“തോമാച്ചേട്ടാ….നാല് വാഴയ്ക്കഅപ്പവും, നാലു ഉഴുന്നുവടയും പൊതിഞ്ഞെടുത്തേക്ക്….”

(രചന:Suni Pazhooparampil Mathai)

റോയിച്ചൻ

“തോമാച്ചേട്ടാ….നാല് വാഴയ്ക്കഅപ്പവും, നാലു ഉഴുന്നുവടയും പൊതിഞ്ഞെടുത്തേക്ക്….”

ചായക്കടയിലേക്ക് കയറുമ്പോൾ…. തന്നെ സൂക്ഷിച്ചുനോക്കി കൊണ്ടിരിക്കുന്ന, മനുഷ്യനെ ഒന്ന് ഇരുത്തി നോക്കി കൊണ്ടാണ്‌ സെലിൻ അത് പറഞ്ഞത്.

ഒരു പുഞ്ചിരിയോടു കൂടി ചില്ലുകൂട്ടിൽ നിന്നും എണ്ണപ്പലഹാരങ്ങൾ എടുത്തു പൊതിഞ്ഞുകൊണ്ട് തോമാച്ചൻ ചോദിച്ചു…

“സെലിൻ കുഞ്ഞിന് ഞങ്ങളുടെ നാട് ഒക്കെ ഇഷ്ടപ്പെട്ടോ….? ”

അപ്പോഴും… തന്നെത്തന്നെ തുറിച്ചു നോക്കി കൊണ്ടിരിക്കുന്നവനെ, ഒന്നുകൂടെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് അവൾ ഉത്തരം പറഞ്ഞു….

“ഈ നാട് ഒക്കെ ഇഷ്ടപ്പെട്ടു തോമസ് ചേട്ടാ…..നല്ല പ്രകൃതി സുന്ദരമായ സ്ഥലം…..പക്ഷേ ചില നാട്ടുകാരുടെ നോട്ടം മാത്രം അത്ര ഇഷ്ടപെടുന്നില്ല….!”

കാലിന്മേൽ കാല് വെച്ച്….മീശ പിരിച്ചുകൊണ്ട്…..ചായഗ്ലാസ്‌
കൈയിൽ പിടിച്ചു കൊണ്ട്…
ഇമവെട്ടാതെ തന്നെ നോക്കുന്ന ആളെ ദേഷ്യ ഭാവത്തിൽ നോക്കി കൊണ്ട് അവൾ തുടർന്നു….

“ഓരോരുത്തരുടെ നോട്ടം കണ്ടാൽ….ഇതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെയാണ്‌….”

അപ്പോഴും…അവൻ, ഇമവെട്ടാതെ
അവളെ ആപാദചൂഢം നോക്കുകയായിരുന്നു….

അവൾ ഉടുത്തിരിക്കുന്ന കോട്ടൺ പിങ്ക് നിറത്തിലുള്ള സാരിയിൽ വെള്ളയും ചാര നിറവുമുള്ള പൂക്കൾ കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്നു….
നീളമുള്ള മുടി മെടഞ്ഞിട്ടിരിക്കുന്നു….
ഇടത്തെ കൈയിൽ ഒരു വാച്ചും, വലതു കൈയിൽ ഒരു വളയും…. കഴുത്തിൽ വെള്ള കല്ലുള്ള ഒരു കൊച്ചു നെക്‌ലേസും…. കണ്ടിട്ട് ആകെ മൊത്തം ടോട്ടൽ ഒരു ആനച്ചന്തം….. ‘ഒരു ശാലീന സുന്ദരി’ തോളിൽ ഒരു ബാഗും ഉണ്ട്…. ജോലിക്കാരിയാണ് തോന്നുന്നു.

രൂപയും കൊടുത്തിട്ട്…
പെട്ടെന്നുതന്നെ കടയിൽ നിന്നും പുറത്തേക്കിറങ്ങി പോകുമ്പോൾ അവൾ ഒന്നു കൂടി ദേഷ്യത്തിൽ തിരിഞ്ഞു നോക്കിക്കൊണ്ട് മുറുമുറുത്തു……

“കണ്ണ് കുത്തി പൊട്ടിക്കണം … വായിനോക്കിന്റെ …..”

അവളുടെ ദേഷ്യവും….സംസാരവും…. ആ പോക്കും ഒക്കെ ആസ്വദിച്ചു… ഒന്ന് ഊറി ചിരിച്ചു കൊണ്ട് റോയിച്ചൻ ചോദിച്ചു.

“തോമാച്ചേട്ടാ…..ഏതാണ് ഈ സാധനം….!!? ഒരു അസുരവിത്ത്‌ …ആള് കാന്താരി ആണല്ലോ….നമ്മുടെ നാട്ടുകാരി അല്ലല്ലോ പിന്നെ എങ്ങനെയാണ് നിങ്ങൾ തമ്മിൽ പരിചയം…??? ”

“അതോ….നമ്മുടെ ഗവൺമെന്റ് യുപി സ്കൂളിൽ പുതിയതായി വന്ന ടീച്ചറാണ്‌…. ചമ്പക്കുളംകാരിയാണ്.”

“ഓഹോ…..ടീച്ചർ ആണോ? ”

“ഞാറത്തടത്തിലെ നമ്മുടെ ബാബുക്കുട്ടന്റെ… പഴയ വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നത് ഇവർക്കാണ്….അത് ഏർപ്പാട് ആക്കി കൊടുത്തത് ഞാൻ ആണ്… അങ്ങനെയുള്ള പരിചയമാണ്.”

“റോയിച്ചൻ സ്ഥലത്തില്ലായിരുന്നുവല്ലോ… അവർ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു…”

“ഫാമിലി ആയിട്ടാണോ….?

ടീച്ചർ കല്യാണം കഴിച്ചിട്ടില്ല…….
അച്ഛനും, അമ്മയും ഉണ്ട്….അച്ഛൻ എന്തോ ആക്സിഡന്റ് പറ്റി നടക്കാൻ വയ്യാതെ കിടപ്പാണ്…പിന്നെ ഭർത്താവ് മരിച്ചുപോയ ചേച്ചിയും രണ്ടു പിള്ളേരുണ്ട്…..”

“ആണോ….അയ്യോ ഇത്ര ചെറിയ പ്രായത്തിലേ…ഒരുപാട് ഉത്തരവാദിത്വം ഉണ്ടല്ലോ ടീച്ചർക്ക്…”

“അതേ ഈ കുട്ടിയാണ്…കുടുംബം നോക്കുന്നത്.”

“ഓഹോ അപ്പോൾ ആള് മിടുക്കി ആണല്ലോ…. ചുമ്മാതല്ല ഇത്ര തന്റെടം.!!!”

“ടീച്ചർ, തന്റെടം കാണിച്ചില്ലേലെ അത്ഭുതമുള്ളൂ…..”

തോമസ് ചേട്ടൻ എന്താണ് പറഞ്ഞു വരുന്നത് എന്ന് മനസ്സിലാക്കാതെ അയാളെ നോക്കി നെറ്റിചുളിച്ചു റോയിച്ചൻ.

“അല്ല….. ഞാൻ പറയുകയായിരുന്നു…. എന്റെ ഇതുവരെയുള്ള ജീവിതത്തിൽ,
റോയിച്ചൻ…. ഒരു പെണ്ണിനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല…
അങ്ങനെയുള്ള ഒരാൾ…..ഇങ്ങനെ…..
ഇത്രമാത്രം നോക്കിയത്….വിശ്വസിക്കാൻ ആവുന്നില്ല….”

“ഏയ്യ്….ഒന്നുമില്ല തോമാചേട്ടാ വെറുതെ ഒരു തമാശ……”

“ചുമ്മാതല്ല ആ പെൺകൊച്ച് അങ്ങനെ ഒക്കെ പറഞ്ഞത്……. അമ്മാതിരി നോട്ടം അല്ലേ കുഞ്ഞ് അതിനെ നോക്കിയത്…..”

“ഹ….. ഹ….” റോയിച്ചൻ പൊട്ടിച്ചിരിച്ചു പോയി.

“എന്താ…..ഒന്ന് ആലോചിച്ചാലോ…. നല്ല കുട്ടിയാണ്.ഞാൻ വേണമെങ്കിൽ ഒന്ന് സംസാരിക്കാം….”

“അത് വേണ്ട തോമസ് ചേട്ടാ…ഈ റോയിച്ചന്, ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ അത് നേരിട്ട് ചെന്ന് പറയും….അതിനൊരു ദൂതനെയും വയ്ക്കില്ല…..”

“അത് പിന്നെ….ഞങ്ങൾക്ക് അറിയില്ലേ…റോയിച്ചനെ പോലെയുള്ള ഒരാളെ ഭർത്താവായി കിട്ടാൻ ഈ നാട്ടിലെ പെണ്ണുങ്ങളെല്ലാം കാത്തിരിക്കുകയാണെന്ന്……
ഒരു നോട്ടം കിട്ടാൻ വേണ്ടി മാത്രം അവര് കിണഞ്ഞു, പരിശ്രമിക്കുമ്പോൾ….ഇവിടെ ഒരാൾ നോക്കീന്ന് പറഞ്ഞ് ദേഷ്യം പിടിച്ചു പോയി….!എന്തൊരു വിരോധാഭാസം..!!!??”

തോമാച്ചൻ ആ പറഞ്ഞത് സത്യമാണ്…. നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനാണ് റോയിച്ചൻ. സ്വന്തമായി റബർ ബിസിനസ് നടത്തുന്ന…..പാവങ്ങളുടെ ദൈവമായ റോയിച്ചനെ നാട്ടുകാർക്ക് എല്ലാവർക്കും ബഹുമാനമായിരുന്നു. ജാതിമതഭേദമില്ലാതെ നാട്ടിലെ ഏതാവശ്യത്തിനും ഏത് ആഘോഷത്തിനും റോയിച്ചൻ ഉണ്ടാവും. സത്യം പറഞ്ഞാൽ റോയിച്ചൻ ഇല്ലാതെ അവിടെ ഒരു പരിപാടി പോലും നടക്കുമായിരുന്നില്ല….
അത്രയ്ക്കും നല്ലൊരു ചെറുപ്പക്കാരനെയാണ് ‘വായിനോക്കി’ എന്ന് ഇന്നലെ വന്ന ഒരുവൾ വിളിച്ചിട്ട് പോയത്.

ചായകുടിച്ചു കഴിഞ്ഞ്….പെട്ടെന്നുതന്നെ ബൈക്ക് എടുത്ത് പറപ്പിച്ചു വിട്ടു റോയിച്ചൻ.
റബർ തോട്ടം കഴിഞ്ഞ് വിശാലമായ കാപ്പി തോട്ടത്തിലേക്ക് എത്തിയതേയുള്ളൂ……

ദാ… നടന്നുപോകുന്നു….ടീച്ചർ അവളെ കടന്ന് വണ്ടി മുൻപോട്ട് പോയി….പെട്ടെന്ന് തന്നെ നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ തന്നെ കണ്ട ഭാവം ഇല്ലാതെ നടന്നകന്നു പോകുകയാണ് കക്ഷി.

“കൊച്ചേ ….അവിടെ ഒന്ന് നിന്നേ….”

“കൊച്ചോ…??? എന്താ തന്റെ ഉദ്ദേശം!!!??? ”

“ഉദ്ദേശം ഒന്നേയുള്ളു…..നിന്നെ കെട്ടണം. ”

“താനൊന്നു പോടോ…..താൻ ഇവിടുത്തെ വലിയ റൗഡിയോ….ചട്ടമ്പിയോ ഒക്കെ ആയിരിക്കും….അത് തന്റെ വീട്ടിൽ വച്ചാൽ മതി…. അതുംകൊണ്ട് എന്റെ അടുത്തേക്ക് വന്നേക്കരുത്…! ഇനി ഇമ്മാതിരി വർത്തമാനം കൊണ്ട് എന്റെ അടുത്ത് വന്നാലേ…. മറുപടി പറയുന്നത് കാലിൽ കിടക്കുന്ന ചെരുപ്പ് ആയിരിക്കും. !!!”

നല്ല ചമ്പക്കുളം സ്റ്റൈലിൽ ഉള്ള പഞ്ചു ഡയലോഗ് കേട്ടു കിറുങ്ങി പോയി റോയിച്ചൻ.

പെട്ടെന്ന് തന്നെ എതിരെ കുറച്ച് ആളുകൾ വരുന്നത് കണ്ട് സംസാരം നിർത്തി അവൾ വേഗം നടന്നു നീങ്ങി.

വഴിയാത്രക്കാരായി വന്നവർ റോയിച്ചനുമായി സംസാരിച്ച സമയം കൊണ്ട് അവൾ വീട് എത്തിക്കഴിഞ്ഞിരുന്നു.

പിന്നീട് ഒരു നാലഞ്ചു മാസത്തിനുള്ളിൽ തന്നെ……
ആ നാട്ടിലുള്ള ജീവിതത്തിലൂടെ…..
സെലിൻ ഒരു കാര്യം മനസ്സിലാക്കി. താൻ കരുതിയ പോലെയല്ല ഉള്ള ഒരാൾ അല്ല റോയിച്ചൻ.
ആൾ നാട്ടിലെ ജനസമ്മതൻ ആണ്….. നാട്ടിലുള്ള പെണ്ണുങ്ങളുടെ ആരാധനാ പുരുഷൻ….. റോയിച്ചൻ ഒന്നു മിണ്ടാൻ കാത്തിരിക്കുന്നവർ….
നാട്ടിലെ പൊതു പരിപാടികൾ….. ആഘോഷങ്ങളിൽ ഒക്കെ മുൻപന്തിയിൽ നിന്ന് നേതൃത്വം കൊടുക്കുന്ന…..നാട്ടുകാരുടെ മൊത്തം കണ്ണിലുണ്ണിയായ ഒരാളെ ആണ് താൻ വായിനോക്കി എന്ന് വിളിച്ചത്.

റോയിച്ചനെ കുറിച്ച്….അയാളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കിപ്പോൾ അവൾക്ക് നേരിയ പശ്ചാത്താപം തോന്നി…അവളും പതിയെ റോയിച്ചന്റെ ആരാധികയായി മാറി.
പക്ഷേ റോയിച്ചൻ അവളെ നേർക്ക് നേരെ സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളിൽ ഒക്കെ അവഗണിക്കുകയാണ് ചെയ്തത്. എങ്കിലും, ഇടയ്ക്ക് കൂടെ ആരെങ്കിലും ഒക്കെ ഉണ്ടെങ്കിൽ ടീച്ചറെന്ന് വിളിച്ച് ലോഹ്യം ചോദിക്കാറുണ്ടായിരുന്നു.

അന്നൊരു ബുധനാഴ്ചയായിരുന്നു. സ്കൂളിൽ നിന്നും കുട്ടികളെ, ശാസ്ത്രമേളക്ക് കൊണ്ടു പോയിട്ട് അവരെ, തിരിച്ചു വീടുകളിൽ എത്തിച്ചുകഴിഞ്ഞു താമസിച്ചാണ് സെലിൻ സ്കൂളിൽ നിന്നും ഇറങ്ങിയത്….

വീട്ടിലേക്ക് പത്തിരുപത് മിനിറ്റോളം നടക്കണം. തുലാവർഷത്തിന്റെ ആരംഭം ആയതിനാൽ…. കനത്ത ഇടിയും….മിന്നലും….കൂടെ ശക്തമായ കാറ്റും….മഴ ഇപ്പോൾ പെയ്തേക്കുമോ എന്ന് തോന്നി….വേഗം നടന്നുനീങ്ങുന്നതിനിടയിൽ ആണ്….റോയിച്ചൻ ബൈക്കിൽ കടന്നു പോകുന്നത് കണ്ടത്. കുറച്ചു മുൻപിൽ കൊണ്ട് നിർത്തി തിരിഞ്ഞുനോക്കി ചോദിച്ചു.

“ടീച്ചറേ ….മഴ വരുന്നു….കേറുന്നോ വണ്ടിയിൽ…. പെട്ടെന്ന് വീട്ടിൽ എത്തിക്കാം.”

കാലാവസ്ഥ അത്രയ്ക്കും മോശമായതിനാൽ മറ്റൊന്നും ചിന്തിക്കാതെ അവൾ ആ ക്ഷണം സ്വീകരിച്ചുകൊണ്ട് അവന്റെ ബൈക്കിന്റെ പുറകിൽ കയറിയിരുന്നു.

ബൈക്ക് സ്റ്റാർട്ടാക്കിതും മഴയും തുടങ്ങി…..
മഴ നനഞ്ഞ് ബൈക്കിൽ റോയിച്ചന്റെ കൂടെ ഇരുന്നപ്പോൾ…..
അറിയാതെ വണ്ടിയുടെ വേഗതയിൽ എവിടെയോവച്ച്
പരസ്പരം ശരീരങ്ങൾ അറിയാതെന്ന് സ്പർശിച്ചപ്പോൾ…..അവളുടെ മനസ്സിലും ഒരു മഴ പെയ്തിറങ്ങി…

പെട്ടെന്നുതന്നെ വീടെത്തി.
അവളെ ഇറക്കി….. ‘പെട്ടെന്ന് കയറി പൊയ്ക്കോളൂ’ എന്നു പറഞ്ഞു അവൻ വണ്ടി ഓടിച്ചു പോയി.

ആ രാത്രി സെലിൻ ഉറങ്ങിയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു….. മനസ്സിൽ….. റോയിച്ചനെ ആദ്യമായി കണ്ടത് മുതൽ മഴനനഞ്ഞ ബൈക്ക് യാത്ര വരയുള്ള കാര്യങ്ങൾ…മിന്നിമറയുന്നു….. ഒരു പ്രണയ മഴയിൽ കുളിച്ച പ്രതീതിയായിരുന്നു രാവിലെ ഉറക്കമുണർന്നപ്പോൾ.

ഉറച്ച ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു അപ്പോഴേക്കും അവൾ. ഇന്ന് തന്നെ റോയിച്ചനോട് തന്റെ ഇഷ്ടം തുറന്നു പറയണം….
ഇത്രനാളും ആ സ്നേഹം കണ്ടില്ലെന്നു നടിച്ചതിന് ക്ഷമ പറയണം….

സ്കൂളിലേക്ക് പോകും വഴി അവനെ തിരഞ്ഞെങ്കിലും കണ്ടില്ല. ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും, പുറകിൽ ബൈക്കുമായി റോയിച്ചൻ.
ബൈക്കിന് കൈ കാണിച്ചു.

“ടീച്ചറെ…..ഇത് ബസ് അല്ല…… കൈകാണിച്ച് നിർത്താൻ…….”

ഒരു ചിരിയോടെ അങ്ങനെ പറഞ്ഞു കൊണ്ട് ബൈക്ക് അടുത്തു കൊണ്ട് നിർത്തി.

നീല ഷർട്ടും…നീല കര മുണ്ടും…. കൊമ്പൻമീശ….പിരിച്ചു കൊണ്ട് അവൻ അവളെ ഒന്ന് നോക്കി. അവളുടെ ഹൃദയം വല്ലാതെ പിടിച്ചു……

“ആഹാ…..കുളിച്ചൊരുങ്ങി സുന്ദരൻ ആയിട്ടുണ്ടല്ലോ….നല്ല ഭംഗിയുണ്ട് കാണാൻ കേട്ടോ….എങ്ങോട്ടോ യാത്രയാണെന്ന് തോന്നുന്നല്ലോ… എവിടെ പോവാ……..”

പതിവില്ലാതെ സെലിന്റ സ്നേഹത്തോടെ ഉള്ള സംസാരത്തിൽ രസം പിടിച്ചു കൊണ്ട് സന്തോഷത്തോടെ അവൻ പറഞ്ഞു

“അതോ അമ്മയ്ക്ക് ഒരേ നിർബന്ധം ഞാൻ പെണ്ണ് കെട്ടണം എന്ന്…
ഒരു പെണ്ണു കാണൽ ചടങ്ങിന് പോവുകയാണ്….കണ്ടതാണ് ഇപ്പോൾ ഒന്നു പോയി ഉറപ്പിക്കാൻ പോവാ…”

ഇടിത്തീപോലെയാണ് അവൾ ആ വാക്കുകൾ കേട്ടത്……അതുവരെ ഉള്ളിൽ നിറഞ്ഞ സന്തോഷവും പ്രണയം ഒക്കെ ഉരുകിയൊലിച്ചു പോയത് പോലെ…….സെലിന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകി.

കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു.റോയിച്ചൻ
അത് കണ്ടുവെങ്കിലും കണ്ടില്ലന്ന് നടിച്ചു കൊണ്ട് പറഞ്ഞു…..

“എന്തായാലും കണി കണ്ടത് ടീച്ചറിനെ ആണ്…..ഇത് നടക്കുമെന്ന് എന്റെ മനസ്സ് പറയുന്നു….”

വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ അവൾ ചോദിച്ചു.

“തനിച്ചേയുള്ളൂ……”

“അല്ല കവലയിൽ അപ്പച്ചനും ബേബിഅങ്കിളും ഉണ്ട്. ”

“എന്നാൽ ശരി….. എന്റെ എല്ലാ ആശംസകളും……”
അങ്ങനെ പറഞ്ഞിട്ട് അവൾ വേഗം നടന്നു നീങ്ങി.

എത്ര നിയന്ത്രിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി…. നഷ്ടപ്പെടുത്തി കളഞ്ഞത് ഞാൻ തന്നെയല്ലേ…….

സാരിത്തലപ്പുകൊണ്ട് സെലിൻ കണ്ണുനീർ തുടയ്ക്കുന്നത് വണ്ടിയുടെ കണ്ണാടിയിലൂടെ കണ്ടു റോയിച്ചൻ….
അപ്പോൾ അവന്റെ ചുണ്ടിൽ ഒരു നേരിയ മന്ദഹാസം വിരിഞ്ഞു….

‘ഒരു ക്രൂരമായ പ്രതികാരം’

കുറച്ചു കരയട്ടെ…….എന്നെ അത്രയ്ക്കും പറഞ്ഞതല്ലേ…..ചെരിപ്പൂരി അടിക്കും എന്ന് വരെ പറഞ്ഞില്ലേ..അതിന് ഒരു ചെറിയ പണിഷ്മെന്റ്.

വൈകുന്നേരം അവൾ വീട്ടിൽ വരുമ്പോൾ അറിഞ്ഞാൽ മതി കല്യാണ ഉറപ്പിക്കാൻ അവളുടെ വീട്ടിൽ ആണ് ഞാൻ പോയതെന്ന്.

Leave a Reply

Your email address will not be published. Required fields are marked *