വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ.. ബസിൽ ആണ് സ്ഥിരം യാത്ര.. സൈഡ്

(രചന:Mareelin Thomas)

വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ.. ബസിൽ ആണ് സ്ഥിരം യാത്ര.. സൈഡ് സീറ്റിൽ ഇരുന്ന് ഹെഡ് സെറ്റിലൂടെ പാട്ട് കേട്ട് പുറത്തേ കാഴ്ചകൾ ആസ്വദിച്ചു പോകാൻ നല്ല സുഖമാണ് അല്ലെ….

വലിയ തിക്കും തിരക്കുമൊന്നും ഇല്ല.. കുറച്ച് സ്റ്റോപ്പുകൾക്കപ്പുറം ഒരു സ്ത്രീ കയറി.. കയ്യിൽ ഒരു കുഞ്ഞുമുണ്ട്. ഒരു ഷോള്‍ കൊണ്ട് കുഞ്ഞിനെ മൂടി പിടിച്ചിരിക്കുന്നു… എന്റെ എതിർ വശത്ത് ഒരു സീറ്റിൽ അവർ ഇരുന്നു.. കണ്ടിട്ട് ഒരു നാടോടി സ്ത്രീ ആണെന്ന് തോന്നി..മുഷിഞ്ഞ സാരി ആണ് വേഷം.. തലമുടിയോക്കെ പാറി പറന്നു കിടക്കുന്നു.. കുഞ്ഞ് നല്ല മയക്കം ആണ്..

എങ്ങനെയോ കുഞ്ഞിനെ മറച്ചിരുന്ന ഷോൾ അൽപം മാറിയപ്പോൾ കുഞ്ഞിന്റെ കാലിൽ സ്വർണ്ണ കൊലുസ്സ്‌ കണ്ടൂ.. രണ്ടര മൂന്ന് പവൻ എങ്കിലും വരും… കുഞ്ഞിന് നല്ല തൂവെള്ള നിറം ആണ്..നല്ല വൃത്തിയുള്ള ഡ്രസ്സ്.. എന്തോ എനിക്ക് ഒരു വശപ്പിശക് തോന്നി.. ഒന്നും അങ്ങോട്ട് മാച്ച് ആവുന്നില്ല..

വെറുതെ എന്തിനാ വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് തോളത്ത് ഇടുന്നത് എന്ന് വിചാരിച്ച് എന്റെ ശ്രദ്ധ അവിടെ നിന്നും മാറ്റി തിരികെ ഹെഡ് സെറ്റിലെ പാട്ടിലേക്കും പുറത്തെ കാഴ്ചകളിലേക്കും തിരിച്ചു…

വൈകാതെ എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ് എത്തി.. ഇറങ്ങുന്നതിനു മുൻപ് ഒന്നുകൂടെ അവരെ ഒന്ന് നോക്കി..
സ്റ്റോപ്പിൽ ഇറങ്ങി ഓഫീസിലേക്ക് കുറച്ച് നടക്കാൻ ഉണ്ട്..

എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു..
ഒരു സ്വൈര്യം കിട്ടുന്നില്ല.. ആ സ്ത്രീയുടെ കയ്യിൽ എന്റെ കുഞ്ഞിന്റെ മുഖം ആണ് തെളിഞ്ഞു വരുന്നത്..ആകെ പരവേശം എടുക്കുന്ന അവസ്ഥ..

എന്ത് ചെയ്യണം എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.. ബസിന്റെ പുറകെ ഓട്ടോ പിടിച്ചു പോകാം എന്ന് വിചാരിച്ചാൽ താമസിക്കും.. സിനിമയിൽ ഓക്കെ ഓട്ടോ ബസിനെ ഓവർടേക്ക് ചെയ്ത് കുറുകെ കൊണ്ടുപോയി നിർത്തുമായിരിക്കും..പക്ഷേ ഇത് ജീവിതമല്ലെ..അവർ എവിടേക്കാണ് ടിക്കറ്റ് എടുത്തിരിക്കുന്നത് എന്ന് പോലും അറിയില്ല..

പെട്ടെന്ന് മനസ്സിൽ ഒരു ആശയം തോന്നി..
ഫോൺ എടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ കണ്ട് പിടിച്ചു.. നെറ്റ് ഉള്ളത് ഭാഗ്യം..

പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുമ്പോൾ ഒരു വിറയൽ ആയിരുന്നു.. ആദ്യമായിട്ടാണ് പോലീസുകാരോട് ഇടപെടേണ്ടി വരുന്നത്… അവർ എങ്ങനെ പ്രതികരിക്കും എന്ന് ഒരു പിടിയുമില്ല.. താൻ തന്റെ പണി നോക്കി പോകെടോ എന്ന് പറഞ്ഞാൽ പിന്നെ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.. ജീവിതകാലം മുഴുവൻ ഈ കുറ്റബോധം തന്നെ അലട്ടിക്കൊണ്ടിരിക്കും.. ആകേക്കൂടെ വട്ട് പിടിക്കുന്ന അവസ്ഥ..

ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ പാതി ജീവൻ പോയി..

“ഹലോ.”

“ഹലോ സർ.. എന്റെ പേര് രോഹൻ.. ഞാൻ കെ എസ് ഈ ബി യില് ആസ്സിടൻറ് എൻജിനീയർ ആണ്..

ഞാൻ ഇപ്പൊ യാത്ര ചെയ്ത ബസിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു നാടോടി സ്ത്രീയെയും ഒരു കുഞ്ഞിനെയും കണ്ടൂ.. കുഞ്ഞിനെ കണ്ടാൽ അവരുടെ കുട്ടിയാണെന്ന് പറയില്ല സർ.. പക്ഷേ അപ്പോൾ ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.. ഇനി എന്റെ തോന്നൽ തെറ്റാണെങ്കിലോ എന്ന പേടിയായിരുന്നു.. പക്ഷേ ബസിൽ നിന്നിറങ്ങിയത് മുതൽ വല്ലാത്ത മനപ്രയസം.. ആ കുഞ്ഞിന്റെ സ്ഥാനത്ത് എന്റെ കുഞ്ഞിന്റെ മുഖം ആണ് മനസ്സിൽ തെളിഞ്ഞു വരുന്നത്..

“ബസിന്റെ പേരും റൂട്ടും പറയൂ”

“സർ, ധനലക്ഷ്മി, മണർകാട് കോട്ടയം റൂട്ട്”

“ശരി, പട്രോളിങ് ടീമിന് ഇപ്പൊൾ തന്നെ മെസ്സേജ് വിടാം”

“പരാതി തന്ന ആൾ എന്ന നിലയിൽ ഇവിടെ വരെ താങ്കളും വരേണ്ടി വരും..”

“ശരി സർ..ഇപ്പൊൾ തന്നെ എത്തിയേക്കാം..”

ഞാൻ വേഗം ഓട്ടോ സ്റ്റാൻഡിൽ എത്തി ഒരു ഓട്ടോ പിടിച്ച് സ്റ്റേഷനിലേക്ക് തിരിച്ചു..

അവരെ എത്രയും പെട്ടെന്ന് പിടിക്കാൻ പറ്റണം എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സിൽ..

സ്റ്റേഷനിൽ എത്തി അവിടെ ഉണ്ടായിരുന്ന പോലീസുകാരനോട് എന്റെ പേരും വിവരവും, വന്ന കാര്യവും പറഞ്ഞു.. പുള്ളി എന്നെ എസ് ഐ യുടെ കാബിനിലേക്ക് പറഞ്ഞു വിട്ടു. അപ്പോഴേക്കും പട്രോളിങ് ടീമിന്റെ മെസ്സേജ് എത്തി ആ സ്ത്രീയെ പൊക്കി എന്ന് പറഞ്ഞ്..

കുറച്ച് കഴിഞ്ഞപ്പോൾ പട്രോളിങ് ടീം അവരെയും കൊണ്ട് സ്റ്റേഷനിലേക്ക് എത്തി.. പുറകെ ബസും ഉണ്ടായിരുന്നു.. യാത്രക്കാർ ഒന്നും മനസ്സിലാവാതെ എന്താ സംഭവിക്കുന്നത് എന്ന് ഉറ്റു നോക്കിക്കൊണ്ടിരുന്നു.. ചിലരുടെ മുഖഭാവം ” ഇയാൾക്ക് എന്തിന്റെ കേടാ.. മനുഷ്യനെ വെറുതെ മിനക്കെടുത്താൻ ” എന്നായിരുന്നു..

ബസും ആൾക്കൂട്ടവും കണ്ട് പോലീസുകാരിൽ ചിലർ ഇറങ്ങി വന്നു. ജീപ്പിൽ ഉണ്ടായിരുന്ന ലേഡീ പോലീസ്, സ്ത്രീയെ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി…

തമിഴും മുറി മലയാളവുമാണ് അവരുടെ സംസാര ഭാഷ..

“എന്താ നിന്റെ പേര്..”

“കനകമ്മ”

“കുട്ടിക്ക് എത്ര വയസ്സായി”

“മൂന്ന് വയസ്സ് ആയാച്ച് സാർ”

“കുട്ടി നിങ്ങളുടെ ആണോ??”

“ആമ”

“കുട്ടിയുടെ പേരെന്താ”

“ശെൽവൻ സാർ”

“അതെങ്ങനെയാ .. നിങ്ങളുടെ നാട്ടിൽ ആൺകുട്ടികളുടെ പേരാണോ പെൺകുട്ടികൾക്ക് ഇടുക..” കുഞ്ഞിനെ പിടിച്ചിരുന്ന പോലീസുകാരി ചോദിച്ചു..

“ഇല്ല സാർ. കൊളന്തയുടെ പേര് ശെൽവി സാർ.. നാൻ വന്ത് ശെൽവൻ ന്ന്‌ കൂപ്പിടും.. “..

“ശെൽവി ആണോ.. ”

“ആമ സാർ..”

“പക്ഷേ കുട്ടി സത്യത്തിൽ ആൺ കുഞ്ഞ് തന്നെ ആണല്ലോ ശെൽവിയുടെ അമ്മേ…”

നാടോടി സ്ത്രീ ഒന്ന് പരുങ്ങി..

ഇത്രയും ബഹളത്തിനിടക്കും കുഞ്ഞു അനങ്ങുന്നില്ല.. മയക്കി കിടത്തിയിരിക്കുകയാവും എന്ന് ഒരു പോലീസുകാരൻ പറയുന്നത് കേട്ടൂ…. അടുത്തുള്ള സ്റ്റേഷനുകളിൽ എവിടെയെങ്കിലും കുട്ടി മിസ്സിംഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ എസ് ഐ പറഞ്ഞു…..ഒരു പോലീസുകാരൻ അടുത്തുള്ള സ്റ്റേഷനുകളിൽ വിളിച്ചു ചോദിക്കുന്നത് കേട്ടു….

“സാറേ.. കാരാപ്പുഴ സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ടു വയസ്സുകാരനെ കാണാതെ പോയിട്ടുണ്ട് …”

“കുഞ്ഞിൻറെ ഫോട്ടോ എടുത്ത് അവിടുത്തെ എസ് ഐക്ക് വാട്ട്സ്ആപ് അയച്ചു കൊടുക്കേഡോ..”

“ചെയ്യാം സാർ..”

സമയം ഒച്ചുപോലെ ഇഴഞ്ഞു നീങ്ങുന്നു..

ഫോൺ ബെൽ അടിച്ചു.. എസ് ഐ തന്നെ എടുത്ത് സംസാരിച്ചു..

“സാർ എൻ കോളന്ത് താൻ.. പാപം കിട്ടും സാർ..” അവർ എന്തൊക്കെയോ പറയുന്നൂ..

എസ് ഐ , ലേഡി കോൺസ്റ്റബിളിനോട് എന്തോ ആംഗ്യഭാഷയിൽ പറഞ്ഞു.. പിന്നെ ചെവി പൊട്ടുന്ന ഒരൊച്ച ആയിരുന്നു.. ഒറ്റ അടിക്കു തന്നെ അവർ താഴെ വീണു..

“നിന്റെ ശെൽവൻ ആണല്ലെടി ഇത്..”

“കുഞ്ഞിന്റെ മാതാപിതാക്കൾ പുറപ്പെട്ടിട്ടുണ്ട് അവിടുന്ന്.. പാവപ്പെട്ട എത്ര കുഞ്ഞുങ്ങളെ നീ ഇതിനോടകം കടത്തിയെടി.. ”

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കുഞ്ഞിന്റെ മാതാപിതാക്കൾ എത്തി.. വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവർ.. കരഞ്ഞു തളർന്ന അമ്മയുടെ കണ്ണുകൾ ലേഡി കോൺസ്റ്റബിളിന്റെ കയ്യിൽ ഇരുന്ന കുഞ്ഞിന്റെ മേൽ എത്തി നിന്നു… ആ അമ്മ പാഞ്ഞു വന്ന് കുഞ്ഞിനെ എടുത്തു തുരുതുരാ ഉമ്മ വെച്ചു അലറി കരഞ്ഞു..

“കുഞ്ഞാ………”

കുഞ്ഞിനെ കണ്ട് കിട്ടിയ സന്തോഷവും , ഇതുവരെ അവർ അനുഭവിച്ച വിഷമവും എല്ലാം ആ കരച്ചിലിൽ ഉണ്ടായിരുന്നു..

കുഞ്ഞിന്റെ അച്ഛനോട് പോലീസും ഡ്രൈവറും കാര്യങ്ങൾ വിശദീകരിച്ചു.. ആ അച്ഛൻ നിറകണ്ണുകളോടെ കൈ കൂപ്പി എന്റെ മുന്നിൽ വന്നു നിന്നപ്പോൾ കണ്ണ് നിറഞ്ഞു ഒന്നും പറയാൻ വയ്യാത്ത അവസ്ഥയില് ആയിരുന്നു ഞാൻ.. വീട്ടിലെ ഹാളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയാണത്ര.. അമ്മ എന്തിനോ ഒരു 5 മിനിറ്റ് ഹാളിൽ നിന്നും മാറി.. കതക്‌ കുറ്റി ഇട്ടിരുന്നില്ല.. തിരിച്ച് വന്നപ്പോൾ കുഞ്ഞിനെ കാണാനില്ല…

നാടോടി സ്ത്രീയുടെ ചോദ്യം ചെയ്യലും മൊഴി എടുക്കലും നടക്കുന്നുണ്ടായിരുന്നു..
എന്തെങ്കിലും ആവശ്യം വന്നാൽ , ബന്ധപ്പെടാൻ എന്റെ അഡ്രസ്സും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സ്റ്റേഷനിൽ കൊടുത്തു..

ഇതിനോടകം കുഞ്ഞും എണീറ്റിരുന്നു.. അമ്മയുടെ കയ്യിൽ സന്തോഷത്തോടെ ഇരുന്നു കളിക്കുന്ന കുഞ്ഞിന്റെ നെറുകയിൽ ഒരു ഉമ്മ കൊടുത്ത് ഞാൻ അവിടെനിന്നും ഇറങ്ങി..പക്ഷേ മനസ്സ് വീണ്ടും അസ്വസ്ഥം ആയിരുന്നു..

ആ സ്ത്രീ ബസിൽ കയറിയിരുന്നില്ലെങ്കിൽ.. അവരെ ആരും ശ്രദ്ധിച്ചിരുന്നില്ല എങ്കിൽ….എനിക്ക് സമയത്ത് പോലീസിനെ ബന്ധപ്പെടാൻ തോന്നിയിരുന്നില്ല എങ്കിൽ… ആ മാതാപിതാക്കൾക്ക് ഒരു തീരാ ദുഃഖം ആയി മാറിയേനെ… എട്ടും പൊട്ടും തിരിയാത്ത ആ ചക്കര കുട്ടൻ എവിടെയെങ്കിലും ഒരു ഭിക്ഷാടന മാഫിയയുടെ കയ്യിൽ.. ഓർക്കാൻ പോലും വയ്യ..

പെട്ടെന്ന് ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു..
“എന്താ ഏട്ടാ ഈ നേരത്ത്.. എന്തെങ്കിലും മറന്നോ??..”

“ഇല്ലെടി…കുഞ്ഞു എന്തിയേ..”

“ഇവിടെ ഇരുന്ന് കളിക്കുന്നു..”

“ഹ്മമ്മ്‌.. മോനെ തന്നെ ഇരുത്തിയിട്ട് എങ്ങോട്ടും മാറിയേക്കരുത്.. ഇന്നത്തെ കാലം അല്ലെ.. വിശ്വസിക്കാൻ പറ്റില്ല ആരെയും.. “,

“അതെനിക്ക് അറിയാം ഏട്ടാ.. ഇന്നെന്താ പെട്ടെന്ന് ഇങ്ങനെ ഒരു ബോധോദയം..”

“വെറുതെ,
നീ അവന്റെ ചെവിയിൽ ഫോൺ ഒന്ന് വെച്ച് കൊടുത്തേ..”

“ഹ്മമ്മ്‌..”

മോന്റെ കളിചിരികൾ ഫോണിലൂടെ എന്റെ കാതുകളിൽ പതിഞ്ഞപ്പോൾ, അത്രയും നേരം അസ്വസ്ഥമായിരുന്ന എന്റെ മനസ്സ് തണുക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നൂ.

Leave a Reply

Your email address will not be published. Required fields are marked *