സ്ഥാപന ഉടമകളുടെ കാരുണ്യം വിവാഹ സമ്മാനമായി; സൂര്യ സുമംഗലിയാകുന്നു

സ്ഥാപന ഉടമകളുടെ കാരുണ്യം വിവാഹ സമ്മാനമായപ്പോൾ നിർധന തൊഴിലാളി യുവതിക്കു മംഗല്യഭാഗ്യം! പുത്തൂർ ചോയ്സ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരി ചുങ്കത്തറ പുളിന്തുണ്ടിൽ വീട്ടിൽ സൂര്യയാണ് (20) സ്ഥാപന ഉടമകളായ ഷെമീറിന്റെയും സുധീറിന്റെയും കാര്യണ്യത്താൽ സുമംഗലിയാകുന്നത്. ശാസ്താംകോട്ട മനക്കര അനീഷ്ഭവനിൽ ശിവൻ–അംബിക ദമ്പതികളുടെ മകൻ എസ്.അനീഷ് (26) ആണു വരൻ. മറ്റന്നാൾ രാവിലെ 10.35 നും 10.50നും മധ്യേ ചെറുമങ്ങാട് ചേരിയിൽ ദേവീക്ഷേത്രത്തിൽ വിവാഹം. സൂര്യയുടെ കുട്ടിക്കാലത്ത് അച്ഛൻ ഉപേക്ഷിച്ചു.

അമ്മ സതിക്കു നടക്കാനോ ജോലി ചെയ്യാനോ ശേഷിയില്ല. അപകടത്തെ തുടർന്ന് അവശതയിലായ മാതൃസഹോദരനും പ്രായത്തിന്റെ അവശതകൾ അലട്ടുന്ന മുത്തച്ഛനും ചേർന്നതാണ് കുടുംബം. പഞ്ചായത്തിൽ നിന്ന് അനുവദിച്ചു കിട്ടിയ വീട് സുമനസ്സുകളുടെ സഹായത്തോടെ വാസ യോഗ്യമാക്കിയെങ്കിലും വായ്പ എടുത്ത വകയിൽ വീടും വസ്തുവും ജപ്തി ഭീഷണിയിലാണ്. ചോയ്സ് ഗ്രൂപ്പ് പുത്തൂരിൽ സൂപ്പർമാർക്കറ്റ് തുടങ്ങിയതു മുതൽ ഇവിടെ ജീവനക്കാരിയാണ് സൂര്യ. ഒരിക്കൽ പുത്തൂരിൽ എത്തിയപ്പോഴാണ് അനീഷ് സൂര്യയെ കാണുന്നത്.

ഇഷ്ടം വീട്ടിൽ അറിയിച്ചെങ്കിലും വിവാഹം നടത്തിക്കൊടുക്കാൻ തക്ക സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല കുടുംബം. ഈ സങ്കടക്കഥ അറിഞ്ഞാണ് വധുവിന്റെ കാരണവൻമാരായി ഷെമീറും സുധീറും അനീഷിന്റെ വീട്ടിലെത്തി സംസാരിച്ചു കാര്യങ്ങൾ ഉറപ്പിച്ചത്. വിവാഹം നടത്തിത്തന്നാൽ മാത്രം മതിയെന്നായിരുന്നു വീട്ടുകാരുടെ പക്ഷം. പക്ഷേ 10 പവൻ സ്വർണവും 2 ലക്ഷം രൂപയും നൽകിയാണ് സൂര്യയെ കതിർമണ്ഡപത്തിലേക്ക് അയയ്ക്കുന്നത്. കല്യാണപ്പുടവ ഉൾപ്പെടെ എല്ലാ ചെലവും സ്ഥാപന ഉടമകളുടെ വകയാണ്. 1000 പേർക്കുള്ള സദ്യയും ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *