“അമ്മേ, എനിക്ക് ഇപ്പോൾ ഒരു വിവാഹം വേണ്ട. ഞാൻ ഇങ്ങനെ അങ്ങു ജീവിച്ചോളo.അമ്മ ഇനി എന്നെ നിർബന്ധിക്കരുത്.” “നീ ഈ കുടുംബത്തിൻ്റെ മാനം

(രചന: സുജ അനൂപ്)

കൊച്ചുമകൻ

“അമ്മേ, എനിക്ക് ഇപ്പോൾ ഒരു വിവാഹം വേണ്ട. ഞാൻ ഇങ്ങനെ അങ്ങു ജീവിച്ചോളo. അമ്മ ഇനി എന്നെ നിർബന്ധിക്കരുത്.”

“നീ ഈ കുടുംബത്തിൻ്റെ മാനം കളയും. നിനക്ക് താഴെ ഒരെണ്ണം കൂടെ ഉണ്ട്. അതിനെ പറ്റി ആലോചിക്കേണ്ടെ. നാട്ടുകാരും വീട്ടുകാരും ചോദിക്കുന്നു മകളെന്താ കെട്ടാച്ചരക്ക് ആണോ എന്ന്….”

“എനിക്ക് ഒരു ജോലി ഉണ്ട്. സ്വന്തം കാലിൽ നിൽക്കുവാൻ കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. പിന്നെ എന്തിനാണമ്മേ എനിക്കൊരു വിവാഹം. വിവാഹം കഴിച്ചാൽ മാത്രമേ ജീവിക്കുവാൻ കഴിയൂ. എനിക്ക് എൻ്റെ ജോലിയിൽ മുന്നേറണം. എപ്പോഴെങ്കിലും മനസ്സിന് പിടിച്ച ഒരാൾ വന്നാൽ തീർച്ചയായും ഞാൻ വിവാഹം കഴിക്കാം….”

വയസ്സ് മുപ്പതു കഴിഞ്ഞിരിക്കുന്നൂ. നാട്ടുകാർക്കെല്ലാം അറിയേണ്ടത് അവളുടെ വിവാഹത്തെ പറ്റി മാത്രമാണ്. എനിക്കോ അവളുടെ അച്ഛനോ ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക് അവളുടെ കാര്യത്തിൽ.

അവളെ തിരുത്തുവാൻ എനിക്കായില്ല. അല്ലെങ്കിലും വലുതായി കഴിഞ്ഞാൽ മക്കൾക്ക് അവരുടേതായ ശരികളുണ്ട്. മകൾ എന്നതിൽ ഉപരി അവൾ ഒരു വ്യക്തിയാണ്. അവൾക്കു അവളുടേതായ കാഴ്ച്ചപ്പാടുകൾ ഉണ്ടാകും ജീവിതത്തിൽ. അത് തെറ്റാണെന്നു പറയുവാൻ എനിക്ക് ആകുന്നില്ല. അവളുടെ അത്ര പഠിപ്പു എനിക്കില്ല.

അവൾ ചെയ്യുന്ന ജോലി, ആ കമ്പനിയിലെ അവളുടെ സ്ഥാനം അതെല്ലാം കാണുമ്പോൾ ചിലപ്പോൾ തോന്നി പോകും ഇത്ര പഠിപ്പിച്ചത് കൊണ്ട് മാത്രമാണോ അവൾ ഇങ്ങനെ ചിന്തിക്കുന്നത്…

കാലം കടന്നു പോയി.. ഒപ്പം എൻ്റെ പ്രതീക്ഷകളും തകർന്നു തുടങ്ങി..

പക്ഷേ മനസ്സിൽ ഞാൻ ചിലതു കരുതിയിരുന്നൂ.

പിജി കഴിഞ്ഞതും ഇളയ മകളെ ഞാൻ അങ്ങു കെട്ടിച്ചു വിട്ടൂ.

എൻ്റെ സ്വാർത്ഥത ആകാം ഇനിയും പഠിച്ചു കഴിഞ്ഞാൽ അവൾക്കുo വിവാഹം വേണ്ടെന്നു തോന്നിയാലോ. എനിക്കും താലോലിക്കുവാൻ ഒരു കൊച്ചുമകൻ വേണം.

ഏതായാലും ചേച്ചിയെ പോലെ തൻ്റെടി അല്ലാത്ത അവൾ എതിർത്തൊന്നും പറഞ്ഞില്ല….

വിവാഹം കഴിഞ്ഞതിൽ പിന്നെ പക്ഷേ എൻ്റെ മകളുടെ മുഖത്തു നിന്നും സന്തോഷവും ചിരിയും മറഞ്ഞു. എന്തിനും ഏതിനും കലപില കൂട്ടി നടന്നിരുന്ന അവൾ പതിയെ അടുക്കളയുടെ ഒരു മൂലയിലേയ്ക്ക് ഒതുങ്ങി. ഒരിക്കൽ മാത്രം അവൾ എന്നോട് പറഞ്ഞു

“എനിക്കും ചേച്ചിയെ പോലെ ആയിരുന്നാൽ മതിയായിരുന്നൂ. എനിക്കും ഒരുപാടു സ്വപ്നങ്ങൾ ഉണ്ടായിരുന്നമ്മേ. എനിക്ക് ഇനിയും പഠിക്കണം. സിവിൽ സർവീസ് നേടണം.”

മരുമകനെ കണ്ടപ്പോൾ ഞാൻ അവളുടെ ഇഷ്ടം അറിയിച്ചൂ. അതിനുള്ള മറുപടിയും എനിക്ക് കിട്ടി.

“എൻ്റെ വീട്ടിലെ പെണ്ണുങ്ങൾ പണിക്കു പോകാറില്ല. അവൾക്കു ഇവിടെ ഒരു കുറവും ഇല്ല. പിന്നെ അമ്മമാർ പെണ്മക്കളുടെ കാര്യത്തിൽ അധികം കൈകടത്താതെ ഇരിക്കുന്നതാണ് നല്ലത്.

അവൾ അവനു ഒരു ഭോഗവസ്തു മാത്രം ആയിരുന്നൂ.പിന്നെ മറ്റുള്ളവരുടെ മുൻപിൽ കാണിക്കിക്കുവാനുള്ള ഒരു സ്റ്റാറ്റസ്സ് സിംബൽ. അത് മനസ്സിലാക്കുവാൻ ഞാനും വൈകി.

നാളുകൾ കഴിയുന്തോറും അവളുടെ ദുഃഖം കൂടി കൂടി വന്നൂ. എരിതീയിൽ വീണെരിയുന്ന അവളെ രക്ഷിക്കുവാൻ ആവാതെ ഞാനും തേങ്ങി….

“അമ്മേ, നമുക്കൊന്ന് ആശുപത്രി വരെ പോകണം. അമ്മ വേഗം വരൂ. അച്ഛൻ ഉറങ്ങിക്കോട്ടെ. ഒന്നും അറിയിക്കേണ്ട..”

ധൃതിയിൽ മൂത്ത മകൾ എന്നെയും കുട്ടി സിറ്റി ഹോസ്പിറ്റലിലേക്ക് ചെന്നൂ. അവിടെ വച്ചാണ് ഞാൻ എല്ലാം അറിഞ്ഞത്.

ഏഴാം മാസം എൻ്റെ കുട്ടിയെ കൂട്ടി കൊണ്ട് വരുവാൻ അവൻ അനുവദിച്ചില്ല. ആ മകളാണ് ഇപ്പോൾ മരവിച്ചു മോർച്ചറിയിൽ കിടക്കുന്നത്.

ആ ശരീരം വാങ്ങി ഞങ്ങൾ വീട്ടിലേയ്ക്കു വന്നൂ. ഇവിടെ മരിച്ചു കിടക്കുന്നതു എൻ്റെ സ്വാർത്ഥതയാണ്, എൻ്റെ മകൾ അവളെ ഞാൻ അല്ലേ കൊന്നത്…?

എൻ്റെ കൊച്ചുമകൻ ഇതൊന്നും അറിയാതെ ഇൻക്യൂബേറ്ററിൽ ഉറങ്ങുന്നൂ. ഞാൻ ആഗ്രഹിച്ച കൊച്ചുമകനെ എനിക്ക് കിട്ടി.

ആ ഷോക്കിൽ നിന്നും മാറുവാൻ ഒരിക്കലും എനിക്കായില്ല. കണ്ണടയ്ക്കുമ്പോൾ എല്ലാം എൻ്റെ കുട്ടിയുടെ കരയുന്ന മുഖം എൻ്റെ മുന്നിൽ വന്നൂ….

പക്ഷേ എനിക്ക് താങ്ങായി മൂത്ത മകൾ ഉണ്ടായിരുന്നൂ. അനിയത്തിക്കുട്ടിയെ വിധി തട്ടി എടുത്തൂ എന്ന് വിശ്വസിക്കുവാൻ അവൾക്കായില്ല. അവൾ പൊരുതി. അവൻ ജയിലിൽ ആകുന്നത് വരെ അവൾ പൊരുതി.

അവനെ ജയിലിൽ അടപ്പിച്ചു തിരിച്ചു വന്ന അവൾ എന്നോട് പറഞ്ഞു…

“അമ്മയ്ക്ക് അറിയാമോ, എനിക്ക് പൊരുതുവാൻ കഴിയുന്നത് എൻ്റെ കൈകൾ ബന്ധിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ടു മാത്രമാണ്. ഒരു പക്ഷേ ഞാൻ ഒരു വിവാഹം കഴിച്ചിരുന്നെങ്കിൽ എനിക്ക് ഇന്ന് ഇത് സാധ്യമാകുമായിരുന്നില്ല…

പക്ഷേ.. അമ്മയുടെ മനസ്സ് എനിക്കറിയാം. അമ്മയുടെ കൊച്ചുമകനെ അവർക്കു വേണ്ട, എനിക്ക് അവനെ വേണം എൻ്റെ മകനായി അവൻ വളരട്ടെ….

“പിന്നെ നാട്ടുകാർ എന്തും പറയട്ടെ അമ്മേ, അമ്മയ്ക്കും അച്ഛനും മോനും തുണയായി ഞാൻ എന്നും ഉണ്ടാകും. വിവാഹം ചെയ്യുക എന്നത് മാത്രമാണോ ജീവിതം. നേടുവാൻ ഒത്തിരിയുണ്ട് അത് നേടി എന്ന് തോന്നിയാൽ, സ്വന്തം കാലിൽ നിൽക്കുവാൻ കഴിയും എന്ന് തോന്നിയാൽ ഒരു വിവാഹജീവിതം ആകാം. എല്ലാ പുരുഷൻമാരും അച്ഛനെ പോലെ നല്ലവർ ആവണം എന്നില്ലല്ലോ. നല്ലവരും ഉണ്ടാകാം, പക്ഷേ നല്ലതു നോക്കി തെരഞ്ഞെടുക്കുവാൻ ഇത് പച്ചക്കറി ചന്തയല്ലല്ലോ..നാളെ ഒരിക്കൽ അനിയത്തിയെ പോലെ ആർക്കും സംഭവിക്കരുത്

Leave a Reply

Your email address will not be published. Required fields are marked *