അതെ എന്റെ ഭാര്യ സുന്ദരിയാണ് കോളേജിലാണ് ഞാൻ അവളെ കാണുന്നത് പക്ഷെ ജീവിതത്തിൽ സംഭവിച്ചത്

ഭാര്യ സുന്ദരിയാണ് (Based on a true story)അതെ എന്റെ ഭാര്യ സുന്ദരിയാണ് കോളേജിലെ എന്റെ ആദ്യ ദിവസത്തിലാണ് ഞാൻ ആദ്യമായി എന്റെ പ്രിയതമയെ കാണുന്നത്.ഒരേ ക്ലാസ്സിലെ സഹപാഠികൾ വട്ട മുഖവും കവിളിലെ നുണ കുഴിയും അവൾ എന്റെ ശ്രദ്ധ ആകർഷിച്ചു.ചിരിക്കുമ്പോൾ കൂടുതൽ തെളിഞ്ഞു കാണുന്ന അവളുടെ നുണ കുഴി എന്നെ അവളിലേക്ക് കൂടുതൽ അടിപ്പിച്ചു.അവളെ പരിചയപ്പെടാൻ ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നു.കോളേജിലെ ആദ്യത്തെ ഒരാഴ്ച കടന്നുപോയി.

ആരുടെയൊക്കെയോ കയ്യും കാലും പിടിച്ച് ഞാൻ അവൾടെ മൊബൈൽ നമ്പർ വാങ്ങിച്ചെടുത്തു.ആദ്യമൊക്കെ എന്നെ ആട്ടി അകറ്റാൻ ശ്രമിച്ചെങ്കിലും.ഒരേ ക്ലാസ്സിലെ സഹപാഠി എന്ന ഒരു പരിഗണന വച്ച് അവൾ എന്നെ ഒരു ഫ്രണ്ട് ആയി ഏറ്റെടുത്തു.ഞങ്ങൾ ചാറ്റിങ്ങിലൂടെയും കാളിങലൂടെയും നന്നായി അടുത്തു അവളുടെ കുട്ടിത്തം വിട്ട് മാറാത്ത പെരുമാറ്റവും നിഷ്കളങ്കതയും എന്നെ പ്രേമിക്കാൻ പഠിപ്പിച്ചു.

ഞാൻ കോളേജിൽ കിട്ടുന്ന സമയം മുഴുവൻ അവൾടെ കൂടെ ചിലവഴിക്കാൻ ശ്രമിച്ചു.അങ്ങനെ ഞങ്ങടെ സൗഹ്രദത്തിന്റെ ഒരു വർഷം കടന്നു പോയി.ഞങ്ങൾ അറിയാതെ തന്നെ അതെപ്പോഴോ പ്രണയത്തിലേക്ക് വഴി മാറിയിരുന്നു അതെ അവളും എന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു.ചെറിയ ചെറിയ പിണക്കങ്ങൾ പോലും ഞങ്ങളെ പതിന്മടങ്ങു ശക്തിയിൽ കൂട്ടി യോജിപ്പിച്ചു.ഞാൻ അവളുടെ ഉള്ളിലെ സൗന്ദര്യം അടുത്തറിയുകയായിരുന്നു എന്ന് വേണം പറയാൻ.അങ്ങനെ എല്ലാരുടെയും അശ്വതി എന്റെ അച്ചുമ്മയായി.അങ്ങനെ ഞങ്ങടെ പ്രണയം പൂത്തുലഞ്ഞു.വർഷങ്ങൾ കടന്നു പോയി.കടന്നു പോയ ഓരോ ദിവസവും ഞങ്ങളുടെ പ്രണയത്തിനു പുതിയ നിറം നൽകി പുതിയ ഭാവം നൽകി.

എന്റെ കോളേജ് കഴിഞ്ഞ് നാലു മാസത്തിനു ശേഷമാണ് എനിക്ക് എയർഫോസിൽ ഓഫീസറായി നിയമനം ലഭിച്ചത്.എന്റെ പ്രിയതമ പഠിക്കണമെന്ന് പറഞ്ഞു ഹയർ സ്റ്റഡീസന് ചേർന്നു.എന്റെ പോസ്റ്റിംഗിന് മുൻപ് തന്നെ ഞങ്ങടെ കല്യാണം ഉറപ്പിച്ചു വച്ചിരുന്നു ഒരു വര്ഷത്തിനു ശേഷം ലീവിന് വരുമ്പോൾ കല്യാണം.എന്റെ ആദ്യ പോസ്റ്റിങ്ങ്‌ അങ്ങ് ചാർഖണ്ടിൽ.ജോലിക്കു ട്രെയിൻ കേറുന്നതിന്റെ തലേന്ന് അവൾ എന്നോടൊരു ചോദ്യം ചോദിച്ചു.എന്റെ നുണ കുഴി കണ്ടല്ലേ എന്നെ സ്നേഹിച്ചേ ഈ നുണ കുഴി ഇല്ലാതായാൽ നീ വേറെ ആരെയേലും കെട്ടുമോ.

അന്ന് ഞാൻ ചിരിച്ചുകൊണ്ട്.തീർച്ചയായും വേറെ നുണ കുഴി ഉള്ള പെണ്ണിനെ നോക്കുമെന്നു പറഞ്ഞെങ്കിലും.ആ ഒരു ചോദ്യത്തിന് അന്വർത്ഥം ആവും വിധം ഒരു ദുരന്തം അവൾടെ ജീവിതത്തിൽ ഉണ്ടാവുമെന്ന് അവളോ ഞാനോ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.പോസ്റ്റിങ്ങ്‌ കഴിഞ്ഞ് ആറു മാസത്തിനു ശേഷം.
ആ ദുരന്തത്തിന്റെ വാർത്ത.ഒരു ഫോൺ കാളിന്റെ രൂപത്തിൽ എന്റെ ചെവിയിൽ പതിച്ചു.ലാബിൽ ടെസ്റ്റിംഗിലായിരുന്ന അച്ചുവിന്റെ മുഖത്ത്‌ ആസിഡ് തെറിച്ചു.
ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്‌.ആ വാർത്ത എന്റെ ശിരകളിൽ ഒരു കോളിളക്കം തന്നെ സൃഷ്ട്ടിച്ചു.അവൾ അനുഭവിക്കുന്ന വേദന മാത്രമായിരുന്നു എന്റെ മനസ്സിൽ.കൂടുതൽ വേദന നീ കൊടുക്കല്ലെന്നു ഞാൻ പ്രാർത്ഥിച്ചു.

ഈ സമയത്തു ഞാൻ അവളുടെ കൂടെ വേണമെന്ന് തോന്നി.എമർജൻസി ലീവിന് അപേക്ഷിച്ചു ലീവ് സംക്ഷനാവാൻ നാലു ദിവസം എടുക്കുമെന്ന സുപ്പീരിയർ സർദാർജി പറഞ്ഞപ്പോൾ എന്റെ മനസിലെ ആദി പതിഞ്ഞമടങ്ങു വർധിച്ചു. ദിവസത്തിൽ ഒരിക്കൽ വീട്ടിലോട്ടു വിളിച്ചുകൊണ്ടിരുന്ന ഞാൻ ഓരോ മണിക്കൂറിലും വിളിച്ച് അച്ചുവിന്റെ വിശേഷം തിരക്കി.മൂന്ന് ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്തു വീട്ടിലോട്ടു മാറ്റി എന്ന് അറിയാൻ കഴിഞ്ഞു.അതിന് പുറകെ ഒരു വാർത്ത കൂടി എന്നെ വല്ലാതങ്ങു ഇല്ലാതാക്കി.അച്ചു കല്യാണം വേണ്ടെന്നും ഇനി ഞാൻ അവളെ കാണാൻ പോവരുതെന്നും പറഞ്ഞുവെന്ന്.

ഞാൻ നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങി നേരെ ചെന്നത് അച്ചുവിന്റെ വീട്ടിലോട്ടാണ്.ഗേറ്റ് കടന്നു ഞാൻ കേറുന്നത് കണ്ടതും അച്ചുവിന്റെ അമ്മ സാരി തുമ്പ് കൊണ്ട് വായടച്ചു കരഞ്ഞു തുടങ്ങി.മോനെ അവൾ ആരെയും കാണേണ്ടെന്ന പറയുന്നേ. സംസാരിക്കുന്നുണ്ട് പക്ഷെ ആരെയേലും കണ്ടാൽ നിലവിളിച്ചു കരയും.മോനെ കണ്ടാൽ കൂടുതൽ വിഷമമാവും.ഞാൻ ഒരു നോക്ക് കണ്ടോട്ടെ.ഞാൻ അകത്തു കേറി ചെന്നു കണ്ണടച്ച് കിടപ്പാണ് പാവം.മുഖമാകെ വികൃതമായിരിക്കുന്നു എന്റെ പെണ്ണിന്റെ നുണ ക്കുഴി ആസിഡ് ഒലിച്ചിറങ്ങി ഇല്ലാതായിരിക്കുന്നു.ഞാൻ അവൾടെ ചെവിയിൽ ചെന്ന് പതിയെ വിളിച്ചു.ആച്ചുമ്മ അവൾ കണ്ണ് തുറന്നു.കണ്ടതും പൊള്ളി ഒട്ടി പോയിരുന്ന ചുണ്ടുകൾ എങ്ങോട്ടെന്നില്ലാതെ നോക്കി മന്ത്രിച്ചു തുടങ്ങി.

പ്ലീസ് ശ്യാം.ഇവിടന്ന് പോവണം എനിക്ക് കാണണ്ട.അവൾ കരഞ്ഞു തുടങ്ങി.എന്നെക്കാൾ നല്ല പെണ്ണിനെ ശ്യാമിന് കിട്ടും.അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് മുഖം തിരിഞ്ഞു കിടന്നു.എന്ത് തന്നെ വന്നാലും മരിക്കുവോളം കൂടെ ഉണ്ടാവും.ഈ ഒരു അവസ്ഥയിൽ അച്ചൂമ്മേടെ കൂടെ ഉണ്ടാവണം എന്ന് തോന്നി അതാണ് ഓടി വന്നത്.

എന്റെ വാക്കുകളിൽ ഉള്ളിലെ സ്നേഹത്തിന്റെ തീവ്രത വായിച്ചെടുത്തതിനാൽ ആവണം അതുവരെ മുഖത്തു നോക്കാതിരുന്ന അവൾ കണ്ണീരോടെ എന്റെ മുഖത്തോട്ടു നോക്കി.അന്ന് മുതലാണ് എനിക്കവളോടുള്ള പ്രെണയത്തിന്റെ ആഴം കൂടുതൽ അവൾ മനസിലാക്കി തുടങ്ങിയത്.അത്‌ കഴിഞ്ഞ് രണ്ടാം ദിവസം രജിസ്റ്റർ മാരേജ് വേണം എന്ന എന്റെ വാശി ചെറിയ ചെറിയ തടസങ്ങൾ മറികടന്നു എല്ലാവരും ശെരി വച്ചു അങ്ങനെ ആർഭാടങ്ങൾ ഒഴുവാക്കി ഞങ്ങൾ വിവാഹിതരായി.

ഞാൻ അവളെ പഴയ അച്ചുവാക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.കിട്ടുന്ന സമയമൊക്കെ ഞങ്ങൾ പ്രേമിക്കുമ്പോൾ പോവുമായിരുന്നു സ്ഥലങ്ങളിലൊക്കെ കൊണ്ട് പോയി. കൂടുതൽ സംസാരിച്ചു.തമാശകൾ പറഞ്ഞ് ചിരിപ്പിക്കാൻ ശ്രമിച്ചു.എന്റെ പഴയ നുണക്കുഴി പെണ്ണിന്റെ ചിരിയുടെ മാധുര്യം അതിന് ഒട്ടും കോട്ടം തട്ടാതെ അവളിൽ ഞാൻ കണ്ടു.ആളുകൂടുതൽ ഉള്ളിടത്തു പോവുമ്പോൾ അവളെ നോക്കി അറച്ചു മുറുമുറുക്കുന്ന ആളുകളെ കാണുമ്പോൾ.

അയ്യേ എന്ന് പറയാതെ പറയുന്നവരെ കാണുമ്പോൾ അവൾ എന്നെയൊന്നു നോക്കും.ചെറു പുഞ്ചിരിയോടെ പോട്ടെ വിഷമിക്കണ്ടാന്ന് പറഞ്ഞ് നെഞ്ചോടു ചേർത്തി പിടിക്കുമ്പോൾ.എന്റെ ഭാര്യ സുന്ദരിയാണെന്ന് അവരോടൊക്കെ വിളിച്ച് കൂവുന്നത് അവൾ എന്റെ ഹൃദയമിടുപ്പിൽ നിന്നും വായിച്ചെടുക്കുന്നതായി എനിക്ക് തോന്നാറുണ്ട്.അതെ എന്റെ ഭാര്യ മുന്പത്തേക്കാളും പതിന്മടങ്ങു സുന്ദരിയാണ്(ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു വരി എനിക്കായ് കുറിക്കാൻ ശ്രമിക്കുക എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അത്‌ ഉപകരിക്കും എന്ന് കരുതുന്നു)

രചന : സമ്പത് ഉണ്ണികൃഷ്‌ണൻ

Leave a Reply

Your email address will not be published. Required fields are marked *