വൈഫിന് ഒരു സർപ്രൈസ് നല്കണം എന്ന് കരുതിയാണ് ഗൾഫിൽ നിന്നും ഇത്തവണ പറയാതെ വന്നത്

നമോവാകം : മനോജ് കുമാർ കാപ്പാട് കുവൈറ്റ്

വൈഫിന് ഒരു സർപ്രൈസ് നല്കണം എന്ന് കരുതിയാണ് ഗൾഫിൽ നിന്നും ഇത്തവണ പറയാതെ വന്നത് . എന്നാൽ അത് ശരിക്കും എട്ടിന്റെ പണിയായിപ്പോയി .

അവള് വാതിലും പൂട്ടി എങ്ങോ പോയിരിക്കുന്നു . ഇനി പുറത്ത് ഇരിക്കൽ തന്നെ രക്ഷ . (അല്ലെങ്കിലും നമ്മള് ഗൾഫ്കാര് എന്നും പുറത്താണല്ലോ )

അവളെ ഒന്ന് വിളിക്കാം എന്ന് കരുതിയാൽ അതും നടപ്പില്ല . ഗൾഫിലെ സിം ഇവിടെ മൗനവ്രതം എടുത്ത് കളയും . യാത്രാ ക്ഷീണവും വിശപ്പും ശരിക്കും തളർത്തുന്നുണ്ട് .

യുട്യൂബിലെ സർപ്രൈസ് വിസിറ്റുകൾ കണ്ടു ഹരം കയറി ചെയ്ത് പോയതാണ് പൊന്നോ !!!!!!!! . ഇനി സുമ്പറോളം വട്ടം കണ്ടാലും ഈ പണിക്കു നമ്മളില്ലേ !!!!

സമയം സന്ധ്യയോട് അടുക്കുന്നു . എന്നാലും ലവൾ ഇതെവിടെപ്പോയി എന്ന് ചിന്തിച്ചിരിക്കുമ്പോൾ മതിലിനു മുകളിൽ ഒരു തല പൊന്തി . അടുത്ത വീട്ടിലെ ബീരാൻ കുട്ടിക്കയാണ്

” അള്ളോ … ഇയ്യ്‌ ഇതിപ്പോ എപ്പളെ എത്തിയേ ”

” കുറച്ചു നേരായി ബീരാനിക്കാ … ”

“ഞ് പൊരന്റെ അകത്തേക്കു കേറില്ലേ ”

“അതെങ്ങിനെ അവള് വീടും പൂട്ടി നാട് വിട്ടിരിക്കയല്ലേ !!!!”

” ങേ !! അത് പണി ആവൂല്ലൊ .. നീ അവളോട്‌ ഇന്ന് വരുന്ന വിഷയം പറഞ്ഞിരുന്നില്ലേ…? ”

“ഉം ” ഞാൻ എങ്ങും തൊടാതെ മൂളി . (വെറുതെ എന്തിനാ താൻ കുഴിച്ച കുഴിയിൽ ഞാൻ തന്നെ വീണു എന്ന് പറയുന്നത് . പക്ഷെ ആ കളവ് പണിയായി . വലിയ പണി !!!!!)

എന്റെ മൂളലിന് ബീരാൻക്കയും തിരിച്ചു ഒന്ന് അമർത്തി മൂളി . പിന്നെ മൈലാഞ്ചി പെയിന്റടിച്ചു ചുവപ്പിച്ച തല തിരിച്ചു സ്വന്തം വീട്ടിലേക്കു നോക്കി നീട്ടി വിളിച്ചു ” ഐശോ ……..നീ ആ ഫോൺ ഇങ്ങെടുത്തെ ”

ഐശു മൂപ്പരെ വീടാരാ (അതായത് ഭാര്യ ) ഐശുതാത്ത അപ്പുറം വന്നു കാണണം കാരണം മൂപ്പരുടെ കയ്യിൽ ഇപ്പോൾ ഫോൺ കാണാം .

“നീയ്യ് … ഓളെ നമ്പർ ഒന്ന് പറഞ്ഞേ .”

ഞാൻ നമ്പർ പറഞ്ഞു . മൂപ്പര് ഒന്ന് രണ്ടു പ്രാവിശ്യം വിളിച്ചു നോക്കി . പിന്നെ തെല്ല് അതിശയോത്തോടെ എന്നെ നോക്കി .

” ഫോൺ ഓഫാണെല്ലോടാ …!!!”

” അത് ബാറ്ററി തീർന്നിട്ട് ഓഫ്‍യതായിരിക്കും ഇക്കാ ”

” ഓഫായി പോയത് തന്നെ ആയിരിക്കും … അല്ലെ ?????”

അതെന്താ ബീരാൻക്കാ അങ്ങിനെ ഒരു വർത്താനം ”

“അല്ല . നീ വരും എന്നറിഞ്ഞിട്ടും…!!!!! ” അയാൾ പാതിക്ക് വെച്ച് നിർത്തിയിട്ടു കന്മതിലിലേക്കു കയറി ഇരുന്നുകൊണ്ട് തുടർന്നു ” പിന്നെ സുബൈറെ ഇപ്പോഴത്തെ കാലല്ലേ ..”

” ഇങ്ങള് ബേണ്ടാത്തതൊന്നും ആ കുട്ടീനോട് പറയണ്ടാന്ന് ..അത് കണ്ണെത്താ ദൂരത്തിന്ന് വന്നിട്ട് ” മതിലനപ്പുറം ഐശുതാത്തയുടെ ശബ്ദം പതിഞ്ഞ സ്വരത്തിൽ കേൾക്കാം .

” ഹ അതാപ്പോ നന്നായെ .. നീ അകത്തേക്ക് പോ ഐശു ” അവരുടെ ശബ്ദത്തിനു അയാൾ കൊളുത്തിട്ടു

ബീരാൻക്കാ വീണ്ടും എന്നെ നോക്കി പിന്നെ പെട്ടന്ന് ഇടവഴിയിലേക്ക് നോക്കി നീട്ടി വിളിച്ചു ” ഹൂയി…. ഗോപാ ലൻ മൂപ്പരെ ഇങ്ങള് ഇങ്ങോട്ട് ഒന്ന് വന്നേച്ചും പോയിപ്പാ ”

വിളി കേട്ട് ചെമ്പോത്തിന്റെ കണ്ണുള്ള ഗോപാലൻ മൂപ്പര് വീടിന്റെ ഗെയിറ്റ് തള്ളി തുറന്നു വന്നു .വന്നപാടെ മതിലിനു മുകളിരുന്നു ബീരാനിക്കാ സംഭവങ്ങൾ മുഴുവനും തുള്ളി കളയാതെ വിളമ്പി . ഇഷ്ട വിഭവം കിട്ടിയത് കൊണ്ടാവണം ഗോപാലൻ മൂപ്പര് ആസ്വദിച്ച് ഇടക്ക് കയറി ഒന്നു പറയാതെ കഴിച്ചത് .

ബീരാനിക്കാ പറഞ്ഞു നിർത്തിയ പാടെ ഗോപാലേട്ടൻ മുണ്ടും മടക്കി കുത്തി കോലായിൽ കയറി ഒരു പോലീസ് കാരന്റെ ശുഷ്കാന്തിയോടെ മൊത്തം അരിച്ചു പെറുക്കി . അയാൾ എന്താണ് തിരിയുന്നതെന്ന് എനിക്ക് പിടി കിട്ടിയില്ല!!.

” താക്കോലിനാണെങ്കിൽ നിങ്ങള് അവിടൊന്നും തപ്പീട്ടു കാര്യല്ല്യ ഗോപാ ലേ ട്ടാ … ഒന്ന് രണ്ടു വട്ടം ഞാൻ നോക്കിയതാ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

ഗോപാലേട്ടൻകുറച്ചു സമയം കൂടെ അവിടെ മണം പിടിച്ചു നടന്നു പിന്നെ നിരാശയോടെ പുറത്തേക്കിറങ്ങി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു .

” അല്ല ബീരാനെ … ഞാൻ ഒന്ന് തപ്പി നോക്കിയതാ വല്ല കത്തും എഴുതി വെച്ചിട്ടാണ് അവള് പോയതെങ്കിലോ !! ”

” നീ അതും ഇതും പറയാതെ ഗോപാലാ . ആ ചെക്കനെ ബേജാറാക്കണ്ട ” ബീരാനിക്കാ പതുക്കെ രണ്ടു കാലുകൾ എന്റെ പറമ്പിന്റെ ഭാഗത്തേക്ക് ഇട്ടു കൊണ്ട് ഇരുപ്പുമാറ്റി.

” ഇങ്ങള് പത്രം ഒന്നും വായിക്കാറില്ലേ ബീരാനിക്കാ .”

” അതും ശരിയാണ്!!!!!!!! . പിന്നെ കുറ്റം പറയാണെന്ന് വിചാരിക്കരുത് മോനെ . ഓൾക്ക് ഈ അടുത്ത കാലത്തായി ഫോൺ വിളി കുറച്ചു കൂടുതലാണ് . ”

“ഉം …” ഞാൻ ഒന്ന് അമർത്തി മൂളി. ആ മൂളലിൽ അവർ കൊളുത്തിയ വെടിമരുന്നിനു തീപിടിച്ചു എന്ന് കരുതിയത് കൊണ്ടാവണം ബീരാനിക്കാ പതുക്കെ കന്മതിലിൽ നിന്നും ഊർന്നു ഇറങ്ങി എനിക്കരുകിലെത്തി

” ഓള് ഇപ്പൊ സാരി മാറ്റി ചുരിദാറു ആക്കിയപ്പോളേ എനിക്കു മണത്തതാ … എന്തോ പന്തികേട് ഉണ്ടെന്നു ”

” അത് ഉള്ളതാ … അവരെ ഇഷ്ടത്തിന് വിടരുത് .. ഇത് പോലെ പണി കിട്ടും ” ഗോപാലേട്ടൻ അറിഞ്ഞോ അറിയാതെയോ പെട്ടന്നങ്ങു പറഞ്ഞു .

” അത് കൊള്ളാലോ ഗോപാലേട്ടാ .. എനിക്ക് പണി കിട്ടീന്നാ നിങ്ങള് പറഞ്ഞു വരുന്നത് .

” ഞാൻ എനിക്ക് തോന്നിയത് പറഞ്ഞന്നേ ഉള്ളൂ “. അയാൾ കൈ മലർത്തി കൊണ്ട് പറഞ്ഞു

” നിങ്ങൾക്ക് തോന്നിയത് ഒക്കെ തന്നെയാണല്ലോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് . ”

“അതല്ല സുബൈറേ പെണ്ണുങ്ങൾക്ക് അധിക സ്വാതന്ത്ര്യം . പിന്നെ അവരെ നമ്മള് പിടിച്ചിടത്ത് കിട്ടില്ല” എന്റെ ക്ഷമ കെട്ടു തുടങ്ങി .

“ഇനി ഞാൻ ഒരു കാര്യം പറയാം . പോയത് എന്റെ ഭാര്യയാണ് . ….” ഞാൻ അത് മുഴുമിപ്പിക്കും മുൻപേ പുറത്ത് ഒരു ഓട്ടോറിക്ഷ വന്നു നിർത്തി .അതിൽ നിന്നും അവൾ പുറത്തിറങ്ങി ഓട്ടോ ഡ്രൈവർക്ക് കാശ് കൊടുത്തു തിരിഞ്ഞത് എന്റെ മുഖത്തേക്ക് .

പെട്ടന്ന് പരിസരം മറന്നവൾ മുഖം പൊത്തി . സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞുവരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു . ഒരു നിമിഷം മേൽപ്പോട്ട് നോക്കി അവൾ ദൈവത്തിനു നന്ദി പറഞ്ഞു . പിന്നെ ഓടി വന്നു പരിസരം മറന്നവളെപ്പോലെ എന്നെ കൂട്ടിപ്പിടിച്ചു കളഞ്ഞവൾ .

എന്നോടുള്ള അതിയായ സ്നേഹ കൊണ്ട് അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് എനിക്കു തൊട്ടറിയാമാറിയിരുന്നു .കുറച്ചു നേരം അവളെ എന്നിലേക്ക്‌ ചായാൻ അനുവദിച്ചതിനു ശേഷം പതുക്കെ അവളുടെ മുഖം പിടിച്ചു ഉയർത്തി ചെവിയിൽ പറഞ്ഞു

” ടീ … ആറാംപിറന്നോളെ ചുറ്റിലും ആളു നിൽക്കുന്നത് നീ കണ്ടില്ലേ ”

അവൾ അപ്പോഴാണ് മറ്റുള്ളവരെ കണ്ടത് . അത് വരെ അവളും ഞാനും മാത്രമുള്ള മറ്റൊരു ലോകത്ത് ആയിരുന്നു അവൾ .

” എന്നാലും എന്റെ ഇക്കാ …… ഇങ്ങെക്കൊരു വാക്കു പറഞ്ഞൂടായിരുന്നോ ? ഭക്ഷണോം വെള്ളോം ഇല്ലാണ്ട് ഇങ്ങള് ഇത്രേം നേരം പുറത്തിരിക്കേണ്ടി വന്നില്ലേ ? ” അവൾ എന്റെ പിടിവിട്ടു കൊണ്ട് സങ്കടത്തോടെ പറഞ്ഞു .

” അത് സാരമില്ലെടി ..വയറു നിറയെ ഈ നിൽക്കുന്നവർ എനിക്ക് തന്നിട്ടുണ്ട് ”

” എന്ത് ” അവൾ അതിശയത്തോടെ ചോദിച്ചു

“ആ അതൊക്കെ ഉണ്ട് . അപ്പൊ എങ്ങിനെയാ ? എന്റെ ഒളിച്ചോടിപ്പോയ ഭാര്യ തിരിച്ചു വന്ന നിലക്ക് നിങ്ങള് രണ്ടാളും ഇറങ്ങുകയല്ലേ “.

“ഒളിച്ചോടിപ്പോയോ ആര് ഇക്കാ ? ”

“ഹ ഹാ നീ തന്നെ … ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

” പടച്ച തമ്പുരാനേ … ഞാൻ നിങ്ങളെ ഉമ്മാനെ ഡോക്ടറെ കാണിക്കാൻ പോയതല്ലായിരുന്നോ ? ഉമ്മയെ തറവാട്ടിലാക്കി തിരിച്ചു വരുമ്പോ തൈക്കാട്ടെ ഉത്സവം . റോഡ് നിറയെ ആളോള് . മൂന്ന് മണിക്കൂറാ അവിടെ കിടന്നത് !!!!!”” അവൾ തലയിൽ കൈവെച്ചു .

ഗോപാലേട്ടനും , ബീരാനിക്കയും പതുക്കെ ഗേറ്റ് തുറന്നു സ്‌കൂട്ടാവാനുള്ള പുറപ്പാടിലാണ് .

” നിങ്ങള് രണ്ടാളും ഒന്ന് നിന്നേ. വണ്ടി വിടുന്നതിനു മുൻപ് ഫ്രീ ആയി കുറച്ചു ഉപദേശങ്ങൾ തരാം .

നമ്പർ വൺ : മറ്റുള്ളോന്റെ ഭാര്യ ചുരിദാറിടുണോ സാരി ഉടുക്കണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല . അതിനു അവരുടെ ഭർത്തക്കൻമാർക്ക് പോലും ഒരു പരിധിയിൽ കവിഞ്ഞു അധികാരം ഇല്ല. .

നമ്പർ റ്റു : എന്റെ ഭാര്യക്ക് കുറച്ചൊക്കെ സ്വാതന്ദ്ര്യം കൊടുക്കാറുണ്ടെന്നു അന്തസോടെ പറയുന്ന നിങ്ങളെപ്പോലുള്ള ഭർത്താക്കൻമാർ മനസിലാക്കേണ്ടത് അവരുടെ സ്വാതന്ത്ര്യം തന്റെ കൈയ്യിൽ സൂക്ഷിച്ചു വെച്ചിട്ടു തോന്നുമ്പോൾ എടുത്ത് കൊടുക്കേണ്ട വസ്തുവല്ല എന്നതാണ് . കാരണം അവരും നിങ്ങളെപ്പോലെ ഒരു വ്യക്തിത്വം ആണ് .അല്ലാതെ നിങ്ങളുടെ അടിമ അല്ല ഓരോ ഭാര്യമാരും .”

ഞാൻ പതുക്കെ അവരെ പുറത്താക്കി ഗെയിറ്റടച്ചു കൊണ്ട് തുടർന്നു

” സ്ത്രീയും അവളോട് ചേർന്ന എന്ത് പ്രവൃത്തിയും സെക്സ്‌നോട് മാത്രമായി കൂട്ടി, വായിച്ചു ശീലിച്ച നിങ്ങൾക്കൊക്കെ കാമം തീർക്കാനുള്ള വെറുമെരു സെക്സ് ടോയി മാത്രം ആയിരിക്കാം നിങ്ങളുടെ ഭാര്യമാർ . എന്നാൽ എനിക്ക് അങ്ങിനെ അല്ല . എനിക്ക് ഞാൻ തന്നെയാണ് അവൾ .. ”

“അല്ലേടി …..??? ” ഞാൻ അവളെ തിരിഞ്ഞു നോക്കികൊണ്ട് അടിവരക്കായി ചോദിച്ചു

” ഉം അതിലെന്താ സംശയം …… ഞാനും.. നീയും ഇല്ല … ഇവിടെ ഞങ്ങൾ മാത്രം അല്ലെ ഇക്കാ ” അവൾ എന്റെ കയ്യിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ തൂങ്ങിപ്പിടിച്ചു കൊണ്ട് പറഞ്ഞു .

” ടീ ….നീ ഫിലോസഫി ഒക്കെ പഠിച്ചാല്ലോ??? ..!!!!”

“ഉം …ആരുടെ കൂടെയാണ് താമസം നോക്കണ്ടേ …ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്നല്ലേ ” അവൾ വാതിൽ ചാരിക്കൊണ്ടു പറഞ്ഞു .

ഇനി നിങ്ങളോടാണ് പറയാനുള്ളത്.ശ്രദ്ധിച്ചു കേൾക്കണം

വാതിൽ ചാരിയില്ലേ .?????

ഇനിയുള്ളത് അങ്ങിനെ വായിക്കാൻ കണ്ണിൽ എണ്ണ ഒഴിച്ച് നിൽക്കേണ്ട …. അപ്പൊ വണ്ടി വിട്ടോ…അല്ല പിന്നെ !!!!

Leave a Reply

Your email address will not be published. Required fields are marked *