അവസാനമായി നിന്നെ എനിയ്ക്കൊന്നു അനുഭവിയ്ക്കണം സലോമി ജീവനറ്റ പുഞ്ചിരിയോടെ ഫെലിക്സ് അതു പറയുമ്പോൾ സലോമിയുടെ ഉള്ളം വിറച്ചു.

“അവസാനമായി നിന്നെ എനിയ്ക്കൊന്നു അനുഭവിയ്ക്കണം സലോമി … “ജീവനറ്റ പുഞ്ചിരിയോടെ ഫെലിക്സ് അതു പറയുമ്പോൾ സലോമിയുടെ ഉള്ളം വിറച്ചു…മൂന്ന് വർഷങ്ങൾക്കിടയിൽ ഒരിയ്ക്കൽപ്പോലും വിരൽ തുമ്പിൽ കൂടി സ്പർശിയ്ക്കാത്ത ആൾ…കാരണമറിയാത്ത അകൽച്ചകൾ സൃഷ്ടിയ്ക്കാൻ ഫെലിക്സിനായിരുന്നു ഏറെ തിടുക്കം …സലോമി എന്നും അലന് സ്വന്തമായിരുന്നു ഹൃദയത്തിന്റെ സിരകൾ പൊട്ടി രക്തമൊലിക്കുന്ന തീവ്രതയിൽ ആദ്യരാത്രി യിൽ കണ്ണുകളിൽ നിന്നും ഉതിർന്നത് ശുഭ്രരക്തം തന്നെയായിരുന്നു ….”നിങ്ങൾ എന്തിനാണ് എന്നെ വിവാഹം കഴിച്ചത്?? ”

പല രാത്രികളിലും അവളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ഫെലിക്സിനെ നോക്കി സലോമി നിർവികാരതയോടെ ചോദിച്ചിരുന്നു…” അതാണ് എനിക്കും നിന്നിൽ നിന്നറിയേണ്ടത്..!!”പുഞ്ചിരിയോടെ അയാൾ അവളെ മറികടന്നു പോകുമ്പോൾ ആത്മനിന്ദയുടെ അങ്ങേയറ്റം അവളിൽ സൃഷ്ടിയ്ക്കപ്പെട്ടുകൊണ്ടേയിരുന്നു…അയാൾ ഒരു പുരുഷൻ ആയിരിക്കില്ല സമീ …

അല്ലെങ്കിൽ ഇരുപതു കഴിഞ്ഞ പെണ്ണിനെ കഴിഞ്ഞ ഇരുപതു രാത്രികളിലും ഒരു മുറിയിൽ തനിച്ചു കിട്ടിയിട്ടും തൊട്ടു തലോടാതെ ഭദ്രമായി വയ്ക്കുമോ…?? “ഫെലിക്സിനോടുള്ള പുച്ഛം കളിയാക്കലായി പരിണമിച്ചപ്പോൾ താൻ എന്തിനാണ് അലനോട് ദേഷ്യപ്പെട്ടത്..??ഓരോ വാരാന്ത്യത്തിലുംതനിയ്ക്കായി അലൻ പങ്കുവച്ചിരുന്ന നനുത്ത ടുലിപ്പിന്റെ ചെണ്ടുകളെ കാത്തിരുന്ന സലോമി അതേ മൊട്ടുകളെ ചവിട്ടിയരച്ചതെന്തിനായിരുന്നു..??അന്നാദ്യമായി ഫെലിക്സ് എന്ന പേരിനോട് ആണത്തമില്ലായ്മയെ ഉപമിച്ചപ്പോൾ തന്റെ ഉള്ളം പിടഞ്ഞു…. !!

ഈ വീടെന്റെയാണ്… വീട്ടിലുള്ളവയും…. ഒക്കെയും എനിക്ക് മാത്രം അവകാശപ്പെട്ടത്…!!നിന്റെ തലമുടി പടർന്നു കിടക്കുന്ന തലയിണയ്ക്കകത്തെ പഞ്ഞിക്കെട്ടു പോലും എനിയ്ക്ക് സ്വന്തം…ഈ ഒരാവകാശം എന്ന് നീ എന്റെ മേൽ കാണിക്കുന്നുവോ അന്നീ കാണുന്നതിനെല്ലാം എന്നേക്കാൾ അവകാശം നിനക്ക് മാത്രമായിരിക്കും സലോമി…!!”ഫെലിക്സ് പറഞ്ഞു തീർത്ത വാക്കുകൾ..

ഭക്ഷണം വിളമ്പുമ്പോഴോ സാധന ങ്ങൾ കൈമാറുമ്പോഴോ മറ്റുള്ളവർക്ക് മുൻപിൽ ഒന്നഭിനയിക്കാൻ പോലുമോ ഫെലിക്സിന്റെ കൈകൾ തന്റെ നീണ്ട വിരലുകളെ പ്രാപിച്ചിട്ടില്ല.. !!”എനിയ്ക്ക് പുതിയൊരു കാമുകി ഉണ്ടെന്നറിഞ്ഞാൽ എന്തായിരിക്കും നിന്റെ പ്രതികരണം…?? “വിരിച്ചുകൊണ്ടിരുന്ന ബെഡ്ഷീറ്റ് കുടഞ്ഞെറിഞ്ഞു സലോമി തിരിഞ്ഞപ്പോഴേക്കും അതുവരെ അവളെ സാകൂതം വീക്ഷിച്ചിരുന്ന അയാളുടെ നോട്ടവും താഴ്ന്നിരുന്നു…

“കുറച്ചു നാളായി എന്നെ പ്രണയിക്കയാണത്രെ…പറയാൻ അവൾക്ക് ധൈര്യം കിട്ടാഞ്ഞതോ ഞാൻ അറിയാതെ പോയതോ.. നിശ്ചയമില്ല…!!ഇന്നാണ്അറിഞ്ഞത്…പിടിച്ചു നിർത്തി എന്നോട് ഇഷ്ടം പറഞ്ഞു…”പേരെന്താണ്..?? “അത് ചോദിച്ചപ്പോൾ സലോമിയുടെ ശബ്ദം ഇടറിയിരുന്നു…”അതൊക്കെനീയെന്തിനറിയണം..?? നിനക്കെന്നെ വേണ്ടല്ലോ…”അയാൾ പുഞ്ചിരിച്ചിരുന്നു…

അതിൽ പുച്ഛം നിറഞ്ഞിരുന്നുവന്നു വ്യക്‌തം…അത് തനി ക്കു വേണ്ടിയുള്ളതെന്നു അനുമാനിക്കവേയാണ് അടുത്ത വാചകം..ഒറ്റപ്പെടൽ അല്ലാതെ എനിക്കിപ്പോൾ എന്നോട് തോന്നുന്ന മറ്റൊരു വികാരമുണ്ട് സലോമി.. സ്വന്തം അവസ്ഥയോടുള്ള സഹതാപം.. വെറുപ്പിനേക്കാൾ ഒറ്റപ്പെടലിനേക്കാൾ ഏറ്റവും അപകടകരമായത് ഒരർഥത്തിൽ സഹതാപം തന്നെയല്ലേ… !!

ഒരുവട്ടമെങ്കിലും നിന്റെ കൂടെ ബെഡ് ഷെയർ ചെയ്യാൻ കഴിഞ്ഞാലേ ഞാൻ ഒരു പുരുഷനാവുള്ളൂ എന്ന തോന്നൽ നിനക്കും ഉണ്ടോ സലോമി… “വാക്കുകൾ കിട്ടിയില്ല..കാതിലടിച്ചുയർന്ന അക്ഷരങ്ങൾക്ക് അത്രത്തോളം ശക്തിയുടെ തോത് കൂടുതലായിരുന്നു….അലന്റെ വാക്കുകൾ അതേപടി ഫെലിക്സിന്റെ നാവിൽ നിന്നുതിർന്നപ്പോൾ പാദം ചവിട്ടിയ പൂഴി പിളർന്നു അന്തർധാനം ചെയ്യാൻ മോഹിച്ചുപോയി..”വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ ഉദരം പൊന്തിവരുന്നതിലാണ് ഭർത്താവിന്റെ ആണത്തമെന്നു കരുതുന്ന വിഡ്ഢിപരിഷകളോട് എന്ത് പറയാൻ.. !!”

നനഞ്ഞ ടർക്കി തോളിലൂടെ ചുറ്റിവരിയിച്ചുകൊണ്ട് ഫെലിക്സ് അതുപറയുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും അലനെ മറന്നുപോയതിൽ സ്വയം ശപിച്ചുപോയവളായിരുന്നു സലോമി..അലന്റെ ഇരുപതു രാത്രികളിലെ സംശയ നിവാരണം സ്വയം അവനിൽ അർപ്പിച്ചുകൊണ്ട് തെളിയിച്ചു കൊടുക്കേണ്ടി വരണമെന്നായപ്പോൾ ആദ്യമായി അലന്റെ സമീ മരിച്ചുവീണു….വിരൽ തുമ്പിൽ പോലും വിരൽ കൊണ്ട് തൊടാതെ ഇരുപതു ദിവസത്തെ മാത്രം വിശ്വാസ്യതയിൽ തന്നോടൊപ്പം ജീവിച്ച ഫെലിക്സിന്റെ സലോമി ജന്മം പൂണ്ടു….

അന്ന് തൊട്ടിന്നുവരെ ഒരു നോട്ടത്തിനോ വാക്കിനോ വേണ്ടി പ്രാണനോളം തുടിച്ചിട്ടുണ്ടെങ്കിലും ഫെലിക്സ് ഒരു കയ്യകലത്തിൽ മാറ്റിനിർത്തി…. അല്ലെങ്കിൽ ഒരു കയ്യകലത്തിൽ അടുത്തുനിർത്തിയോ…??
എന്താണ് മനസ്സിലാക്കേണ്ടത്…ദ്യമായി ഫെലിക്സിന്റെ ഗന്ധം ശ്വസിക്കണമെന്ന് തോന്നി…

ഹാങ്ങറിൽ തൂക്കിയിട്ടിരുന്ന ഓരോ ഷർട്ടുകളും നാസികയോടടുപ്പിച്ചടുപ്പിച്ചു അവ തരുന്ന ഗന്ധത്തിൽ ശ്വാസം മുട്ടി ഇല്ലാതായാലും മതിയാവുമെന്ന് തോന്നിയിടത്തായിരുന്നു പ്രണയം തുടങ്ങിയത്..പക്ഷെ കൈതട്ടി നിലത്തേക്ക് വീണ കുറച്ചു മരുന്ന് പായ്ക്കറ്റുകളിൽ നിന്നും മനസ്സിലായത് തന്നോടുള്ള അയാളുടെ പ്രണയം എത്ര മാത്രം ഫെലിക്സിനെ നശിപ്പിച്ചുകൊണ്ടിരുന്നു എന്നായിരുന്നു…

ഡിപ്രെഷന്റെ പടു ഗർത്തങ്ങളിലേക്ക് ഒരു ചെറുപ്പക്കാരനെ തള്ളിവിട്ടുകൊണ്ട് മുൻകാല കാമുകനെ കുറിച്ച് കിനാവ് മെനഞ്ഞ സലോമിയെ അവൾ തന്നെ വെറുത്തിരുന്നു..”എന്തുകൊണ്ടാണ് എന്നോട് ഒന്നും പറയാഞ്ഞത്..?? “ഉറക്കഗുളികകളും ടോണിക്കുകളും അയാളുടെ മുന്നിലേക്ക് വാരിയിട്ടുകൊണ്ട് സലോമി പൊട്ടിത്തെറിച്ചപ്പോൾ ഫെലിക്സ് പുഞ്ചിരിച്ചു…” എന്നെ കേൾക്കുവാൻ അന്ന് നീയുണ്ടായിരുന്നില്ല… ഇന്ന് നീ തട്ടിയെറിഞ്ഞ ഓരോ മരുന്നുകഷ്ണങ്ങളും അന്നെന്റെ കൂടെയുണ്ടായിരുന്നവരായിരുന്നു…

നീ എന്റെ ശരീരത്തിൽ തൊട്ടില്ലെങ്കിലും എന്റെ ശരീരത്തിനകത്തേക്ക് ഇറങ്ങി ചെന്ന് എന്നെ അലിയിക്കാൻ മടി കാട്ടാതിരുന്ന എന്റെ കാമുകിമാർ…നീയവരെ ഇങ്ങനെ അപമാനിക്കരുതായിരുന്നു..”അയാൾ ഉറക്കെ ചിരിച്ചുകൊണ്ട് ഓരോ ഗുളികകളായി പെറുക്കിയെടുക്കുന്നുണ്ടായിരുന്നു…ഓരോ രാവും അവൾ കാൺകെ ഉറക്ക ഗുളികകൾ ഒന്നാകെ വിഴുങ്ങുമ്പോൾ അയാളോടൊപ്പം ശരിയ്ക്കും ഏതോ കാമുകിമാർ ശയിക്കുന്ന തരം തോന്നലുണ്ടായിപ്പോയി അവൾക്ക്…

തന്നിലെ സ്ത്രീയെ ആ ഗുളികകൾ നോക്കി പല്ലിളിക്കുന്നതു പോലെ…
എല്ലാത്തിനെയും ലാഘവത്തോടെ മാത്രം കണ്ടിരുന്ന അയാൾ തകർന്നു വീണത് സ്വന്തം അമ്മയുടെ മരണവാർത്ത അറിഞ്ഞു മാത്രമായിരുന്നു….ഒറ്റപ്പെടലിൽ നിന്നും വീണ്ടും ഒറ്റപ്പെടലിലേക്ക് ദിക്കറിയാതെ അയാൾ പരവശപ്പെട്ടു..അന്നാദ്യമായി അയാളുടെ കയ്യിൽ നിന്ന് ഗുളികകൾ തട്ടിയെറിഞ്ഞപ്പോൾ ഫെലിക്സ് സലോമിയെ സ്പർശിച്ചു…

അഞ്ചു വിരലുകൾ മൂന്നുവർഷത്തെ ഇരുശരീരങ്ങളുടെയും കാത്തിരുപ്പ് അവസാനിപ്പിക്കാനെന്ന പോലെ അവളുടെ കവിളിൽ പതിഞ്ഞു…. നീയാരാണ് എന്നെ തടയാൻ…??എന്റെ ഭാര്യ ആണോ… !!ഒരിയ്ക്കലെങ്കിലും ആയിട്ടുണ്ടോ..??മേലിൽ എന്റെ മുൻപിൽ വന്നുപോകരുത്…”ദേഷ്യവും അടിയും ഒന്നിനുമേൽ ഒന്നെന്ന പോലെ അവളിൽ വർഷിക്കുമ്പോഴും അവൾക്കു മുന്നേ അയാൾ കരഞ്ഞു തുടങ്ങിയിരുന്നു….

“ഈ ലോകത്ത് ഞാൻ രണ്ടു സ്ത്രീകളുടെ സ്പര്ശനം മാത്രമേ ഇത്രയും വൈകാരിതയോടെ അറിഞ്ഞിട്ടുള്ളു….എന്റെ അമ്മ എന്നെ തലോടുമ്പോൾ…മറ്റൊന്ന് നിന്നെ മിന്നു കെട്ടുമ്പോൾ അറിയാതെയെങ്കിലും നിന്റെ വലം കൈ എന്റെ ഇടം കയ്യോടു ചേർത്തുവച്ചപ്പോൾ … “പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അയാൾ നിലത്തേക്ക് ഊർന്നുവീഴുമ്പോഴേക്കും സലോമിയും അയാളോട് പറ്റിച്ചേർന്നുപോയിരുന്നു..

“അവസാനമായി ഞാൻ നിന്നെ ഒന്നനുഭവിച്ചോട്ടെ സലോമി…!!നിന്റെ മടിയിലെന്നെ ഒന്ന് കിടത്താമോ…”പ്രതീക്ഷയോടെ അയാളുടെ കൺപീലികൾ അവളെ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു…വിയർപ്പ് നിറഞ്ഞ തലമുടിയിഴകളിലൂടെ വിരലോടിക്കുമ്പോഴേക്കും ഒരു കുഞ്ഞിന്റെ അമ്മയോടെന്ന പോലെയുള്ള പരാതികളും കെട്ടഴിക്കാൻ തുടങ്ങിയിരുന്നു.. എനിക്ക് ഭക്ഷണം വാരിത്തരാമോ സലോമി… എന്റെ അമ്മയപ്പോലെ…

എന്നോട് തല്ലു കൂടണം എന്റെ പിറക്കാതെ പോയ അനുജത്തിയെപ്പോലെ…ഓരോ തെറ്റിലും എന്നെ ശകാരിക്കണം….ഒരിക്കൽ ഞങ്ങളെ ഉപേക്ഷിച്ചു പോയ പക്ഷെ എന്നും ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന അച്ഛനെപോലെ…ഇത്രയൊക്കെയേ നിന്നിൽ നിന്ന് അനുഭവിയ്ക്കുവാൻ ഞാൻ ആഗ്രഹിച്ചിട്ടുള്ളു…അതുപോലും നീ നിഷേധിച്ചപ്പോൾ എനിയ്ക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു പോയെടി… !!എനിക്ക് നഷ്ടപ്പെട്ടു പോയതെല്ലാം നിനക്ക് വീണ്ടെടുത്തു തരാമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ എന്നെ വീണ്ടും ചേർത്തുപിടിയ്ക്കാവൂ നീയ്.. ”

കരഞ്ഞുകൊണ്ട് അയാൾ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തുമ്പോൾ കഴുത്തോട് ചുറ്റിക്കിടന്ന താലി അവൾ ഫെലിക്സിന്റെ ഇടനെഞ്ചിനു നേരെ പതിച്ചു…ഒരമ്മയ്ക്ക് ഒരുപക്ഷെ സഹോദരിയും ഒരു സഹോദരിക്ക് ഒരുപക്ഷെ അമ്മയെ പോലെയും അവാൻ കഴിഞ്ഞേക്കാം…പക്ഷെ ഫെലിക്സിന്റെ ഭാര്യ എന്ന ഈ സലോമിക്ക് മാത്രമേ ഒരേ സമയം അമ്മയും സഹോദരിയും കാമുകിയും ഭാര്യയും ഒക്കെയാകുവാൻ കഴിയുള്ളൂ…

ആ അവകാശം എന്നെന്റെ മേൽ നിങ്ങൾ  പതിക്കുന്നുവോ അന്ന് മാത്രമേ മറ്റെന്തുമായി മാറാൻ ഈ സലോമിക്ക് കഴിയുള്ളൂ ഫെലിക്സ്…!!”ഇറുകെ പുണർന്നുകൊണ്ട് സലോമി ഫെലിക്സിന്റെ ഹൃദയത്തിനരികിൽ ഏങ്ങലടിക്കുമ്പോൾ ഫെലിക്സിന്റെ കൈകളിലെ വെളുത്ത ഗുളികകൾ ഒന്നായി ആയുസ്സറ്റു ഞെരിഞ്ഞമർന്നു…സലോമിയുടെ നീണ്ട മുടിയ്ക്കുള്ളിൽ വീണ്ടും മുഖം ഒളിപ്പിക്കുമ്പോഴും ഫെലിക്സ് പുഞ്ചിരിക്കാൻ വീണ്ടും പഠിച്ചുതുടങ്ങിയിരുന്നു…..!!

രചന ലച്ചൂട്ടി ലച്ചു

Leave a Reply

Your email address will not be published. Required fields are marked *