ഞായറാഴ്ച ആയതിനാൽ, അവധി ദിവസത്തിന്റ ആലസ്യത്തിൽ കിടന്നുറങ്ങുകയായിരുന്നു

(രചന:Suni Pazhooparampil Mathai)

നിറച്ചാർത്ത്‌

ഞായറാഴ്ച ആയതിനാൽ, അവധി ദിവസത്തിന്റ ആലസ്യത്തിൽ കിടന്നുറങ്ങുകയായിരുന്നു ഞാൻ.എട്ടുമണിക്ക് വച്ച , അലാറം ഓഫ് ചെയ്ത് വീണ്ടും കിടന്നതാണ്… ഇപ്പോൾ, സമയം പത്തര കഴിഞ്ഞിരിക്കുന്നു.തലേന്ന്, പാതിവഴിയിൽ നിർത്തിയ ചിത്രം ഇന്ന് പൂർത്തിയാക്കണമെന്നു കരുതിയതാണ്….

വേഗം കുളിച്ചു റെഡിയായി, ഭക്ഷണവും കഴിച്ച് ആർട്ട് റൂമിലേക്ക് കയറി.വരച്ചു കൊണ്ടിരുന്ന ക്യാൻവാസിലേക്ക് കുറച്ചു സമയം നോക്കിനിന്നു…അതുകഴിഞ്ഞ് ചായക്കൂട്ടുകൾ തയ്യാറാക്കി ബ്രഷ് കൈയിലെടുത്തതേയുള്ളൂ…

ഉമ്മറത്ത് നിന്നും അമ്മയുടെ വിളി…

“രമേഷ്……..ഡാ, മോനെ……ദേ നിന്നെ കാണാൻ ആരോ വന്നിരിക്കുന്നു…”

ഇതാരപ്പാ…. അമ്മയ്ക്ക് അറിയാത്ത ഒരാൾ തന്നെ കാണാൻ വന്നിരിക്കുന്നത് എന്ന് ചിന്തിച്ചു കൊണ്ടാണ് ഞാൻ സ്വീകരണമുറിയിലേക്ക് എത്തിയത്.

അവിടെ, ഒട്ടും പരിചയമില്ലാത്ത ഒരാൾ… താടി വച്ചിട്ടുണ്ട്…ഏകദേശം എന്റെ തന്നെ പ്രായം വരും.
കൂടെ നാലോ അഞ്ചോ വയസുള്ള ഒരു മോനും ഉണ്ട്.

കുഞ്ഞിന്റെ ഓമനത്തം തുളുമ്പുന്ന മുഖത്തേക്ക് നോക്കിയപ്പോൾ…ആ കണ്ണുകളിലേക്കു നോക്കിയപ്പോൾ……… എന്തോ ഒരു ശക്തി എന്റെ ഹൃദയത്തിലേക്ക് പാഞ്ഞടുക്കുന്നതായി എനിക്ക് തോന്നി…… !അതുകൊണ്ടുതന്നെ ഒരുവട്ടംകൂടി കുഞ്ഞിനെ ഞാൻ തുറിച്ചുനോക്കി…!!

ആ കണ്ണുകൾ……..!!!

കുഞ്ഞിന്റെ മേലുള്ള എന്റെ നോട്ടം കാണ്ടാവണം പെട്ടെന്ന് തന്നെ ആ മനുഷ്യൻ എഴുന്നേറ്റ് എനിക്ക് കൈ തന്നു കൊണ്ട് പറഞ്ഞു…

“ഞാൻ അനന്തൻ…. നന്ദനയുടെ ഭർത്താവ്.”

ഒരു ഉൾക്കിടിലത്തോടെയാണ് ഞാൻ, അത് കേട്ടത്.എന്നെങ്കിലുമൊരിക്കൽ അയാൾ തന്നെ തേടി വരുമെന്ന് ഉറപ്പായിരുന്നു…

ഭാര്യയുടെ പൂർവ്വകാമുകനെ തേടി ഭർത്താവ്…അതും കുഞ്ഞിനെയും കൊണ്ട്…….
“നിങ്ങൾ…എവിടെ നിന്നാണ്..? എങ്ങനെയാണ് രമേഷിനെ പരിചയം…? എവിടെ കുഞ്ഞിന്റെ അമ്മ…”
എന്റെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട്….ചോദ്യങ്ങൾക്കൊപ്പം ആവി പറക്കുന്ന ചായയുമായി അമ്മയെത്തി മുന്നില്.

“അതൊക്കെ സാവകാശം അറിയാം അമ്മ ആദ്യം ആ ചായ അവർക്ക് കൊടുത്തേ….. ”

ആതിഥ്യ മര്യാദ കുറച്ചു കൂടുതലുള്ള കൂട്ടത്തിലാണ് അമ്മ….അതുകൊണ്ടുതന്നെ
അവർക്കായി വേഗം പ്രഭാതഭക്ഷണം വിളമ്പി.അവർക്കൊപ്പം ഡൈനിംഗ് ടേബിളിൽ ഇരുന്നു ചായ കുടിക്കുമ്പോൾ…

അമ്മ… കുഞ്ഞിന്റെ അടുത്തിരുന്നു ഇഡ്ലി മുറിച്ചു ചട്ണിയിൽ മുക്കി അവന്റെ വായിൽ വച്ചു കൊടുക്കുന്നത് കണ്ടു നെഞ്ചു പിടഞ്ഞു…

ഉള്ളിലെ വിഷമം പുറത്തുകാണിക്കാതെ..ഞാൻ ജനാല വഴി പുറത്തേക്ക് നോക്കി… പുറത്ത് നേരിയ മഴ പെയ്തിറങ്ങുന്നുണ്ട്…എന്റെ ഓർമ്മകളും വർഷങ്ങൾക്ക് പുറകിലേക്ക് പെയ്തിറങ്ങി…മഞ്ഞിന്റെ തണുപ്പുള്ള നനവോർമ്മകൾ..

ചരിത്രമുറങ്ങുന്ന തൃപ്പൂണിതുറയിലെ പ്രസിദ്ധമായ ഫൈൻആർട്സ് കോളേജ്… ഞാൻ അവിടെ
MFA അവസാനവർഷ വിദ്യാർഥിയായിരിക്കുമ്പോഴാണ്
പെങ്ങൾ രേവതി, പഠിക്കുന്ന വനിതാ കോളേജിലെ സയൻസ് എക്സ്പോയ്ക്കു വേണ്ടി…ജുറാസിക് പാർക്ക് ഉണ്ടാക്കാൻ എന്നെ വിളിച്ചത്.പെങ്ങൾ അവിടെ ബി എസ്സി സുവോളജി ഫൈനൽ ഇയർ ആയിരുന്നു…ഒപ്പം അവിടുത്തെ പ്രിൻസിപ്പാളും ഞങ്ങളുടെ അച്ഛനും തമ്മിലുള്ള പരിചയം കൊണ്ട് കിട്ടിയ വർക്ക്‌. ദൂരക്കൂടുതലും, യാത്രക്ലേശവും കൊണ്ട് പെങ്ങളെ അവിടെ ഹോസ്റ്റലിൽ ആക്കിയിരുന്നു.

വിശാലമായ 3 ക്ലാസ് റൂമുകൾ ജുറാസിക് പാർക്ക് പോലെ മനോഹരമായി ഒരുക്കി.
പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച, ഭീമൻ ദിനോസറിന്റെ പെയിന്റിങിലെ അവസാനവട്ട മിനുക്കുപണികൾ ചെയ്തു കൊണ്ടിരിക്കയാണ് പെങ്ങൾ രേവതിയും കുറച്ചു കൂട്ടുകാരും ബഹളം വച്ചുകൊണ്ട് അത് കാണാനെത്തിയത്.

സ്വതവേ ബഹളമോ ആൾക്കൂട്ടം ഇഷ്ടമില്ലാത്ത ഞാൻ അനിഷ്ടത്തോടെ അവരെ നോക്കി.കൂട്ടത്തിൽ വർക്ക്‌ ചെയ്യാൻ വന്ന ഫ്രണ്ട്സിനോട് വാ തോരാതെ സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്ന ആളെ ശ്രദ്ധിച്ചത് സ്വല്പം ദേഷ്യത്തോടെ ആണ്.

പെങ്ങൾ മറ്റുള്ളവരെ തങ്ങൾക്ക് പരിചയപ്പെടുത്തിതരുമ്പോൾ അവൾ…ആ ബഹളക്കാരി കുറച്ചു മാറി നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു ദിനോസറിന്റെ തുറന്നിരുന്ന വായിലെ പല്ലിൽ പിടിച്ചു പരിശോധന ആയിരുന്നു …’വേണ്ടാ…തൊടരുതെന്ന്’ പറയാൻ നാവ് ഉയർത്തുന്നതിന് മുൻപ്……അത്ര സെറ്റ് ആകാത്ത അതിന്റെ ശരീരത്തിലെ കുറച്ചു ഭാഗം…പൊട്ടിയടർന്നു…താഴെ വീണു.

ദേഷ്യം കൊണ്ട് കണ്ണുകാണാതെയായ, ഞാൻ ഇരച്ചു കയറിയ കട്ട കലിപ്പിൽ അവളുടെ അടുത്ത് ചെന്ന് ഒരെണ്ണം ആ കവിളിൽ പൊട്ടിച്ചു.

“കുറച്ചു നേരമായി നീ കിടന്നു ആളുകളിക്കുന്നു….പൊക്കോണം എന്റെ മുൻപിൽ നിന്നും…അവളുടെ ഒരു സംശയം…”

നിനച്ചിരിക്കാതെ കിട്ടിയ അടി ആയതിനാൽ ആവണം
ഒന്നും പറയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായ്‌ കവിളിൽ പൊത്തിപ്പിടിച്ചു അവൾ നിന്നു.

പെട്ടെന്ന് എല്ലാവരും ഓടിയെത്തി രംഗം ശാന്തമാക്കാൻ നോക്കി.

സത്യത്തിൽ… എസ്‌ബിഷന് ജുറാസിക് പാർക്കിനെയും ദിനോസറിനെയും ഒക്കെ മറ്റുള്ളവർക്കായ്‌ പറഞ്ഞു കൊടുക്കേണ്ടത് അവളായിരുന്നു….അതുകൊണ്ട് ആണ് സംശയങ്ങൾ ചോദിച്ചതെന്ന അവളുടെ, ഇൻചാർജ് മാഡത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ചെയ്തു പോയ തെറ്റിന് ശരിക്കും കുറ്റബോധം തോന്നി….

പരസ്പരം സോറി ഒക്കെ പറഞ്ഞു അന്ന് പിരിഞ്ഞപ്പോൾ അവളെന്നെ ഒരു നോട്ടം നോക്കി…ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന നോട്ടം… !

പിന്നീട്, പെങ്ങൾ… ഹോസ്റ്റലിൽ നിന്ന് അവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് സത്യങ്ങളെല്ലാം മനസ്സിലാക്കിയത്.

‘നന്ദന ‘അതാണ്‌ അവളുടെ പേര്…രേവതിയുടെ ക്ലാസ്മേറ്റ് മാത്രമല്ല റൂംമേറ്റ് കൂടിയാണ്… കോളേജിലെ ടോപ്പ്… മനോഹരമായി ഡാൻസ് കളിക്കും…പാട്ടുപാടും….എല്ലാ രീതിയിലും ഒരു ഓൾറൗണ്ടർ.

എന്റെ കോഴ്സ് കംപ്ലീറ്റ് ആക്കി ഒരു വർഷത്തിനുള്ളിൽ തന്നെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി
യൂണിവേഴ്സിറ്റി നടത്തുന്ന ബി എഡ് കോളേജിലേക്ക് ഗസ്റ്റ്‌ ലെക്ചർ ആയിട്ട് നിയമനം കിട്ടി…ആദ്യ അപ്പോയ്ന്റ്മെന്റ് തന്നെ ഏകദേശം തന്നോളം തന്നെ പ്രായമുള്ള അധ്യാപക വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആണെന്നുള്ളത് കുറച്ചു ടെൻഷൻ ഉള്ള കാര്യമായിരുന്നു.

ഏതെങ്കിലും ഒരു വിഷയത്തിൽ പഠിപ്പിക്കാൻ ആണെങ്കിൽ വളരെ എളുപ്പമാണ്…. പക്ഷേ ഒരു ആർട്ട്‌ ടീച്ചർ എന്ന നിലയിൽ എല്ലാ വിഷയത്തിനും ടീച്ചിംഗ് എയ്ഡ്സിന് വേണ്ടി ചാർട്ടും, മോഡലും ഒക്കെ ഉണ്ടാക്കാൻ അവരെ പഠിപ്പിക്കണമെങ്കിൽ …..ഓരോ വിഷയത്തിലും ആഴത്തിലുള്ള അറിവ് വേണം…

ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഞാൻ ജോയിൻ ചെയ്തത്.
ആദ്യദിനം തന്നെ സോഷ്യൽ സ്റ്റഡീസ് ക്ലാസ്സും ഹിന്ദി ക്ലാസ്സും കഴിഞ്ഞ് മൂന്നാമതായി സയൻസ് ക്ലാസ്സിലേക്ക്
കയറും മുമ്പ് ഹൃദയം വല്ലാതെ ഒന്ന് പിടിച്ചു… എങ്കിലും കാര്യമാക്കിയില്ല.

ക്ലാസ്സിൽ കയറി വല്ലാത്ത ഒരു നിശബ്ദത..അഭിവാദ്യം ചെയ്തു കഴിഞ്ഞു ക്ലാസ് സാകൂതം വീക്ഷിച്ചു…
അപ്പോഴാണ് പുറകിലെ ബെഞ്ചിൽ നിന്നും എന്നെ തന്നെ തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകൾ…

കണ്ടത് വിശ്വാസം വരാതെ…വീണ്ടും ഒരു തവണ കൂടി നോക്കി……….!

അതെ……..അതവൾ തന്നെ……… #നന്ദന….!

അവളിലേക്കുള്ള എന്റെ നോട്ടം കണ്ടാവണം…മുൻപിൽ ഇരിക്കുന്നവർ തിരിഞ്ഞു നോക്കാൻ തുടങ്ങി.

പെട്ടെന്ന് സമനില വീണ്ടെടുത്ത് ഞാൻ എല്ലാവരെയും ഒന്നു പരിചയപ്പെട്ടു ക്ലാസ് ആരംഭിച്ചു… ശരിക്കും അവളെ അവഗണിച്ചു.

പിന്നീടുള്ള ക്ലാസുകളിൽ മറ്റുള്ളവരോട് ചോദ്യങ്ങൾ ചോദിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുമായിരുന്നു…മനഃപൂർവം അവളോട്‌ മാത്രം സംസാരിക്കാൻ ശ്രമിച്ചില്ല…. വളരെ അപൂർവമായി ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടിഞ്ഞിരുന്നു… അപ്പോഴൊക്കെ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരം മനസ്സിൽ നിറഞ്ഞിരുന്നു എന്നുള്ളതാണ് വാസ്തവം.

പിന്നീട് കോളേജിൽ നടന്ന ഓണാഘോഷ പരിപാടികൾ….യൂത്ത് ഫെസ്റ്റിവൽ……സ്പോർട്സ് മീറ്റ്……കോളേജ് ടൂർ…..എല്ലായിടത്തും ഞങ്ങൾ പരസ്പരം കണ്ണുകൾ കൊണ്ട് മാത്രമേ സംസാരിച്ചിട്ടുള്ളൂ.എങ്കിലും അദൃശ്യമായ ഒരു ചരടിനാൽ ഞങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് ഞങ്ങൾ രണ്ടു പേർക്കും അറിയാമായിരുന്നു.

അവസാനം സെന്റ്‌ ഓഫിന്റെ അന്ന് അവളും കൂട്ടുകാരും അവതരിപ്പിച്ച ഗ്രൂപ്പ്‌ഡാൻസിനിടയിൽ….മുൻനിരയിൽ ഇരുന്ന എന്റെ നേരെ ഉള്ള അവളുടെ പാളിയ നോട്ടങ്ങൾ….. കണ്ടില്ലാന്നു നടിക്കാൻ എനിക്കായില്ല.

അന്നവൾ ലൈബ്രറിയിലേക്ക്, പുസ്തകങ്ങളുമായി പോകുന്നത് കണ്ടാണ് പുറകെ ഞാൻ ചെന്നത്…

പുസ്തകങ്ങൾ റിട്ടേൺ ചെയ്തിട്ടു അവൾ തിരിച്ചു എന്റെ അടുത്ത് എത്തിയപ്പോൾ….
ശരീരത്തിൽ വല്ലാത്തൊരു ചൂട്….അനുഭവപെട്ടു എനിക്ക്.

“നന്ദന…..”

“എന്താണ് സാർ…….”

“അത്….പെങ്ങൾ, രേവതികുട്ടിയുടെ കല്യാണം ഉറപ്പിച്ചു…അവൾ പിന്നീട് നേരിട്ട് വിളിച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട് ….നന്ദനയെ ഒന്ന് അറിയിച്ചേക്കാൻ പറഞ്ഞു…..അതുകൊണ്ട്…പറയുവാ
തലേദിവസം തന്നെ എത്തണം.
പിന്നെ…. നാട്ടുനടപ്പനുസരിച്ച് ഭാര്യമാർ ആദ്യമായി ചെറുക്കനെ വീട്ടിൽ വരുമ്പോൾ വലതുകാൽ വച്ച് കയറണം എന്നാണ് നിയമം…….”

പറഞ്ഞു വരുന്നത് എന്താണെന്നു മനസ്സിൽ ആവാത്ത ഭാവത്തിൽ…പുരികമുയർത്തി അവൾ എന്നെ ഒന്നു നോക്കി….ആ കണ്ണിലേക്ക് നോക്കി കൊണ്ട് തന്നെയാണ് പറഞ്ഞത്.

“വീട്ടിൽ വരുമ്പോൾ വലതുകാൽ വച്ച് കയറാൻ മറക്കണ്ട….!!!”

അത്ഭുതത്തോടെ, അതിലേറെ സന്തോഷത്തോടെ ആ കണ്ണുകൾ വിടർന്നു….അപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു…പെട്ടെന്ന് തോന്നിയ ഒരു ഉൾപ്രേരണയാൽ ഞാൻ അവളെ പിടിച്ചു നെഞ്ചോട് ചേർത്ത്…. നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.

“ഇത് എന്റെ സ്നേഹമുദ്രയാണ്…ഈ നിമിഷം മുതൽ നീ എന്റേതാണ്… എന്റെ മാത്രം. ഒരിക്കൽ ഞാൻ വരും… ഉടനെ അല്ല…ഒരു സ്ഥിര ജോലി കിട്ടിക്കഴിഞ്ഞു, ഈ കഴുത്തിൽ ഒരു മിന്നുകെട്ടി…നിന്നെ എന്റെ സ്വന്തമാക്കാൻ… കാത്തിരിക്കണം ഞാൻ വരുവോളം…..”

അതായിരുന്നു അവസാന കൂടിക്കാഴ്ച.അവളുടെ വലിയമ്മാവൻ മരിച്ചതിനാൽ പെങ്ങളുടെ കല്യാണത്തിന് അവൾക്ക് എത്താൻ കഴിഞ്ഞില്ല.പെങ്ങളുടെ കല്യാണ ശേഷം…. ബ്രോക്കർ എനിക്ക് കല്യാണ ആലോചനയുമായി വന്നപ്പോൾ ആണ് അമ്മ ആ രഹസ്യം എന്നോട് പറഞ്ഞത്.

എനിക്ക് മുപ്പത് വയസ്സ്,തികയുന്നയന്ന് നിലവറയിൽ പൂട്ടി വച്ചിരിക്കുന്ന എന്റെ ജാതകം വായിക്കാവൂ എന്ന് ജോത്സ്യൻ പറഞ്ഞിട്ടുണ്ടത്രേ … വരുന്ന തുലാമാസം നാലാം തീയതി മുപ്പതു തികയും…. അതുകഴിഞ്ഞു കല്യാണ കാര്യങ്ങൾ ആലോചിക്കാം.

എന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അമ്മയുടെ സ്വരം ഉയർന്നു

“ഭക്ഷണം കഴിച്ചു കഴിഞ്ഞല്ലോ… നിങ്ങൾ അകത്തിരുന്നു സംസാരിക്ക്, അപ്പോയെക്കും ഞാൻ കുഞ്ഞിനെ വീടും പറമ്പും ഒക്കെ കാണിച്ചു വരാം.”

അമ്മ കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് പോയപ്പോൾ ഞാൻ അനന്തനെ കൊണ്ട് എന്റെ മുറിയിലേക്ക് വന്നു…

“ഇനി പറ എവിടെ നന്ദന….???
എന്താണ് ഇപ്പോൾ ഈ വരവിന്റെ ഉദ്ദേശം…!!?”

“രമേഷ്….അവൾ ഇപ്പോൾ ഹോസ്പിറ്റലിലാണ്…അവൾക്ക് നിന്നെ ഒന്നു കാണണമെന്നുണ്ട്…”

“എന്തുപറ്റി…..!!!???” ഒരു ഞെട്ടലോടെയാണ് ഞാൻ ചോദിച്ചത്.

“മോനുണ്ടായതിന് ശേഷം അവൾക്ക് വിട്ടുമാറാത്ത ശ്വാസം മുട്ടൽ ഉണ്ടായിരുന്നു… ഒരുപാട് ടെസ്റ്റുകൾ ചെയ്തു….. ഒന്നും കണ്ടുപിടിക്കാൻ ആയില്ല…അവസാനം രണ്ടു മാസം മുൻപ് രോഗം എന്തെന്ന് സ്ഥിതീകരിച്ചു…’ ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിൽ ഒരു ട്യൂമർ…’ കണ്ടുപിടിച്ചു വന്നപ്പോഴത്തേക്കും പറിച്ചു മാറ്റാൻവാത്തവിധം ആഴത്തിൽ അത് വേരൂന്നി അവളിൽ…വൈദ്യശാസ്ത്രം മൂന്നു മാസത്തെ ആയുസ്സ് ആണ് അവൾക്ക് പറഞ്ഞിരിക്കുന്നത്. ” അനന്തന്റെ സ്വരമിടറി…അയാൾ കരഞ്ഞേക്കുമെന്നു തോന്നിപ്പോയി.

പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അയാൾ ചോദിച്ചു….

“നിങ്ങളെ അവൾ….എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നിങ്ങൾക്കറിയുമോ………… നിങ്ങളെ ഇത്രമേൽ സ്നേഹിച്ചിരുന്ന ഒരാളെ ഉപേക്ഷിച്ചു നിങ്ങൾ എന്തിനാണ് മറ്റൊരുവളെ കല്യാണം കഴിച്ചത്….???”

“അത്…..അനന്താ….”

പൂർത്തിയാക്കുന്നതിനു മുമ്പ്, അനന്തൻ വീണ്ടും തുടർന്നു…

“നിങ്ങൾ മറ്റൊരുവളുടെ കഴുത്തിൽ താലിചാർത്തി എന്നറിഞ്ഞ നിമിഷം തകർന്നതാണ് ആ മനസ്സ്…..
എന്റെ അടുത്ത് ചികിത്സക്ക് വന്ന അവളെ എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ആണ് ഞാൻ സ്വീകരിച്ചത്.
എല്ലാം മറന്നു സ്നേഹത്തോടെ ഞങ്ങൾ ജീവിച്ചു വരുമ്പോൾ ആണ് വിധിയുടെ ഈ ക്രൂരവിനോദം…..”

ഒരക്ഷരം പോലും പറയാനാവാതെ നിന്നുപോയി ഞാൻ. ഇടറുന്ന സ്വരത്തിൽ അനന്തൻ തുടർന്നു…

“അവസാനമായി അവൾക്ക് നിങ്ങളെ ഒന്ന് കാണണമെന്ന്…കൂടെ ഭാര്യയും കുഞ്ഞുങ്ങളും കൂട്ടികൊണ്ടു വരണം എന്നാണ് പ്രത്യേകം പറഞ്ഞിരിക്കുന്നത്…….അവൾ അത്രമേൽ ആഗ്രഹിച്ച സ്ഥാനത്ത്‌ വന്ന ആളെ അവൾക്ക് കാണണം എന്ന്… അത് കഴിഞ്ഞു സന്തോഷമായ് അവൾക്ക് പോകണമെന്ന്….

അടക്കാനാവാത്ത ഹൃദയ വേദനയാൽ അനന്തന്റെ കൈകൾ രണ്ടും കൂട്ടി പിടിച്ചു കൊണ്ടാണ് ഞാൻ പറഞ്ഞത്…

“അനന്താ…… നിനക്ക് അറിയുമോ ഞാൻ എന്തുകൊണ്ടാണ് അവളെ കല്യാണം കഴിക്കാഞ്ഞത് എന്ന്…..?? ഇപ്പോഴും അവളെ മാത്രം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് അവിവാഹിതനായി കഴിയുന്നത് എന്ന്…….?? ”

ഒരു ഞെട്ടലോടെ അനന്തൻ ചോദിച്ചു…

“എന്ത്….അവിവാഹിതനോ…? നിങ്ങളുടെ കല്യാണം കഴിഞ്ഞു എന്നാണല്ലോ ഞങ്ങൾ അറിഞ്ഞത്.? ”

“അത്…അവളെ അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചതാണ് ഞങ്ങളെല്ലാവരും കൂടി… എന്റെ അച്ഛൻ വാക്കുപറഞ്ഞ ഒരു അനാഥ പെണ്ണിനെ ഞാൻ കല്യാണം കഴിച്ചു എന്നാണ് അവളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്…..”

“അത് എന്തിനാ ഇങ്ങനെ ഒരു ക്രൂരത അവളോട്‌ ചെയ്തത്…….?

“എന്റെ ജാതകത്തിൽ വിവാഹം പാടില്ല എന്നാണ്….അഥവാ വിവാഹം നടന്നാൽ തന്നെ ഏറെ താമസിക്കാതെ ഭാര്യ വിയോഗം… അറിഞ്ഞുകൊണ്ട്…..എന്റെ നന്ദൂനെ മരണത്തിനു വിട്ടു കൊടുക്കാൻ ഞാൻ തയ്യാറായില്ല…അതാണ് ദൂരെയാണെങ്കിലും അവൾ സന്തോഷത്തോടെ കഴിയട്ടെ എന്ന് വിചാരിച്ച് ഞാൻ അകന്നു നിന്നത്…. ഇന്നും ഈ നെഞ്ചിൽ അവൾ ഉണ്ട്…”
ഒരു ഗദ്ഗദത്തോടെ രമേഷ് പറഞ്ഞു നിർത്തി.

കേട്ടതൊന്നും വിശ്വസിക്കാൻ വയ്യാതെ രമേഷിന്റെ മുഖത്തേക്ക് തുറിച്ചുനോക്കി കൊണ്ട് കുറച്ചു നേരം നിന്നുപോയി അനന്തൻ.

“മരിക്കാതിരിക്കാൻ അല്ലേ നിങ്ങൾ ആകന്നത്…..എന്നിട്ടും അവൾ പോവുകയാണല്ലോ….. നമ്മൾ രണ്ടുപേരും ഹൃദയം കൊടുത്തു സ്നേഹിച്ചിട്ടും അവളുടെ യാത്ര തടയാൻ നമുക്കാവില്ലല്ലോ…..!!!!!!

പെട്ടെന്ന് റെഡി ആയി അവർക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ അനന്തൻ പറഞ്ഞു…

രമേഷ് അവളൊരിക്കലും അറിയരുത് നിങ്ങൾ വിവാഹിതനല്ല എന്ന്…… മരണത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് അവൾ ഇനി ഒരു ദുഃഖം കൂടി താങ്ങാൻ ആ ഹൃദയത്തിനാവില്ല…ഒരു നിമിഷമെങ്കിൽ…ഒരു നിമിഷം…….അത്രയും നേരം കൂടി അവൾ എന്നോടൊപ്പം വേണം….അത്രമേൽ…. അത്രമേൽ ഞാൻ അവളെ സ്നേഹിക്കുന്നു.”

തൊട്ടടുത്തിരിക്കുന്ന കുഞ്ഞിന്റെ നെറുകയിൽ തലോടി ഞാൻ……എനിക്ക് പിറക്കാതെപോയ അവളുടെ മോൻ… അവളുടെ അതേ കണ്ണുകൾ…വേദനയാൽ കണ്ണുകൾ മുറുകെയടച്ചു ഞാൻ.

ഹോസ്പിറ്റലിൽ ഞങ്ങളെ തനിച്ചു സംസാരിക്കാൻ വിട്ടിട്ട് അനന്തനും ബന്ധുക്കളും മാറിനിന്നു. പഴയ സൗന്ദര്യം ഒക്കെ പോയി ആകെ ക്ഷീണിച്ചു കിടക്കുന്ന അവളുടെ അടുത്തിരുന്നു ഞാൻ മെല്ലെ ആ കൈകൾ പിടിച്ചു.ഭാര്യ എവിടെ എന്ന ചോദ്യത്തിന് ഭാര്യക്ക് യാത്ര ചെയ്യാൻ ആവാത്തതിനാൽ വന്നില്ല എന്ന് കള്ളം പറയേണ്ടി വന്നു.

“സാർ, എനിക്കൊരു ആഗ്രഹമുണ്ട് അന്ന് ഞാൻ ഡെമോൺസ്‌ട്രേഷൻ ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരിക്കുപടം സാർ എനിക്ക് വരച്ചു തന്നില്ലേ…. ഇപ്പോൾ ഞാൻ ഈ ഹോസ്പിറ്റലിൽ കിടക്കുന്ന പടം കൂടി എനിക്ക് വരച്ചു ച്ചു തരാമോ…? ”

നാളെ വരുമ്പോൾ വരച്ചു കൊണ്ടുവരാം എന്ന് പറഞ്ഞു അവളോട് യാത്ര പറഞ്ഞപ്പോൾ….. നിശബ്ദമായ്….പണ്ട് ക്ലാസ്സിൽ ഇരുന്ന് എന്നെ നോക്കുന്നത് പോലെ വീണ്ടും അവൾ നോക്കി…ആ കണ്ണുകളുടെ ശക്തി താങ്ങാൻ ആവാതെ ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി നടന്നു.

അവൾക്ക് കൊടുത്ത വാക്ക് അനുസരിച്ച്….വീട്ടിൽ വന്നയുടനെ തന്നെ വരയ്ക്കാൻ തുടങ്ങി…..ചിത്രം ഏകദേശം പൂർത്തിയാക്കി…എത്ര ശ്രമിച്ചിട്ടും ആ കണ്ണുകൾ ശരിയാകുന്നില്ല… !!!! രാവിലെ വരച്ചു ചേർക്കാം എന്ന് കരുതി…..കിടന്നപ്പോൾ ഏറെ വൈകി.

രാവിലെ നിർത്താതെയുള്ള ഫോണിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്.കാൾ അറ്റൻഡ് ചെയ്തു കേട്ട വാർത്ത എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു….!രാത്രി ഉറങ്ങാതെ…. ഞാൻ, അവളെ വരയ്ക്കുമ്പോൾ….ആശുപത്രിയിൽ അവൾ അവസാനശ്വാസം പിടഞ്ഞെടുക്കുകയായിരുന്നുവെന്ന്…

ഫോൺ വച്ചിട്ട്…..ഞാൻ വേഗം അവളുടെ ചിത്രത്തിനരുകിൽ എത്തി… നോക്കി നിൽക്കെ ഹൃദയം പൊട്ടി പോകുന്നതുപോലെ തോന്നി… അവൾ ഇനിയും ഈ ഭൂമിയിലില്ല എന്ന സത്യം ഉൾകൊള്ളാൻ ആവാതെ ഞാൻ മുമ്പിലിരുന്ന ചായക്കൂട്ടുകൾ എല്ലാം കൂടി ഒരുമിച്ച് കലക്കി… എന്റെ കൈ അതിൽ മുക്കി… ആ ചിത്രത്തിൽ മുദ്ര വച്ചു…മരിച്ചാലും അവൾ എന്റെ ആണ്…എന്റെ മാത്രം….!

ചിലപ്പോൾ വിധി ഇങ്ങനെ ആണ്… മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും, ആഗ്രഹങ്ങൾക്കും മേൽ…വിധി തന്റെ അദൃശ്യമായ ബ്രഷ് ഉപയോഗിച്ച് നിഗൂഢമായ വർണ്ണങ്ങളാൽ നിറക്കൂട്ട് ചലിക്കും

Leave a Reply

Your email address will not be published. Required fields are marked *