപ്പോൾ എല്ലാപേരും നോക്കി നിന്നതും മാഷ് അയാളെ ഓട്ടോയിൽ ഹോസ്പിറ്റലിൽ എത്തിച്ചതും . അന്ന് കയറിക്കൂടിയതാ മാഷ് എന്റെ ഉള്ളില് ….പിന്നേ ഒന്ന് രണ്ട് തവണ കൂടി കണ്ടു . ഒരു കൂട്ടുകാരി വഴി മാഷിന്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് കിട്ടി .

അച്ഛനോട് പറയാൻ ഇരുന്നപ്പോഴാണ് മാഷിന്റെ ആലോചന ചേച്ചിക്ക് വരുന്നത് . അത് വരെ എതിർത്തിരുന്ന ചേച്ചി മൗന സമ്മതം മൂളിയപ്പോൾ ഞാൻ എന്റെ ഇഷ്ടം ഉള്ളിൽ ഒളിപ്പിച്ചു . മാഷിനോടുള്ള സഹതാപം കൊണ്ടല്ല ,മാഷിനെ ശെരിക്കും ഇഷ്ടമായത് കൊണ്ട് തന്നെയാ ഞാൻ അച്ഛനോട് ഇക്കാര്യം പറഞ്ഞത് .””
ചിരിയോടെ അവൾ പറഞ്ഞു നിർത്തിയപ്പോൾ അമ്മ അവളുടെ അടുത്തേയ്ക്ക് ഓടി പോയി കെട്ടിപ്പിടിക്കുന്നത് കണ്ടു .

“”അല്ലെങ്കിലും എനിക്ക് ആദ്യമേ മോളെ തന്നെയാ ഇഷ്ടപെട്ടത് . മോള് തന്നെയാ മനുക്കുട്ടന് കൂടുതൽ ചേർച്ച …””
അമ്മയുടെ സംസാരം കേട്ടു എന്റെ രണ്ട് കണ്ണും തള്ളി പുറത്തേയ്ക്കു വന്നു . അമ്മാതിരി തള്ളല്ലേ എന്റെ അമ്മ തള്ളൂന്നത് . ആദ്യം അമ്മയും അച്ഛനും ഭാമയെ കണ്ട് തിരികെ വന്ന് എന്നെ വിളിച്ചത് എന്റെ ഓർമയിൽ ഇങ്ങനെ തെളിഞ്ഞു വന്നു .

“”മോനേ മനുക്കുട്ടാ …രണ്ട് പെൺ കുട്ടിയോളാ …. മൂത്ത ആളാ ഭാമ … ഇളയതിനേക്കാൾ കാണാൻ ചേല് ആ കുട്ടിയെ തന്നെയാ … ഭാമ എന്റെ മോന് നന്നായി ചേരും ….””

എന്തൊരു തള്ളാ അമ്മേ ഈ തള്ളി മറിക്കുന്നത് എന്ന ഭാവത്തിൽ നോക്കുന്ന എന്നെ നോക്കി അമ്മ വെളുക്കെ ചിരിച്ചു . ഞാനും ..എല്ലാരുടെ മുഖങ്ങളിലേയ്ക്കും ആ ചിരി പടരുന്നത് കണ്ടു .ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി . സുന്ദരമായ ചിരിയോടെ നിൽക്കുന്ന അവൾക്ക് അപ്പോൾ സംവൃത സുനിലിന്റെ മുഖഛായ ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *