മകനോടും ഭർത്താവിനോടും യാത്ര പറഞ്ഞ് ഇറങ്ങി കെഎസ്ആർടിസി ലഗേജ് വാതിൽ തട്ടി മരണം

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്കാനിയ ബസിന്റെ തുറന്നു കിടന്ന ലഗേജ് വാതിൽ തട്ടി വഴിയാത്രക്കാരി മരിച്ചു. ബത്തേരി കല്ലൂർ നാഗരംചാൽ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു (24)ആണു മരിച്ചത്. ദേശീയപാതയ്ക്കരികിലൂടെ നടന്നു പോവുകയായിരുന്നു യുവതി. ഇന്നലെ രാവിലെ ഒൻപതോടെ നാഗരംചാലിൽ ആണ് അപകടം. തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്നു ബസ്.

ബത്തേരിയിലെ സ്വകാര്യ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തും മുൻപ് വഴിയരികിലൂടെ നടന്നു പോവുകയായിരുന്നു. പിന്നിൽ നിന്നെത്തിയ ബസിന്റെ തുറന്നു കിടന്ന ലഗേജ് വാതിൽ ഇടിച്ചു തെറിച്ചു വീണ യുവതിയെ ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിഥുവിന്റെ ഭർത്താവ് മാസങ്ങൾക്കു മുൻപ് കാറപകടത്തിൽ പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. മകൻ അംഗിത്(2).

ബത്തേരി നഗരസഭയിലെ ശുചീകരണത്തൊഴിലാളി രാജന്റെയും ഷൈലയുടെയും മകളാണ് മിഥു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ലഗേജ് വാതിൽ പുറത്തേക്ക് ഒന്നര മീറ്ററോളമാണ് തള്ളിനിന്നത്. വാതിൽ തുറന്നു കിടന്നത് എങ്ങനെയെന്നു പരിശോധിക്കും. ബത്തേരി വരെ വാതിൽ അടഞ്ഞു കിടന്നിരുന്നുവത്രെ. പിന്നീട് കൊളുത്ത് വീഴാതിരുന്നതാണോ ഗട്ടറിലോ മറ്റോ വീണപ്പോൾ തുറന്നു വന്നതാണോ അപകടകാരണമെന്നും പരിശോധിക്കേണ്ടതുണ്ട്.

രണ്ടു വയസ്സുള്ള മകനോടും അപകടത്തിൽ പരുക്കേറ്റ് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ഭർത്താവിനോടും യാത്ര പറഞ്ഞ് ജോലിക്കിറങ്ങിയ മിഥു(24)വിനെ മരണം പുറകെ ചെന്ന് പിടികൂടുകയായിരുന്നു. കല്ലൂർ നാഗരം ചാൽ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു കെഎസ്ആർടിസി സ്കാനിയ ബസിന്റെ ലഗ്ഗേജ് വാതിൽ തട്ടി മരിച്ചത് നാട്ടുകാർക്കിനിയും ഉൾക്കൊള്ളാനായിട്ടില്ല. വീട്ടിൽ നിന്ന് 200 മീറ്ററോളം നടന്നാണ് മിഥു എന്നും ബത്തേരിയിലേക്ക് ബസ് കയറാൻ രാവിലെ കാത്തിരിപ്പു കേന്ദ്രത്തിലെത്താറ്.

കല്ലൂർ ഭാഗത്തേക്ക് നടക്കുമ്പോൾ മിഥുവിന്റെ വീടും ബസ്കാത്തിരിപ്പു കേന്ദ്രവും റോഡിന്റെ വലതു വശത്താണ് .എന്നാൽ ഇന്നലെ മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ എത്തുന്നതിന് മുൻപ് റോഡ് മുറിച്ചു കടന്ന് ഇടതു വശത്തു കൂടി നടക്കുകയായിരുന്നു. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ എതിർവശത്തുള്ള കടയിലേക്ക് എന്തെങ്കിലും വാങ്ങാൻ പോയതായിരിക്കുമെന്നാണ് നിഗമനം.

റോ‍ഡിന്റെ ഏറെ അരികു ചേർന്നു നടന്ന മിഥുവിനെയാണ് അശ്രദ്ധമായി തുറന്നിട്ട വാതിൽ അടിച്ചു തെറിപ്പിച്ചത്. ഒന്നര മീറ്ററോളം പുറത്തേക്ക് തള്ളിയ നിലയിലാണ് വാതിൽ തുറന്നു കിടന്നത്. സാധാരണ ദിവസങ്ങളിലേതു പോലെ മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് നടന്നിരുന്നെങ്കിൽ അപകടത്തിൽ പെടില്ലായിരുന്നു.

പരുക്കേറ്റ മിഥുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സാ സൗകര്യങ്ങളുടെ അഭാവം നിമിത്തം 100 കിലോമീറ്റർ മാറിയുള്ള കോഴിക്കോട്ടേക്ക് കൊണ്ടു പോകേണ്ടി വന്നു. ന്യൂറോ സർജനും ചികിത്സാ സൗകര്യവുംഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ മറിച്ചുള്ള സാധ്യതകളുമുണ്ടായിരുന്നെന്ന് പറയുന്നു. മിഥുവിന്റെ ഭർത്താവ് പ്രവീൺ 6 മാസം മുൻപാണ് കാറപകടത്തിൽ പെട്ട് കിടപ്പിലായത്. വീൽചെയറിലായിരുന്ന പ്രവീൺ അടുത്തിടെ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു തുടങ്ങിയതേയുള്ളു..

വീട്ടിലെ ബുദ്ധിമുട്ടുകൾ നിമിത്തമാണ് ബത്തേരിയിലെ പുതിയ വസ്ത്രശാലയിൽ ഒരു മാസം മുൻപ് ജോലിക്കു പോയിത്തുടങ്ങിയത്. ജോലി കഴിഞ്ഞ് രാത്രി 8 ആകുമ്പോഴാണ് മടങ്ങിയത്തെുക. രണ്ടു വയസുകാരൻ അംഗിത് രാത്രി എട്ടുവരെ എന്നും അമ്മയെയും കാത്ത് വരാന്തയിൽ തന്നെ നിൽക്കുമായിരുന്നെന്ന് അയൽവാസികൾ കണ്ണീരോടെ പറയുന്നു. എന്നാൽ ഇന്നലെ അവന്റെ അമ്മ എത്തിയതേയില്ല. ഇനിയൊരിക്കലും എത്തില്ലെന്നും അവന് അറിയികയുമില്ല

Leave a Reply

Your email address will not be published. Required fields are marked *