കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു വരുന്നുണ്ട് ഭീമസേനൻ….” ഉമ്മറപ്പടിയിൽ

(രചന:ശരൺ പ്രകാശ്)

“കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു വരുന്നുണ്ട് ഭീമസേനൻ….”

ഉമ്മറപ്പടിയിൽ പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛന്റെ വാക്കുകൾ കേട്ടപ്പോഴാണ്, ഫോണിൽ നിന്നും തലയുയർത്തി ഞാൻ ഉമ്മറത്തേക്ക് നോക്കിയത്….

ഒഴുകി വീഴുന്ന വിയർപ്പു തുള്ളികളെ തുടച്ചു നീക്കി ഗേറ്റ് കടന്നു വരുന്ന ചേട്ടൻ….

“യുദ്ധം കഴിഞ്ഞോ ഭീമാ??”

പരിഹാസച്ചുവയോടെ ചേട്ടനെ നോക്കിയുള്ള അച്ഛന്റെ ആ ചോദ്യത്തിൽ എന്നിലൊരു ചെറുചിരി വിടർന്നു….

അതുകണ്ടിട്ടാകണം എന്നെയൊന്നു കണ്ണിറുക്കി നോക്കി ചേട്ടൻ അകത്തേക്ക് നടന്നകന്നത്…

”കട്ടിള പടി മാറ്റേണ്ടി വരുമല്ലോ എന്റെ ഭഗവാനെ…”

ഒരു നെടുവീർപ്പോടെ അച്ഛൻ വീണ്ടും പത്രത്താളുകളിലേക്ക് കണ്ണുകൾ പായിക്കുമ്പോൾ, എന്റെ ചെറുചിരി ഒരാട്ടഹാസമായിമാറി…

അച്ഛനും ചേട്ടനും നേർക്കുനേർ കണ്ടുമുട്ടുന്ന നിമിഷങ്ങളിലെല്ലാം എലിയെ തട്ടിക്കളിക്കുന്ന പൂച്ചയെപ്പോലെ, അച്ഛനെപ്പോഴും ചേട്ടനെ പരിഹസിച്ചുകൊണ്ടേയിരിക്കും…

അച്ഛൻ മാത്രമല്ല…. വീടും, നാടും, സമൂഹവും, എന്തിനേറെ ഞാനും, ഇന്ന് ചേട്ടനെതിരെയാണ്…

അല്ലേലും, ശരീര സൗന്ദര്യത്തിനു മാറ്റേകാൻ മസിലുകൾ വച്ചുപിടിപ്പിക്കാൻ വിയർപ്പൊഴുക്കുന്നവർക്ക് ഭ്രാന്തെന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക….

പറമ്പിലൊരു തെങ്ങിന് തടമെടുക്കാൻ കഴിയാത്തവരാണ്, പണം നൽകി ജിംനേഷ്യത്തിൽ പോയി വിയർപ്പൊഴുക്കുന്നത്… അവർക്കൊന്നും ജീവിതത്തിൽ ലക്ഷ്യബോധമില്ലത്രേ…

ഊണുമേശയിൽ നിറയുന്ന കോഴിമുട്ടയും പാലും കാണുമ്പോൾ, മേശക്കരികിലിരിക്കുന്ന ചേട്ടനെയും, വിഭവങ്ങൾ ഒരുക്കികൊടുക്കുന്ന അമ്മയെയും മാറി മാറി നോക്കികൊണ്ട്‌ പലപ്പോഴും അച്ഛൻ പല്ലുകടിച്ചിരുന്നത് എന്റെ കാതുകളിൽ നുഴഞ്ഞു കയറിയിരുന്നു….

അപ്പോഴും എന്റെ ചുണ്ടിലൊരു അടക്കിപ്പിടിച്ച ചിരി വിടരാറുണ്ട്… അതുകേൾക്കുമ്പോൾ അച്ഛന്റെ കണ്ണുകൾ അവരിൽ നിന്നും എന്നിലേക്ക് കുതിക്കും…. ആ കണ്ണുകൾ എന്നെ ഓർമ്മിപ്പിക്കാറുണ്ട്…

”എന്റെ പ്രതീക്ഷ ഇനിമുതൽ നിന്നിൽ മാത്രമാണ്..”

അതിരാവിലെയെഴുന്നേറ്റു ഓടാൻ ഒരുങ്ങുന്ന ചേട്ടനെ പുച്ഛത്തോടെ നോക്കുന്ന അച്ഛന്റെ കണ്ണുകൾ പക്ഷേ, ട്യൂഷ്യന് ഇറങ്ങുന്ന എന്നിലേക്ക് അഭിമാനത്തോടെ നോക്കാറുണ്ട്…

നന്നായി പഠിക്കണമെന്ന് പറഞ്ഞുകൊണ്ട് ആ കൈകൾ എന്റെ നെറുകയിൽ വെച്ചനുഗ്രഹിക്കുമ്പോൾ, ഒന്നും മിണ്ടാതെ ചേട്ടൻ തല താഴ്ത്തി ആ പടിയിറങ്ങും…

റോഡിരികിലൂടെ അങ്ങാടിയിലേക്ക് ചെറുവേഗത്തിലും താളത്തിലുമായി ചേട്ടൻ ഓടുമ്പോൾ, പുറകെ സൈക്കിളിൽ ഞാനും കൂടും…. ചേട്ടനെ നോക്കി വഴിയേ പോകുന്നവരുടെ ഉയർന്നുകേൾക്കുന്ന പരിഹാസങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അവർക്കൊപ്പം ഞാൻ നിലയുറപ്പിക്കുമ്പോൾ, ഒരു നോട്ടംകൊണ്ടുപോലും ചേട്ടൻ എന്നെ എതിർത്തിരുന്നില്ല….

”തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതാ… അല്ലാതെന്താ പറയാ…”

ചായക്കടക്കാരൻ കണാരേട്ടൻ, ചേട്ടനെ നോക്കി പറയുമ്പോൾ, കൂടിയിരിക്കുന്നവരെല്ലാം ഒരുപോലെ അട്ടഹസിക്കും…. സ്ഥിരമായി അവർക്ക് പറഞ്ഞു രസിക്കാനുള്ള വെറുമൊരു കോമാളിമാത്രമായിരുന്നു ചേട്ടൻ….

അല്ലേലും പഠിച്ചിറങ്ങി വർഷങ്ങൾ ഇത്രയായിട്ടും, ജോലിയോ കൂലിയോ കുടുംബമോ എന്ന ലക്ഷ്യബോധമില്ലാതെ വട്ടം കറങ്ങിയോടി ശരീര സൗന്ദര്യത്തിനു മാത്രം വിലകല്പിക്കുന്ന ചേട്ടനെ അവർ പരിഹസിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു….

പക്ഷേ,,

ആ പരിഹാസങ്ങൾക്കല്ലാം ആ ഒരു രാത്രിയോടെ അറുതിവീഴുകയായിരുന്നു….

ജില്ലാതലത്തിൽ സംഘടിപ്പിച്ച ശരീരസൗന്ദര്യ മത്സരത്തിൽ ഒന്നാമനായത് ചേട്ടനാണെന്ന വാർത്ത സായംസന്ധ്യയിൽ ടിവിയിൽ നിറഞ്ഞു നിന്നതോടെ…

ചായകുടിച്ചുകൊണ്ടിരുന്ന അച്ഛന്റെ കയ്യിലെ ചായക്കപ്പിൽ നിന്നും ഒരു ഞെട്ടലോടെ രണ്ടുതുള്ളി ചുടുചായ നിലത്തിരുന്നിരുന്ന എന്റെ പുറത്തേക്ക് ചാടിയപ്പോഴാണ്, കൊറിക്കാൻ വേണ്ടി വായിലേക്കിട്ട കപ്പലണ്ടികൾ ചവക്കാൻ ഞാൻ മറന്നുപോയതറിഞ്ഞതും, സ്ഥലകാല ബോധം വീണ്ടെടുത്തതും….

അച്ഛനും ഞാനും ആകാംക്ഷയോടെ മുഖത്തോടു മുഖം നോക്കുമ്പോൾ, അമ്മ മാത്രം അഭിമാനത്തോടെ ടീവിയിലെ ചേട്ടന്റെ ഫോട്ടോയിലേക്ക് നോക്കിയിരിക്കുന്നുണ്ടായിരുന്നു…..

പിന്നീട് അമ്മയിൽനിന്നുമാണ് ഞങ്ങളെല്ലാം തിരിച്ചറിഞ്ഞത്… ഉത്തരവാദിത്തബോധമില്ലെന്നു പറഞ്ഞു കുറ്റപ്പെടുത്തിയിരുന്ന ചേട്ടന്റെ ഉള്ളിലെ ആ വലിയ ലക്ഷ്യബോധത്തെ പറ്റി… ലോകമറിയുന്ന ശരീരസൗന്ദര്യത്തിനുടമയെന്ന സ്വപ്നത്തിലേക്കുള്ള തേരോട്ടത്തെ പറ്റി…

ഉറുമ്പുകൾ സഞ്ചരിക്കും പോലെ ഒരേവഴിയിലൂടെ മുന്നോട്ടു കുതിക്കുന്ന ഈ സമൂഹത്തിൽ, ചേട്ടൻ മാത്രം മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചപ്പോൾ, കണ്ടുനിന്നവർക്കും കേട്ടുനിന്നവർക്കുമെല്ലാം അതൊരു ഭ്രാന്ത് മാത്രമായിരുന്നു…. അമ്മക്കൊഴികെ….

ചായക്കടയുടെ മുൻപിൽ ഉയർന്നു നിൽക്കുന്ന ചേട്ടന്റെ മുഖമുള്ള വലിയ ഫ്ളക്സ് ബോർഡിലേക്ക് മിഴിച്ചു നോക്കുന്ന അതിഥികളോടായി കണാരേട്ടൻ ഇപ്പോൾ പറയാറുണ്ട്…

”ഞങ്ങളുടെ നാടിന്റെ അഭിമാനമാണവൻ…”

പരിഹാസം നിറഞ്ഞിരുന്ന കണ്ണുകളെല്ലാം ഇന്നെന്റെ വീടിന്റെ മതിൽകെട്ടിനപ്പുറത്തുനിന്നും ആകാംക്ഷയോടെ എത്തിനോക്കാറുണ്ട്… ചേട്ടനെയൊന്നു കാണാൻ… കൂടെനിന്നൊരു ചിത്രമെടുക്കാൻ…

പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കും വിലക്ക് പ്രഖ്യാപിച്ചുകൊണ്ട്, പത്രത്താളുകളിലെ ചേട്ടന്റെ ചിത്രങ്ങൾ വെട്ടിയെടുത്തു നെഞ്ചോടു ചേർക്കുന്നുണ്ട് ഇന്നെന്റെ അച്ഛൻ….

പക്ഷേ ചേട്ടനപ്പോഴും ഓട്ടത്തിലാണ്… ഉള്ളിലുളവെടുത്ത ആ വലിയ സ്വപ്നം കൈപ്പിടിയിലൊതുക്കാൻ….

ചേട്ടൻ ചെയ്തതാണ് ശരി…. മറ്റൊരാളുടെ പിൻഗാമിയാകുമ്പോഴല്ല…. ഉള്ളിലെ സ്വപ്നങ്ങൾക്കൊപ്പം പുത്തൻ വഴികൾ വെട്ടിത്തെളിച്ചുകൊണ്ടു മുന്നേറുമ്പോഴാണ്‌, ജീവിതത്തിനൊരു ഹരമേറുന്നത്….

ഓർമ്മകളിൽ നിന്നും തലയുയർത്തി ഞാൻ എനിക്കെതിരെനിൽക്കുന്നവരെനോക്കി… മുഷ്ഠിച്ചുരുട്ടിയും, ബാറ്റുമേന്തിയും കണ്ണിൽ അടങ്ങാത്ത കലിയോടെ എനിക്കരികിലേക്ക് നടന്നടുക്കുന്ന ഒരു കൂട്ടം കൗരവർ…

കലാലയ ജീവിതത്തിലെ വാക്കുതർക്കങ്ങൾ കയ്യാങ്കളിയിലെത്തിയപ്പോൾ, എന്റെയൊപ്പം നിന്നിരുന്നവരെല്ലാം നാലുപാടും ചിതറിയോടി….

”ഇനിയാരെങ്കിലുമുണ്ടോ നിനക്ക് ചോദിക്കാനും പറയാനും??”

പരിഹാസത്തോടെ കൈകളുയർത്തികൊണ്ടവർ എനിക്കരികിലേക്കായി നടന്നടുക്കുമ്പോഴും, തളരാതെ പിടിച്ചുനിന്നത്, ചേട്ടന്റെ ആ വാക്കുകൾ കാതിൽ മുഴങ്ങിയതിനാലാണ്….

”പ്രതിസന്ധികളിൽ തളരാത്തവനെ വിജയിപ്പിക്കാൻ, ദൈവം ചില രൂപത്തിൽ പ്രത്യക്ഷപ്പെടും….”

ചേട്ടന്റെ ജീവിതത്തിൽ അമ്മയിലൂടെ.. ഇന്ന് എന്റെ ജീവിതത്തിൽ………….

അകലെനിന്നും ഉയർന്നുകേട്ട ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിൽ, അഹങ്കാരത്തോടെ ഉയർത്തെഴുന്നേറ്റ രോമങ്ങൾ പോലും ”ചോദിക്കാനെനിക്കാളുണ്ട്” എന്ന് മുഖത്തൊരു പുഞ്ചിരിയോടെ പറയുമ്പോൾ, കൂടി നിന്നിരുന്നവർ പരസ്പരം കണ്ണുമിഴിച്ചു നോക്കി….

അവരുടെ കണ്ണുകളിലെ സംശയത്തിനുള്ള ഉത്തരമെന്നോണം വഴിയകലെക്കായി ഞാൻ കൈചൂണ്ടുമ്പോൾ, പണ്ട് പരിഹസിച്ചുകൊണ്ട് അച്ഛൻ നൽകിയ ഇരട്ടപ്പേര് എന്റെ ചുണ്ടുകൾ അഭിമാനത്തോടെ വിളിച്ചോതുന്നുണ്ടായിരുന്നു…..

”കലിയുഗ ഭീമസേനൻ….”

Leave a Reply

Your email address will not be published. Required fields are marked *