ദേ,ഇങ്ങോട്ടൊന്നു വേഗം വന്നേ.” ഭാര്യയുടെ ഉറക്കെയുള്ള വിളി കേട്ടപ്പോൾ എന്തോ പന്തികേട് തോന്നി

(രചന ശാലിനി മുരളി)

“ദേ,ഇങ്ങോട്ടൊന്നു വേഗം വന്നേ.”

ഭാര്യയുടെ ഉറക്കെയുള്ള വിളി കേട്ടപ്പോൾ എന്തോ പന്തികേട് തോന്നി
രാവിലേ സേവന വാരത്തിന്ഇറങ്ങിയതാണ്. .

പിന്നെ എന്ത് പറ്റി. വല്ല പാമ്പ് വല്ലതും മുറിയിൽ കേറിയോ..

വായിച്ചുകൊണ്ടിരുന്ന ന്യൂസ്‌പേപ്പർ കസേരയിലേക്ക് ഇട്ട് അയാൾ എഴുന്നേറ്റു..
മകളുടെ മുറിയിൽ നിന്നാണല്ലോ വിളിക്കുന്നത്..

അവളുടെ മുറിയിൽ കേറി പരിശോധിക്കുന്നതിന് ഈയിടെ രണ്ടും കൂടി ഒരു വഴക്ക് കഴിഞ്ഞതേയുള്ളൂ..

“ദേ, ഇത്കണ്ടോ ”

ഉയർത്തിപിടിച്ച ഒരു വെള്ളകടലാസ്.
അതും പിടിച്ചു ഉറഞ്ഞു തുള്ളി നിൽകുന്ന ഭാര്യ !!

ഇവൾക്ക് ഇതെന്തു പറ്റി.

“വായിച്ചു നോക്ക് ”

വായിച്ചു.. ഇതൊരു പ്രേമലേഖനം ആണല്ലോ.ഇവിടെ ഇത് എങ്ങനെ വന്നു..

“അതാ ഞാനും പറഞ്ഞത്..
ആദ്യായിട്ടല്ല എനിക്കിതു കിട്ടുന്നത്.
പരിപാടി തുടങ്ങിയിട്ട് കുറച്ചു നാളായി.. അവളിങ്ങു വരട്ടെ..പഠിക്കാനാണോ പോകുന്നതെന്ന് എനിക്കൊന്ന് അറിയണം ..”

“എടീ അതിന് നാട്ടുകാരെ മുഴുവൻ അറിയിക്കണോ.. മോള് വരട്ടെ, സമാധാനം ആയിട്ട് ചോദിക്കാം. ”

“നിങ്ങൾ മുഴുവനും വായിച്ചില്ലേ അപ്പോൾ ? ”

വായിച്ചില്ല. അവളുടെ ചാട്ടം കണ്ടു വായന നിർത്തേണ്ടി വന്നതാണ്..

വീണ്ടും കണ്ണട ശരിയാക്കി..

‘ഹഹ’ ചുമ്മാതല്ല ഇവൾ ഇത്ര ചാടിയത്.

“എന്റെ എഴുത്തുകൾ അടിച്ചു മാറ്റുന്നത് നിന്റെ അമ്മയുടെ കറുത്ത കൈകൾ ആണെന്നോ..
എങ്കിൽ എത്രയും പെട്ടെന്ന് അമ്മയുടെ കൈകളിൽ ഒരു ഫെയർ ആൻഡ് ലൗലി വാങ്ങി പുരട്ടണം.. ”

പൊട്ടി വന്ന വലിയ ചിരി
ഒരു ചുമയിൽ ഒതുക്കാൻ
പാടുപെടുമ്പോൾ

ഭാര്യയുടെ വീർത്ത മുഖം
കൂടുതൽ കൂടുതൽ വീർത്തു വന്നു.

Leave a Reply

Your email address will not be published. Required fields are marked *