എനിക്ക് ഒരിക്കലും അവനെ അംഗീകരിക്കുവാൻ പറ്റില്ല. എനിക്ക് ആ ബന്ധം വേണ്ട. അവനെ പോലെ ഒരുത്തൻ്റെ കൂടെ

(രചന സുജ അനൂപ്‌)

“എനിക്ക് ഒരിക്കലും അവനെ അംഗീകരിക്കുവാൻ പറ്റില്ല. എനിക്ക് ആ ബന്ധം വേണ്ട. അവനെ പോലെ ഒരുത്തൻ്റെ കൂടെ ജീവിതം പാഴാക്കുവാൻ വേറെ ആളെ നോക്കിയാൽ മതി.”ഉറഞ്ഞു തുള്ളുന്ന അവളോട് എനിക്ക് സഹതാപം മാത്രമേ ഉണ്ടായിരുന്നുള്ളു.

ഞാൻ എത്ര പറഞ്ഞു മനസ്സിലാക്കുവാൻ നോക്കുമ്പോഴും മായ അതിനെ എതിർത്തുകൊണ്ടേയിരുന്നൂ. അവസാനം ഞാൻ തീരുമാനിച്ചൂ

“അവളുടെ ജീവിതമല്ലേ അവളുടെ ഇഷ്ടo പോലെ തന്നെ ചെയ്യട്ടെ…”

വിനുവും എൻ്റെ ഉറ്റസുഹൃത്തു മായയുമായുള്ള വിവാഹം കഴിഞ്ഞിട്ട് കുറച്ചു ദിവസ്സങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വീട്ടുകാരുടെ ഇഷ്ടപ്രകാരം ഉള്ള വിവാഹം. ഈ നാട്ടിൽ തന്നെ ഇത്രയും ആർഭാടമായി മറ്റൊരു വിവാഹം നടത്തിയിട്ടുണ്ടാവില്ല.

അവൾക്കു പക്ഷേ അവനെ അംഗീകരിക്കുവാൻ ആകുന്നില്ല. അവളുടെ മനസ്സിൽ എവിടെയോ അവൾ തന്നെ തീർത്ത സ്വപ്നകൂടാരം ഉണ്ട്. അവിടെ അവളെ കാത്തിരിക്കുന്ന രാജകുമാരനും.മായയെ അവളുടെ വീട്ടുകാർ യാതൊരു അല്ലലും അറിയാതെയാണ് വളർത്തിയത്. അവളെ അവർ അത്രമേൽ സ്നേഹിച്ചിരുന്നൂ.

വിനുവിനെയും എനിക്ക് അടുത്തറിയാമായിരുന്നൂ. കലാലയത്തിൽ എൻ്റെ സീനിയർ ആയിരുന്നൂ അവൻ. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നവൻ. സ്വന്തം പ്രയത്‌നം കൊണ്ട് ഉയരങ്ങൾ കീഴടക്കിയവൻ. അവൻ്റെ ഉയർച്ച കണ്ടാണ് അവളുടെ വീട്ടുകാർ അവനെ അവൾക്കുവേണ്ടി തിരഞ്ഞെടുത്തത് പോലും.

പക്ഷേ അവൻ്റെ വീട്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാൻ ആവാതെ അവൾ തിരിച്ചു പോന്നൂ. അവളെ പറഞ്ഞു മനസ്സിലാക്കിക്കാതെ വീട്ടുകാർ അവളെ കൂടെ നിർത്തി.

“ഒരു പെൺകുട്ടിക്ക് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനുള്ള സമയം കൊടുക്കണം എന്ന് പോലും അവർ ചിന്തിച്ചില്ല…”

ബന്ധം വേർപിരിയുന്നതിനു അവൾ ഒരുപാടു കാരണങ്ങൾ നൽകി… അവൻ മനോരോഗിയാണത്രെ. പക്ഷേ.. ഏറ്റവും ദുഖകരമായി തോന്നിയത് അവനു ഒരു പുരുഷനെ പോലെ ഭാര്യയും ആയി ഒത്തു കഴിയുവാൻ ആകില്ല എന്ന് അവൾ പറഞ്ഞതാണ്.

“തന്നെ ഒരു പുരുഷൻ അല്ല എന്ന് പറയരുത്” എന്ന് മാത്രം അവൻ അവളോട് ആവശ്യപ്പെട്ടു. എന്നിട്ടും അവൾ ആ രീതിയിൽ തന്നെ കേസ് മുന്നോട്ടു കൊണ്ട് പോയി.

ബന്ധം വേർപെടുത്തി അവൾ ഇറങ്ങി വന്നത് ഒരു യുദ്ധം ജയിച്ച ലാഘവത്തോടെയാണ്. പിന്നിൽ തല കുനിച്ചാണ് അവൻ ഇറങ്ങിയത്.അന്നു മുതൽ അവളുടെ ജീവിതത്തിൽ നിന്ന് എന്തോ ഞാൻ മാറി നിന്നൂ.
കാലം കടന്നു പോയികൊണ്ടിരുന്നൂ..

ഇന്ന് വർഷങ്ങൾക്കു ശേഷം എൻ്റെ ആ പഴയ കൂട്ടുകാരിയെ ഞാൻ കണ്ടു. യൗവനത്തിൻ്റെ തിളക്കമെല്ലാം പണ്ടേ പോയിരിക്കുന്നു. അല്ലെങ്കിലും വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നൂ.അപ്പനും അമ്മയും മരിച്ചതിനു ശേഷം അവൾ ഏകദേശം ഒറ്റപ്പെട്ടിരുന്നൂ. ആദ്യമൊക്കെ അവളുടെ ദുശാഠ്യങ്ങൾ സമ്മതിച്ചു കൊടുത്ത ചേട്ടൻമ്മാർക്ക് പിന്നീട് അവൾ ബാധ്യതയായി. മറ്റൊരു വിവാഹം പിന്നീട് അവൾക്കു ഉണ്ടായില്ല.

ഇന്ന് ആരോരും തുണയില്ലാതെ കഷ്ടപ്പെടുന്ന അവളെ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. അവൾ എത്രയോ മാറിയിരിക്കുന്നൂ. അവൾക്കു എന്നോട് ഒന്ന് മാത്രമേ പറയാനുണ്ടായിരുന്നൂള്ളൂ.

” ഞാൻ ചെയ്തത് തെറ്റാണു. എൻ്റെ മാതാപിതാക്കൾ എന്നെ സ്നേഹിച്ചു നശിപ്പിക്കുകയായിരുന്നൂ. ഞാൻ വിവാഹമോചനം വേണം എന്ന് ആവശ്യപ്പെട്ടപ്പോൾ അവർക്കു എന്നെ തിരുത്തമായിരുന്നൂ. സാഹചര്യങ്ങളുമായി അലിഞ്ഞു ചേരുവാൻ എനിക്ക് സമയം വേണമെന്ന് അവർ മനസ്സിലാക്കണമായിരുന്നൂ..”

എനിക്ക് പക്ഷേ അവളോട് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നൂ.ഒന്നുമില്ലായ്മ്മയിൽ നിന്നും ഒരു കടലോളം സ്നേഹം പകർന്നു നല്കുന്നവൻ്റെ ഭാര്യയായ കഥ.വിനുവുമായി അവൾ ബന്ധം വേർപിരിഞ്ഞതിനു ശേഷം വിനു സ്വന്തം ജീവിതം വെറുത്തു തുടങ്ങിയിരുന്നൂ.രണ്ടു വർഷങ്ങൾക്കു ശേഷമാണ് പാവപ്പെട്ട എൻ്റെ കുടിലിലേയ്ക്ക് അവൻ്റെ വിവാഹാലോചന കടന്നു വരുന്നത്. ജീവിതത്തിൽ നിന്നും ഓടി ഒളിക്കുവാൻ നോക്കിയ അവനു തണലായി അവൻ്റെ ജീവിതത്തിലേയ്ക്ക് ഞാൻ കടന്നു ചെന്നൂ.

എൻ്റെ കൂട്ടുകാരി അവനോടു ചെയ്തതു ഒരിക്കലും അംഗീകരിക്കുവാൻ അവനു ആവുമായിരുന്നില്ല. ആദ്യം എന്നെ വെറുത്തിരുന്ന വിനു പിന്നീട് എപ്പോഴോ എന്നെ സ്നേഹിച്ചു തുടങ്ങി.

“ഏതൊരു പുരുഷൻ്റെ ഉയർച്ചയ്ക്ക് പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമത്രേ. പക്ഷേ.. എനിക്ക് പറയുവാൻ കഴിയും ഇന്ന് ഞാൻ എന്തെങ്കിലും ആണെങ്കിൽ അതിനു പിന്നിൽ വിനുവാണ്. എപ്പോഴോ പഠനം വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന എന്നെ കൈ പിടിച്ചുയർത്തിയത് അവനാണ്. ഇന്ന് അവൻ്റെ കൂടെ ഒരു കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഇരിക്കുന്നത് പോലും ആ സ്നേഹം മൂലമാണ്”

“ചിലപ്പോഴൊക്കെ തിരുത്തലുകൾ ജീവിതത്തിൽ ആവശ്യമാണ്. കുട്ടികളെ ശരിയായ ദിശയിൽ നയിക്കേണ്ട മാതാപിതാക്കൾ അവരുടെ ദുർവാശികളെ പ്രോത്സാഹിപ്പിക്കാതിരിക്കട്ടെ. ഇനി മറ്റൊരു മായയ്ക്ക് അവളെ തന്നെ നഷ്ടപെടാതിരിക്കട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *