അജു നീയി ചെയ്തത് ഒട്ടും ശരിയായില്ല. നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരനല്ലേ ഉണ്ണി

“അജു നീയി ചെയ്തത് ഒട്ടും ശരിയായില്ല. നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരനല്ലേ ഉണ്ണി .അവന്റെ കല്യാണത്തിനു പോയിട്ട് ഇത്ര പെട്ടെന്ന് തിരിച്ചു വന്നതെന്തിനാ “രാഹുലിന്റെ ചോദ്യം കേട്ടെങ്കിലും ഞാനൊന്നും മിണ്ടിയില്ല.”എടാ അജു നിന്നോടാ ഞാൻ ചോദിച്ചത്. ഏതാടാ ആ പെണ്ണ്? അവളെ കണ്ടിട്ടല്ലേ നീ അവിടന്നു ധൃതിയിൽ ഇറങ്ങി വന്നത് “ഞാനും രാഹുലും ഉണ്ണിയും അഞ്ചു വർഷത്തെ സൗഹൃദമാണ് .അതിനു മുൻപുള്ള കാര്യങ്ങളൊന്നും അവർക്കറിയില്ല. പക്ഷെ കൂടെ പിറക്കാതെ പോയ കൂടപിറപ്പുകളാണ് അവരെനിക്ക്

“അജൂ എന്തിനാടാ ആ പെൺകുട്ടി കണ്ണു നിറഞ്ഞു കൊണ്ട് നിന്നെ നോക്കിയത് “”എടാ അവള് ,അവളെന്റെ പെങ്ങളാണെടാ “”നീയെന്താ ഈ പറയുന്നത് ,അനാഥനായ നിനക്കെങ്ങനെയാണെടാ പെങ്ങൾ ഉണ്ടാകുന്നത് “ഞാനവനെ നോക്കിയൊന്നു പുഞ്ചിരിച്ചു.”എന്റെ കൂടപിറപ്പാണ ടാ അവള് ,പക്ഷെ അതേ അവൾ തന്നെയാ എനിക്കാരും ഇല്ലാതാക്കിയതും “”എനിക്കൊന്നും മനസ്സിലാകുന്നില്ലെടാ “കാറിന്റെ സീറ്റിലേക്ക് പതിയെ തലചായ്ച്ച് ഞാൻ പഴയ ഓർമ്മകളിലേക്ക് സഞ്ചരിച്ചു.

ഒരു പ്രൈവറ്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു എന്റെ അച്ഛൻ. ഞാനും അച്ഛനും അമ്മയും പിന്നെ എന്റെ പെങ്ങൾ അമ്മുവും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. എന്നെക്കൾ ആറു വയസ്സിനു താഴെയായിരുന്നു അവൾ. അതു കൊണ്ട് തന്നെ അവളോട് എല്ലാവർക്കും ഒരു പ്രത്യേക സ്നേഹമായിരുന്നു. എത്ര തല്ലുകൂടിയാലും അഞ്ചു മിനിട്ടു കഴിഞ്ഞു ഏട്ടാ ന്ന് വിളിച്ചു വരുന്ന എന്റെ അമ്മൂട്ടിയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

” എല്ലാ ദിവസവും ഇവിടെ സാമ്പാറേയുള്ളൂ” അമ്മുവിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാൻ ഹാളിലേക്ക് വന്നത്” വാശി പിടിക്കാതെ ഇതും കൊണ്ട് കോളേജിൽ പോകാൻ നോക്കടി. ബസ്സ് ഇപ്പോ പോകും” അമ്മ ദേഷ്യത്തോടെ പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഞാനും അടുക്കളയിൽ എത്തിയിരുന്നു.” എപ്പോ നോക്കിയാലും ഈ ദോശയും സാമ്പാറും ,ഇത് കഴിച്ചു ഞാൻ മടുത്തു ഏട്ടാ “” എന്നാലേ ഇന്ന് രാത്രി നമുക്ക് പുറത്ത് പോയി ഭക്ഷണം കഴിക്കാം പോരേ “” അതു മതി, എന്റെ ഏട്ടൻ സൂപ്പറാ ”

” മതി. സോപ്പിടാതെ ക്ലാസ്സിൽ പോടി “ബാഗുമെടുത്ത് മുറ്റത്ത് ഇറങ്ങിയിട്ടും ഇടയക്കിടയ്ക്ക് അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഒരു കുഞ്ഞു കണ്ണുനീർ തിളക്കം ഞാനപ്പോഴും ആ കണ്ണിൽ കണ്ടില്ലായിരുന്നോ ,അറിയില്ല.വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും വേവലാതിയോടെ അമ്മ എന്റെ അരികിലേക്ക് ഓടിയെത്തിയിരുന്നു.”എടാ നമ്മുടെ അമ്മൂട്ടി അവളിതുവരെ ക്ലാസ്സു കഴിഞ്ഞ് വന്നിട്ടില്ലെടാ ”
അമ്മയെന്താ ഈ പറയുന്നേ, അച്ഛനെവിടെ “” അച്ഛൻ ഇതുവരെ വന്നിട്ടില്ല. നീയൊന്നു പോയി അന്വേഷിക്ക് മോനെ. എനിക്കാകെ പേടിയാവുന്നു.”

“അമ്മ പേടിക്കാതെയിരിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം.പിന്നെ അച്ഛനോട് ഒന്നും പറയണ്ട. അവള് വല്ല കൂട്ടുകാരിയുടേയും വീട്ടിൽ പോയിട്ടുണ്ടാവും ഞാൻ പോയിട്ടു വരാം ”
മ്പൈക്കുമെടുത്ത് എല്ലായിടത്തും അലഞ്ഞു. പക്ഷെ അവൾ എവിടെയും ഉണ്ടായിരുന്നില്ല.എന്നാൽ ഒരു നടുക്കുന്ന വാർത്തയറിഞ്ഞു. അവൾ ഒരു ചെറുപ്പക്കാരന്റെ ഒപ്പം പോയി എന്നും അവരുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞെന്നും.

എത്ര തടഞ്ഞു നിർത്തിയിട്ടും കണ്ണുനീർ താഴേക്ക് ഉതിർന്നുവീണു കൊണ്ടേയിരുന്നു. റോഡരികിൽ ബൈക്ക് നിർത്തി ഞാനൊന്ന് ഉറക്കെ കരഞ്ഞു. പക്ഷെ എനിക്കപ്പോഴും പേടിയായിരുന്നു പൊന്നുപോലെ മകളെ നോക്കിയ എന്റെ അച്ഛനേയും അമ്മയേയും ഓർത്ത്. പിടക്കുന്ന നെഞ്ചുമായി ഞാൻ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ കൂടി നിൽക്കുന്ന ആളുകളിൽ നിന്നും എനിക്ക് മനസ്സിലായിരുന്നു അവരെല്ലാം അറിഞ്ഞെന്ന്. പതിയെ റൂമിലേക്ക് കയറുമ്പോൾ നെഞ്ചത്തടിച്ചു പൊട്ടിക്കരയുന്ന അമ്മയെയാണ് കണ്ടത്.

” അജൂ എന്നാലും അവള് പോയില്ലേടാ ” എന്നുറക്കെ കരയുന്ന അമ്മയേക്കാളും എന്നെ വേദനിപ്പിച്ചത് അച്ഛനായിരുന്നു.എല്ലാ കാര്യങ്ങളും പുഞ്ചിരിയോടെ നേരിട്ടിരുന്ന അച്ഛൻ അമ്മുവിന്റെ ഫോട്ടേയും നെഞ്ചോട് ചേർത്തു വിങ്ങിപൊട്ടുന്നുണ്ടായിരുന്നു.പതിയെ ആ തോളിൽ കൈകൾ അമർത്തുമ്പോൾ അച്ഛനെന്നെ ചേർത്തു പിടിച്ചിരുന്നു.

” എന്നാലും ചതിച്ചില്ലേ ടാ നമ്മുടെ അമ്മൂട്ടി. ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ നടത്തി കൊടുക്കുമായിരുന്നില്ലേ ,സഹിക്കാൻ പറ്റണില്ലെടാ….”പെട്ടെന്ന് അച്ഛൻ എന്റെ ദേഹത്തേക്ക് വീഴുമ്പോൾ നെഞ്ചിൽ പെരുമ്പറ മുഴങ്ങുകയായിരുന്നു. അച്ഛനെ വാരിയെടുത്തു ഹോസ്പിറ്റലിലേക്ക് പോകുമ്പോഴും നെഞ്ച് നീറി പുകയുകയായിരുന്നു. പിന്നീട് ഒരു വാക്കു പോലും പറയാതെ അച്ഛൻ ഞങ്ങളെ വിട്ടു പോയിരുന്നു. അച്ഛൻ മരിച്ചു നാലാം ദിവസം അമ്മയും അച്ഛന്റെ അടുത്തേക്ക് പോയതോടെ ഞാനും ഒരനാഥനായി ആരോരുമില്ലാത്തവൻ ”

പൊട്ടിക്കരയുന്ന എന്നെ അപ്പോഴും രാഹുൽ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു.”നിന്നെ ഞാൻ എങ്ങനെയാ സമാധാനിപ്പിക്കുക അജൂ, എനിക്കറിയില്ല, എന്നാലും അവള് നിന്റെ പെങ്ങള് അല്ലേടാ “” അന്ന് അവൾ എല്ലാം പറഞ്ഞിരുന്നെങ്കിൽ എനിക്കൊപ്പം എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നേനേ ,അവളു കാരണമല്ലേ എനിക്കെല്ലാം നഷ്ടമായത് “അപ്പോഴും എന്റെ മുടിയിഴകളിൽ തലോടുന്ന രാഹുലിന്റെ കൈവിരലുകൾ എനിക്ക് ഒരു ആശ്വാസമായിരുന്നില്ല.എടാ അജു എന്നും ക്ഷമിച്ചൂടെ നിനക്ക് അവളോട് ”

“അതെനിക്ക് കഴിയുമോ എന്നറിയില്ല പക്ഷെ അവൾക്ക് ഒരു സഹായം വേണ്ടിവന്നാൽ ഞാനുണ്ടാകും. കാരണം അവളെന്റെ അനിയത്തി അല്ലേടാ, എന്റെ അമ്മൂട്ടി ” ഇത്രയും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഒരു ഇളം തെന്നൽ എന്നെ കടന്നു പോകുന്നുണ്ടായിരുന്നു അതിന് എന്റെ അച്ഛന്റെയും അമ്മയുടേയും

മണമായിരുന്നുജീവിതയാത്രയിൽ എപ്പോഴോ കണ്ടുമുട്ടിയ ഒരാളുടൊയൊപ്പം എല്ലാം ഉപേക്ഷിച്ചു പോകുമ്പോൾ നിങ്ങൾ ഒന്നോർക്കുക നിങ്ങൾക്കായി ആഹാരം വെച്ച് വിളമ്പി കാത്തിരിക്കുന്നൊരമ്മയും നിങ്ങൾക്കായി വിയർപ്പൊഴുക്കുന്ന ഒരച്ഛനും നിങ്ങൾക്കുണ്ടെന്ന്. അവരുടെ കണ്ണുനീർ തുള്ളികൾ ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചേക്കാം. ഇഷ്ടങ്ങൾ നേടിയെടുക്കണം പക്ഷെ അതൊരിക്കലും നമ്മെ ഇഷ്ടപ്പെടുന്നവരുടെ കണ്ണുനീർ വീഴ്ത്തിയിട്ടാവരുതെന്നു മാത്രം.

A Story by Akhil Krishna

Leave a Reply

Your email address will not be published. Required fields are marked *